Theft | കാസർകോട് നഗരത്തിലെ 5 കടകളിലെ മോഷണവും കവർച്ചാ ശ്രമവും: 2 യുപി സ്വദേശികൾ അറസ്റ്റിൽ
● കടകളുടെ ഷടറുകൾ തകർത്താണ് മോഷണം നടത്തിയത്.
● വിലപിടിപ്പുള്ള സാധനങ്ങളും പണവും മോഷ്ടിച്ചു.
● ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് വ്യാപാരികളിൽ വലിയ ആശങ്ക സൃഷ്ടിച്ചിരുന്നു.
കാസർകോട്: (KasargodVartha) നഗരത്തെ ഞെട്ടിച്ച് കൊണ്ട് അഞ്ച് കടകളിൽ മോഷണവും കവർച്ച ശ്രമങ്ങളുമുണ്ടായ സംഭവത്തിൽ രണ്ട് ഉത്തർപ്രദേശ് സ്വദേശികൾ അറസ്റ്റിൽ. യുപി മഹാറിലെ അലാവുദ്ദീൻ ഖാൻ (28), ഇർഹാദ് ഖാൻ (29) എന്നിവരെയാണ് കാസർകോട് ടൗൺ പൊലീസ് അറസ്റ്റ് ചെയ്തത്. ഈ മാസം ഏഴിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
കടകളുടെ ഷടറുകൾ തകർത്ത് വിലപിടിപ്പുള്ള സാധനങ്ങൾ മോഷ്ടിക്കുകയായിരുന്നു ഇവരുടെ രീതി. തായലങ്ങാടി റയാൻ സിൽക്‌സ് ആൻഡ് ഡിസൈൻസ് എന്ന കടയിൽ നിന്ന് 2000 രൂപ വില വരുന്ന അഞ്ചോളം സാരികളും ഏകദേശം 4000 രൂപ വിലവരുന്ന വെള്ളി കോയിൻ, മേശവലിപ്പിൽ സൂക്ഷിച്ചിരുന്ന 200 രൂപയും കവർന്നിരുന്നു.
തായലങ്ങാടിയിലെ തന്നെ ചിലീസ് ഹൈപർ മാർകറ്റിന്റെ ഷടർ തകർത്ത് ഏകദേശം 10,000 രൂപയുടെ നഷ്ടം സംഭവിച്ചിരുന്നു. കെപിആർ റാവു റോഡിലെ ലുലു സിൽക്‌സ് കടയിലും, എംജി റോഡിലെ സ്മാർട് ടെക് മൊബൈൽ ഫോൺ കടയിലും, എംജി റോഡിലെ തന്നെ സ്വസ്തി മെഡികൽസ് എന്ന ഫാർമസിയിലും ഷടർ തകർത്ത് മോഷണ ശ്രമങ്ങൾ ഉണ്ടായിരുന്നു.
നഗരത്തിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് വ്യാപാരികളിൽ വലിയ ആശങ്ക സൃഷ്ടിച്ചിരുന്നു. കഴിഞ്ഞ ജൂൺ മാസത്തിൽ നടന്ന സമാനമായ മോഷണങ്ങളിൽ ഒരു പ്രതിയെ പൊലീസ് പിടികൂടിയിരുന്നു. എല്ലാ കടകളിലും സിസിടിവി വെക്കണമെന്നും പൊലീസ് രാത്രികാല പട്രോളിംഗ് ശക്തമാക്കണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്. പിടിയിലായവരിൽ ഒരാൾ കാസർകോട് നഗരത്തിൽ ജോലി ചെയ്തിരുന്നുവെന്നാണ് വിവരം. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
#Kasaragod #burglary #theft #arrest #Kerala #crime