Crime | 'മസ്ജിദിലെ ഖത്തീബിന്റെ മുറിയിൽ നിന്ന് 30,000 രൂപ മോഷ്ടിച്ചു'; 2 കൗമാരക്കാർക്കെതിരെ കേസ്; ഒരാൾ പിടിയിൽ

● സംഭവം പെരുമ്പളക്കടവിലെ മുഹ്‌യുദ്ദീൻ ജുമാ മസ്‌ജിദിൽ
● ഇരുവരും വന്ന ബൈക് പള്ളിക്ക് സമീപം നിർത്തിയിട്ടിരുന്നു
● മേൽപറമ്പ് പൊലീസാണ് കേസെടുത്തത്
ചട്ടഞ്ചാൽ: (KasargodVartha) പെരുമ്പളക്കടവിലെ മുഹ്‌യുദ്ദീൻ ജുമാ മസ്‌ജിദിലെ ഖത്തീബിൻറെ മുറിയിൽ നിന്ന് 30,000 രൂപ മോഷ്ടിച്ചെന്ന പരാതിയിൽ പ്രായപൂർത്തിയാകാത്ത രണ്ട് കൗമാരക്കാർക്കെതിരെ മേൽപറമ്പ് പൊലീസ് കേസെടുത്തു. ഇവരിൽ ഒരാളെ പൊലീസ് പിടികൂടിയിട്ടുണ്ട്. രണ്ട് പേർക്കും 17 വയസാണെന്ന് പൊലീസ് പറഞ്ഞു.
ഞായറാഴ്ച രാവിലെ 6.30 മണിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. മലപ്പുറം ചേലമ്പ്ര സ്വദേശിയായ സ്വാലിഹ് ചെറിയേടത്തിന്റെ താമസസ്ഥലത്തിന്റെ വാതിൽ കുത്തിത്തുറന്നാണ് കൗമാരക്കാർ അകത്തുകടന്നത്. അലമാരയിലെ ബാഗിൽ വച്ചിരുന്ന പണമാണ് കവർച്ച ചെയ്തതെന്ന് പരാതിയിൽ പറയുന്നു.
ആദ്യം വിദ്യാർഥികളാണെന്ന് കരുതി ഖത്തീബ് ഗൗനിച്ചിരുന്നില്ല. എന്നാൽ പിന്നീട് ഇവർ ഒന്നാം നിലയിൽ നിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് മോഷ്ടാക്കളാണെന്ന് വ്യക്തമായതെന്ന് ഖത്തീബ് വെളിപ്പെടുത്തി. ഇരുവരും വന്ന ബൈക് പള്ളിക്ക് സമീപം നിർത്തിയിട്ടിരുന്നു. ഖത്തീബിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ മേൽപറമ്പ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.