Crime | കാസർകോട്ട് വന്‍കവര്‍ച്ച ലക്ഷ്യമിട്ടെത്തി പിടിയിലായ 2 പേർ റിമാൻഡിൽ; പൊലീസ് തെളിവെടുപ്പ് നടത്തി; രക്ഷപ്പട്ടവർക്കായി അന്വേഷണം ഊർജിതം
● നമ്പര്‍ പ്ലേറ്റ് ഇല്ലാത്ത കാറില്‍ സഞ്ചരിച്ചിരുന്ന പ്രതികളെ പിടികൂടി
● ഇവര്‍ നിരവധി കേസുകളില്‍ പ്രതികളാണ്
● വടിവാളുകൾ, കൊടുവാളുകൾ, കൊത്തുളികൾ എന്നിവ കണ്ടെത്തി.
കാസർകോട്: (KasargodVartha) ജില്ലയിൽ വന്‍കവര്‍ച്ച ലക്ഷ്യമിട്ടെത്തി നമ്പർ പ്ലേറ്റില്ലാത്ത കാറിൽ സഞ്ചരിക്കുന്നതിനിടയിൽ മഞ്ചേശ്വരത്ത് പിടിയിലായ കുപ്രസിദ്ധ കവർച്ചാ സംഘത്തിലെ രണ്ടുപേരെ പൊലീസ് റിമാൻഡ് ചെയ്‌തു. കര്‍ണാടക ഉള്ളാല്‍ പൊലീസ് സ്റ്റേഷൻ പരിധിയിലെ മുഹമ്മദ് ഫൈസല്‍ (36), തുംകൂറിലെ സയ്യിദ് അമാന്‍ (22) എന്നിവരെയാണ് പൊലീസ് റിമാൻഡ് ചെയ്തത്. സയ്യിദ് അമാനെയും കൊണ്ടുള്ള തെളിവെടുപ്പ് പൊലീസ് പൂർത്തിയാക്കി.
അന്തര്‍ സംസ്ഥാന കവര്‍ച്ചാ സംഘം കേരളത്തില്‍ വന്‍ കവര്‍ച്ച ആസൂത്രണം ചെയ്തിട്ടുണ്ടെന്ന് ജില്ലാ പൊലീസ് മേധാവി ഡി ശില്‍പയ്ക്ക് രഹസ്യവിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ രാത്രികാല പട്രോളിംഗ് പൊലീസ് ശക്തമാക്കിയിരുന്നു. കഴിഞ്ഞ ഞായറാഴ്ച കാസർകോട് ഡിവൈഎസ്പി സി കെ സുനിൽ കുമാറിന്റെ നേതൃത്വത്തിൽ നാട്ടുകാരുടെ സഹകരണത്തോടെ അതിർത്തി പ്രദേശങ്ങളിലെ പരിശോധന ശക്തമാക്കിയിരുന്നു.
മഞ്ചേശ്വരം ഇൻസ്പെക്ടർ അനൂബ് കുമാർ, എസ്ഐ രതീഷ്, എഎസ്ഐ സദൻ, സിവില്‍ പൊലീസ് ഓഫീസർമാരായ സച്ചിൻദേവ്, നിഷാന്ത്, ഡ്രൈവർ സിപിഒമാരായ ഷുക്കൂർ, പ്രഷോഭ് എന്നിവരും ഈ പരിശോധനയിൽ പങ്കെടുത്തിരുന്നു. മഞ്ചേശ്വരം മജീർപള്ളയിൽ വാഹനപരിശോധന നടത്തുന്നതിനിടയിൽ, നമ്പർ പ്ലേറ്റ് പ്രദർശിപ്പിക്കാത്ത ഒരു സ്വിഫ്റ്റ് കാർ പൊലീസിനെ കണ്ട് നിർത്താതെ പോവുകയായിരുന്നു.
പൊലീസ് കാർ പിന്തുടർന്ന് ദൈഗോളിക്കടുത്ത് വെച്ച് തടഞ്ഞ് നിർത്തിയപ്പോൾ, കാറിലുണ്ടായിരുന്നവർ നാട്ടുകാരെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചു. ഇതിനിടെ സംഘത്തിലെ രണ്ടുപേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ പ്രദേശവാസികൾ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു. കവർച്ചാസംഘം സഞ്ചരിച്ചിരുന്ന കാറിൽ പൊലീസ് നടത്തിയ പരിശോധനയിൽ ഗ്യാസ് കട്ടർ, ഓക്സിജൻ സിലിണ്ടർ, ഗ്യാസ് സിലിണ്ടർ, ഡ്രില്ലിങ് മെഷീൻ, മാരകായുധങ്ങളായ വടിവാളുകൾ, കൊടുവാളുകൾ, കൊത്തുളികൾ എന്നിവ കണ്ടെത്തി.
ഇവയ്ക്കു പുറമേ കയ്യുറകൾ, മങ്കി കാപ്പുകൾ, ബാഗുകൾ തുടങ്ങിയ വസ്തുക്കളും കണ്ടെടുത്തിട്ടുണ്ട്. പിന്നീട് നടത്തിയ അന്വേഷണത്തിൽ, അറസ്റ്റിലായ മുഹമ്മദ് ഫൈസൽ കർണാടകയിലെ ഉള്ളാൾ, ഉഡുപ്പി, മംഗളുരു സൗത്ത്, ഉഡുപ്പി ടൗൺ, കൊണാജെ, മുൽകി എന്നീ പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത നിരവധി കളവ് കേസുകളിൽ പ്രതിയാണെന്ന് കണ്ടെത്തി. ഇതോടൊപ്പം, കുമ്പള, മഞ്ചേശ്വരം പൊലീസ് സ്റ്റേഷനുകളിലെ ഓരോ കേസുകളിലും, കർണാടകയിലെ ബേരികെ പൊലീസ് സ്റ്റേഷനിലെ ഒരു കൊലപാതക കേസിലും ഉൾപ്പെട്ടിട്ടുണ്ട്.
മൊത്തത്തിൽ, ഫൈസൽ 16 ഓളം കേസുകളിൽ പ്രതിയാണെന്ന് സ്ഥിരീകരിച്ചു. സയ്യിദ് അമാൻ കർണാടകയിലെ തുംകൂർ മഹിളാ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ഒരു പോക്സോ കേസിലും പ്രതിയാണ്. രക്ഷപ്പെട്ട പ്രതികളെകുറിച്ച് അന്വേഷണം നടത്തിവരുന്നുണ്ട്.
#KeralaCrime #RobberyArrest #KasaragodPolice #IndianCrimeNews