Arrested | 'നായാട്ട് സംഘം അറസ്റ്റിൽ; കള്ളത്തോക്കും പിടികൂടി'
ചെറുവത്തൂര്‍: (KasaragodVartha) രണ്ട് പേരടങ്ങുന്ന നായാട്ട് സംഘം അറസ്റ്റിലായി. കള്ളത്തോക്കും പിടികൂടി. കൊടക്കാട് ചെമ്പ്രകാനം ഒറോട്ടിച്ചാല്‍ ഭാഗത്ത് കള്ളത്തോക്ക് ഉപയോഗിച്ച് കാട്ടുപന്നിയെ വെടിവെച്ച് കൊന്ന് ഇറച്ചിയാക്കി സൂക്ഷിച്ചവരെയാണ് അറസ്റ്റ് ചെയ്തതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംഘത്തിലെ ഒരാള്‍ ഒളിവിലാണ്.
രഹസ്യ വിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തില്‍ നടത്തിയ റെയ്‌ഡിലാണ് പ്രതികൾ കുടുങ്ങിയത്. ചീമേനി പൊലീസ് സ്റ്റേഷൻ പരിധിയിലെ കെ എം റെജില്‍ (25), ടി കെ സന്ദീപ് (35) എന്നിവരാണ് അറസ്റ്റിലായത്. ഇതിൽ റെജില്‍ നൃത്തധ്യാപകനും സന്ദീപ് കൂലിത്തൊഴിലാളിയുമാണ്. പ്രതികളില്‍ നിന്ന് വേവിച്ച പന്നി ഇറച്ചിയും വേവിക്കാത്ത രണ്ട് കിലോ ഇറച്ചിയും ഒരു കള്ളത്തോക്കും പിടിച്ചെടുത്തതായി വനം വകുപ്പ് അധികൃതർ അറിയിച്ചു.
കള്ള തോക്കിന്റെ ഉടമയായ ബസ് ഡ്രൈവര്‍ ഗിരീഷ് കുമാർ ഒളിവിലാണ്. കാഞ്ഞങ്ങാട് റേൻജ് ഫോറസ്റ്റ് ഓഫീസര്‍ കെ രാഹുല്‍, ഭീമനടി സെക്ഷന്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ എം അജിത് കുമാര്‍, യദുകൃഷ്ണന്‍, വിശാഖ്, കെ ഡോണ, കെ അഗസ്റ്റിന്‍ എന്നിവരാണ് പ്രതികളെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നത്.