Crime | 'കുമ്പള ആരിക്കാടി കോട്ടയിൽ നിധി കുഴിച്ചെടുക്കാൻ എത്തിയ നാലംഗ സംഘത്തിലെ 2 പേർ പിടിയിൽ'; 2 പേർ ഓടി രക്ഷപ്പെട്ടു; അയച്ചത് പഞ്ചായത് മെമ്പറായ രാഷ്ട്രീയക്കാരനെന്ന് വെളിപ്പെടുത്തൽ

● കോട്ടയിലെ കിണറ്റിലാണ് നിധി കുഴിക്കാൻ ശ്രമിച്ചത്.
● കുമ്പള ആരിക്കാടി കോട്ട പുരാവസ്തു വകുപ്പിന്റെ കീഴിലാണ്.
● കണ്ണൂരിൽ നിധി കിട്ടിയ കഥ വിശ്വസിപ്പിച്ചാണ് യുവാക്കളെ കൊണ്ടുവന്നത്.
● മൺവെട്ടിയും മറ്റുപകരണങ്ങളും കണ്ടെത്തിയിട്ടുണ്ട്.
കുമ്പള: (KasargodVartha) പുരാവസ്തു വകുപ്പിന്റെ അധീനതയിലുള്ള കുമ്പള ആരിക്കാടി കോട്ടയിൽ നിധി കുഴിച്ചെടുക്കാൻ എത്തിയ നാലംഗ സംഘത്തിലെ രണ്ട് പേർ പൊലീസ് പിടിയിലായി. കൂടെയുണ്ടായിരുന്ന മറ്റ് രണ്ടുപേർ ഓടി രക്ഷപ്പെട്ടു. തിങ്കളാഴ്ച വൈകീട്ട് നാല് മണിയോടെയാണ് സംഭവം. കോട്ടയ്ക്ക് അകത്തെ കിണറിന് ഉള്ളിലാണ് ഇവർ നിധി കുഴിക്കാൻ നോക്കിയത്.
പഞ്ചായത് മെമ്പറായ ഒരു രാഷ്ട്രീയ നേതാവിന്റെ നിർദേശ പ്രകാരമാണ് തങ്ങൾ നിധി കുഴിക്കാൻ എത്തിയതെന്ന് പിടിയിലായ യുവാക്കൾ വെളിപ്പെടുത്തി. സംഘത്തിൽ ഉണ്ടായിരുന്നത് കാസർകോട്, നീലേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള യുവാക്കളാണെന്നാണ് സൂചന. കോട്ടയ്ക്കകത്തുനിന്നും ശബ്ദം കേട്ട് സമീപവാസികൾ അന്വേഷിച്ചെത്തിയപ്പോഴാണ് നിധി കുഴിക്കുന്നവരെ കണ്ടത്. ആളുകളെ കണ്ടയുടൻ പുറത്തുണ്ടായിരുന്ന രണ്ടുപേർ ഓടി രക്ഷപ്പെട്ടു.
അതേസമയം കിണറിനകത്തുണ്ടായിരുന്ന രണ്ടുപേർക്ക് രക്ഷപ്പെടാൻ സാധിച്ചില്ല. നാട്ടുകാർ ഇവരെ തടഞ്ഞുവെച്ച് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. കുമ്പള പൊലീസ് സ്ഥലത്തെത്തി ഇവരെ കസ്റ്റഡിയിലെടുത്തു. സംഭവത്തെ കുറിച്ച് അന്വേഷിച്ച് വരികയാണെന്ന് കുമ്പള പൊലീസ് കാസർകോട് വാർത്തയോട് പറഞ്ഞു.
മൂന്നുദിവസം മുൻപും ഇവർ കോട്ടയ്ക്കകത്ത് നിധി അന്വേഷിച്ച് എത്തിയിരുന്നു എന്ന് പറയുന്നു. കണ്ണൂർ ഭാഗത്ത് കുടുബശ്രീ പ്രവർത്തകർക്ക് നിധി ലഭിച്ചിട്ടുണ്ട് എന്ന് വിശ്വസിപ്പിച്ച് യുവാക്കളെ പ്രലോഭിപ്പിച്ചാണ് കോട്ടയിൽ എത്തിച്ചതെന്നാണ് വിവരം. നിധി കിട്ടിയാൽ എല്ലാവർക്കും തുല്യമായി പങ്കിടാമെന്ന് പറഞ്ഞിരുന്നതായും സൂചനയുണ്ട്. നിധി കുഴിക്കാൻ ഉപയോഗിച്ച മൺവെട്ടിയും മറ്റുപകരണങ്ങളും സ്ഥലത്തുനിന്ന് കണ്ടെത്തിയിട്ടുണ്ട്.
ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക, മറ്റുള്ളവരിലേക്ക് എത്തിക്കുക.
Two individuals were arrested for attempting to illegally excavate treasure at the Arikkadi Fort in Kumbala. They confessed to being instructed by a politically affiliated Panchayat member.
#Kumbala #ArikkadiFort #TreasureHunt #Crime #Kerala #Politics