Arrest | മയക്കുമരുന്ന് വേട്ട: രാത്രിയിൽ പട്രോളിംഗും വാഹന പരിശോധനയും ശക്തമാക്കി പൊലീസ്; എംഡിഎംഎയുമായി 2 യുവാക്കൾ അറസ്റ്റിൽ
കാസർകോട്: (KasragodVartha) ജില്ലയില്‍ മയക്കുമരുന്ന് ഉപയോഗം, അനധികൃത വിൽപന, കൈമാറ്റം എന്നിവ തടയുന്നതിനായി പൊലീസ് കർശന നടപടികൾ തുടരുന്നു. ജില്ലാ പൊലീസ് മേധാവി ഡി ശിൽപയുടെ നിർദേശത്തെ തുടർന്നാണ് ജില്ലയിൽ മയക്കുമരുന്ന് വേട്ട ശക്തമാക്കിയത്. ഇതിന്റെ ഭാഗമായി രാത്രികാല പട്രോളിംഗും വാഹന പരിശോധനയും നടന്നുവരുന്നു.
സംശയാസ്പദമായ വാഹനങ്ങളും വ്യക്തികളും പരിശോധനയ്ക്ക് വിധേയമാക്കുന്നു. മയക്കുമരുന്ന് കടത്തുകാരെ പിടികൂടുന്നതിനായി രഹസ്യ നിരീക്ഷണങ്ങളും പൊലീസ് നടത്തുന്നുണ്ട്. ജില്ലയിലെ എല്ലാ സ്റ്റേഷനുകളിലെയും പൊലീസ് ഉദ്യോഗസ്ഥർക്ക് മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ കൂടുതൽ സജ്ജമാകാൻ നിർദേശം നൽകിയിട്ടുണ്ട്
ഇതിനിടെ, കുമ്പളയിൽ പൊലീസിന്റെ രാത്രികാല വാഹന പരിശോധനയ്ക്കിടെ ബൈകിൽ കടത്തുകയായിരുന്ന മാരക മയക്കുമരുന്നായ 1.05 ഗ്രാം എംഡിഎംഎയുമായി രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കുമ്പള പൊലീസ് സ്റ്റേഷൻ പരിധിയിലെ എം കെ സിറാജുദ്ദീൻ (20), കാസർകോട് പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസക്കാരനും മംഗ്ളൂറു സ്വദേശിയുമായ മുഹമ്മദ് സുഹൈൽ (24) എന്നിവരാണ് അറസ്റ്റിലായത്.
കുമ്പള ദേശീയപാതയിൽ ഞായറാഴ്ച പുലർച്ചെ 3.30 മണിയോടെയാണ് കുമ്പള ഇൻസ്‌പെക്ടർ കെ പി വിനോദ് കുമാർ, എസ്ഐ വിജയൻ വി കെ, എസ് സി പി ഒ മാരായ എം സുരേഷ് എം, കൃഷോബ് പി വി, ഡ്രൈവർ സിവിൽ പൊലീസ് ഓഫീസർ അജീഷ് എന്നിവരടങ്ങിയ സംഘം യുവാക്കളെ പിടികൂടിയത്. കർശന പരിശോധന വരും ദിവസങ്ങളിലും തുടരുമെന്ന് പൊലീസ് അറിയിച്ചു.