Arrest | സിസിടിവി ദൃശ്യങ്ങൾ കുടുക്കി; ബൈക് കവർച്ചാ കേസിൽ 2 യുവാക്കൾ അറസ്റ്റിൽ
● വിദ്യാനഗറിൽ വെച്ചാണ് പ്രതികളെ പിടികൂടിയത്
● ജില്ലാ പൊലീസ് മേധാവിയുടെ പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ചത്
● കവർച്ച ചെയ്യപ്പെട്ടത് ഉപ്പള സ്വദേശിയുടെ കെടിഎം ബൈക്കാണ്
മഞ്ചേശ്വരം: (KasargodVartha) ബൈക് മോഷണം പോയ കേസിൽ രണ്ട് യുവാക്കളെ പൊലീസ് പിടികൂടി. മേൽപറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലെ അബ്ദുൽ ബാസിത് (22), മുഹമ്മദ് അഫ്സൽ (23) എന്നിവരാണ് മഞ്ചേശ്വരം പൊലീസിന്റെ പിടിയിലായത്. ഉപ്പള സ്വദേശിയായ മുഹമ്മദ് ഹമീദിന്റെ ഉടമസ്ഥതയിലുള്ള കെടിഎം ബൈകാണ് പ്രതികൾ കവർച്ച ചെയ്തത്.
പ്രതികൾ ബൈക് കവർച്ച ചെയ്യുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് നിർണായക തെളിവായി ലഭിച്ചിരുന്നു. ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ സൂക്ഷ്മമായ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്. തുടർന്ന്, വിദ്യാനഗറിൽ വെച്ച് നടത്തിയ സാഹസികമായ നീക്കത്തിലൂടെയാണ് പ്രതികളെ കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ് പറഞ്ഞു.
ജില്ലാ പൊലീസ് മേധാവി ഡി ശിൽപയുടെ നിർദേശപ്രകാരം കവർച്ചാ കേസുകൾക്ക് തടയിടാനായി രൂപീകരിച്ച പ്രത്യേക സംഘമാണ് കേസിന്റെ അന്വേഷണം ഊർജിതമാക്കിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.
കാസർകോട് ഡിവൈഎസ്പി സി കെ സുനിൽ കുമാർ, മഞ്ചേശ്വരം ഇൻസ്പെക്ടർ അനൂപ് കുമാർ, സബ് ഇൻസ്പെക്ടർമാരായ രതീഷ് ഗോപി, സുമേഷ് രാജ്, സിവിൽ പൊലീസ് ഓഫീസർമാരായ അബ്ദുൽ സലാം പി എം, ജില്ലാ പൊലീസ് മേധാവിയുടെ സ്ക്വാഡ് അംഗങ്ങളായ ഭക്ത ശൈവൻ സി എച്, സന്ദീപ് എം, അനീഷ് കുമാർ കെ എം എന്നിവരടങ്ങുന്ന പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.