Arrested | 'തോക്കും വെടിയുണ്ടകളുമായി കാറിൽ കറക്കം', കാസർകോട്ടെ 2 യുവാക്കൾ മംഗ്ളൂറിൽ അറസ്റ്റിൽ
മംഗ്ളുറു: (KasaragodVartha) തോക്കും വെടിയുണ്ടകളുമായി രണ്ട് പേരെ അറസ്റ്റ് ചെയ്തതായി മംഗ്ളുറു സിറ്റി സെൻട്രൽ ക്രൈംബ്രാഞ്ച് (CCB) പൊലീസ് അറിയിച്ചു. മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ മുഹമ്മദ് അസ്‌ഗർ (26), അബ്ദുൽ നിസാർ (29) എന്നിവരാണ് അറസ്റ്റിലായത്.
കർണാടക തലപ്പാടിയിലെ പിലിക്കൂർ ഭാഗത്ത് രണ്ട് പേർ കറുത്ത കാറിൽ തോക്കുമായി കറങ്ങുന്നതായി
വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് യുവാക്കൾ പിടിയിലായതെന്ന് പൊലീസ് പറഞ്ഞു.
യുവാക്കളിൽ നിന്ന് രണ്ട് തോക്കുകൾ, വെടിയുണ്ടകൾ, മൊബൈൽ ഫോണുകൾ എന്നിവ പൊലീസ് പിടിച്ചെടുത്തു. ഇവർ സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തു. സംഭവുമായി ബന്ധപ്പെട്ട് ഉള്ളാൾ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പിടിയിലായ മുഹമ്മദ് അസ്ഗറിനെതിരെ മഞ്ചേശ്വരം പൊലീസ് സ്റ്റേഷനിൽ എട്ട് കേസുകളുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
പൊലീസ് കമീണർ അനുപം അഗർവാളിന്റെ നിർദേശ പ്രകാരം സിസിബി എസിപി ഗീത കുൽക്കർണിയുടെ നേതൃത്വത്തിൽ ഇൻസ്പെക്ടർ ശ്യാം സുന്ദർ, പിഎസ്ഐ സുധീപ് എംവി, സിസിബി ഉദ്യോഗസ്ഥർ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.