Twist | വീട്ടില്‍ നിന്നും 35 പവന്‍ സ്വര്‍ണം കവർന്നുവെന്ന കേസിൽ ട്വിസ്റ്റ്; അലമാരയുടെ അടിയില്‍ മേയ്കപ് പെട്ടിയിൽ ഒളിപ്പിച്ചുവെച്ച പൊന്ന് കള്ളന് കണ്ടെത്താനായില്ല!
* മോഷ്ടാക്കളെകുറിച്ചുള്ള അന്വേഷണം തുടരും
മൊഗ്രാല്‍ പുത്തൂര്‍: (KasaragodVartha) വീട് കുത്തിത്തുറന്ന് മൊഗ്രാൽ പുത്തൂരിൽ 35 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നുവെന്ന കേസില്‍ ട്വിസ്റ്റ്. അലമാര തകര്‍ത്തെങ്കിലും ഇതിന്റെ അടിയില്‍ മേയ്കപ് ബോക്‌സിലാക്കി വെച്ചിരുന്ന 35 പവന്‍ സ്വര്‍ണം നഷ്ടപ്പെട്ടിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. മൊഗ്രാല്‍ പുത്തൂര്‍ മുണ്ടയ്ക്കല്‍ ഫൈസല്‍ മന്‍സിലിലെ മുഹമ്മദ് ഇല്യാസിന്റെ ഇരുനില വീട്ടിലാണ് മോഷണം നടന്നതായി പരാതിയുയര്‍ന്നത്. മെയ് 15ന് സന്ധ്യയ്ക്ക് ആറ് മണിക്കും ഞായറാഴ്ച സന്ധ്യയ്ക്ക് 7.30 മണിക്കും ഇടയിലാണ് കവര്‍ച്ച നടന്നത്.
മുഹമ്മദ് ഇല്യാസ് പ്രവാസിയാണ്. ഭാര്യ ആഇശത് ഫൗസീദ 15ന് ഉപ്പളയിലെ സ്വന്തം വീട്ടിലേക്ക് പോയതായിരുന്നു. ഞായറാഴ്ച വൈകീട്ട് വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് വാതില്‍ തകര്‍ത്ത് കവര്‍ച്ച നടന്ന വിവരം ശ്രദ്ധയില്‍പ്പെട്ടത്. വീടിന്റെ മുന്‍ഭാഗത്തെ പൂട്ട് പൊളിച്ച് അകത്ത് കയറിയ മോഷ്ടാക്കള്‍ കിടപ്പുമുറിയിലെ അലമാരയുടെ പൂട്ടു പൊളിച്ചാണ് കവര്‍ച്ച നടത്തിയത്. 35 പവന്‍ സ്വര്‍ണവും അയ്യായിരം രൂപയില്‍ താഴെയുള്ള പണവുമാണ് അലമാരയില്‍ ഉണ്ടായിരുന്നത്. ഇവ നഷ്ടപ്പെട്ടുവെന്നാണ് കരുതിയിരുന്നത്.
കവര്‍ച്ച നടന്ന വിവരം അറിയിച്ചതോടെ ആരും മുറിയിലേക്ക് പ്രവേശിക്കരുതെന്നും വിരലടയാളം ശേഖരിക്കാനുണ്ടെന്നും അറിയിച്ചതിനാല്‍ വീട്ടുകാര്‍ മുറിക്കകത്ത് പ്രവേശിച്ചിരുന്നില്ല. പൊലീസും വിരലടയാള വിദഗ്ധരും പൊലീസ് നായയും എത്തി പരിശോധന നടത്തിയ ശേഷമാണ് വീട്ടുകാര്‍ മുറിക്കകത്ത് കടന്നത്. വീട്ടിലേക്ക് പോകുന്നതിന് മുമ്പ് സ്വര്‍ണാഭരണങ്ങള്‍ എല്ലാം മേയ്കപ് സാധനങ്ങള്‍ സൂക്ഷിക്കുന്ന ചെറിയ പെട്ടിയിലാക്കി അലമാരയുടെ അടിവശത്ത് ഒളിപ്പിച്ചുവെക്കുകയായിരുന്നു. കള്ളന് ഇത് കണ്ടെത്താന്‍ കഴിഞ്ഞില്ല.
സൂക്ഷിച്ച ബോക്‌സ് പരിശോധിച്ചപ്പോള്‍ സ്വര്‍ണാഭരണങ്ങള്‍ അതേപടി ഉണ്ടായിരുന്നു. പിന്നീട് ഈ സ്വര്‍ണം പൊലീസ് സ്റ്റേഷനിലെത്തിച്ച് രേഖാമൂലം വീട്ടമ്മ സന്തോഷത്തോടെ ഏറ്റുവാങ്ങി. സ്വര്‍ണം തിരിച്ചുകിട്ടിയെങ്കിലും മോഷ്ടാക്കളെകുറിച്ചുള്ള അന്വേഷണം തുടരുമെന്ന് പൊലീസ് വ്യക്തമാക്കി. കാസര്‍കോട് ടൗണ്‍ എസ് ഐ പി അഖില്‍, എഎസ്‌ഐ രാമചന്ദ്രന്‍, സിവില്‍ പൊലീസ് ഓഫീസര്‍ ശ്രീജിത്ത്, വിരലടയാള വിദഗ്ധരായ ടി നാരായണന്‍, ആര്‍ രജിത, ഡോഗ് സ്‌ക്വാഡിലെ എസ് രഞ്ജിത്ത് എന്നിവരാണ് അന്വേഷണത്തിന് നേതൃത്വം നല്‍കിയത്.