Trump | വെടിയേറ്റിട്ടും പതറാതെ ഡൊണാൾഡ് ട്രംപ്; ആശുപത്രി വിട്ടു, ഭാവി പദ്ധതികൾ ഇങ്ങനെ
വാഷിംഗ്ടൺ: (KasargodVartha) പെൻസിൽവാനിയയിൽ തിരഞ്ഞെടുപ്പ് റാലിയിൽ ചെവിയിൽ വെടിയേറ്റ് കഷ്ടിച്ച് രക്ഷപ്പെട്ട മുൻ അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ആശുപത്രി വിട്ടു. ട്രംപ് എവിടേക്കാണ് പോയതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല, എന്നാൽ തിരഞ്ഞെടുപ്പ് റാലിക്ക് ശേഷം ന്യൂജേഴ്‌സിയിലെ വീട്ടിലേക്ക് പോകാനായിരുന്നു അദ്ദേഹത്തിൻ്റെ പദ്ധതി.
ഇതുകൂടാതെ ഞായറാഴ്ച വിസ്കോൺസിനിലെ മിൽവാക്കിയിൽ നടക്കുന്ന റിപ്പബ്ലിക്കൻ ദേശീയ കൺവെൻഷനിൽ പങ്കെടുക്കാനും പദ്ധതിയിട്ടിരുന്നു. മുമ്പ് നിശ്ചയിച്ചത് പോലെ ട്രംപ് മിൽവാക്കിയിലേക്ക് പോകുമെന്ന് ബന്ധപ്പെട്ടവർ സ്ഥിരീകരിച്ചു. റിപ്പബ്ലിക്കൻ പാർട്ടിയുടെ ഔദ്യോഗിക പ്രസിഡൻ്റ് സ്ഥാനാർത്ഥിയായി ട്രംപിനെ കൺവെൻഷനിൽ പ്രഖ്യാപിക്കും.
തിങ്കളാഴ്ച ആരംഭിക്കുന്ന കൺവെൻഷനിൽ വൈസ് പ്രസിഡൻ്റ് സ്ഥാനാർത്ഥിയെ തിരഞ്ഞെടുക്കാനും ട്രംപ് പദ്ധതിയിടുന്നുണ്ട്. പെന്‍സില്‍വേനിയയില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കുന്നതിനിടെയാണ് ട്രംപിന് നേരേ ആക്രമണമുണ്ടായത്. ട്രംപിനെ വെടിവെച്ച അക്രമിയും മറ്റൊരാളും സംഭവത്തിൽ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ട്.
അതേസമയം ഡോണൾഡ് ട്രംപിന് നേരെ നടന്നത് വധശ്രമം തന്നെയാണെന്ന് എഫ്.ബി.ഐ സ്ഥിരീകരിച്ചു. വെടിവെച്ചയാളെയും അതിന് പിന്നിലുള്ള കാരണവും കണ്ടെത്താൻ അന്വേഷണം തുടരുമെന്ന് എഫ്.ബി.ഐ ഉദ്യോഗസ്ഥൻ കെവിൻ റോജേക്ക് അറിയിച്ചു.