Trial | പെരിയ ഇരട്ടക്കൊലക്കേസിന്റെ വിചാരണ പൂർത്തിയായി; വിധിയുടെ ഭാഗമായി പ്രതികളെ 29ന് ചോദ്യം ചെയ്യും
കാസർകോട്: (KasargodVartha) കേരളത്തെ നടുക്കിയ പെരിയ ഇരട്ടക്കൊലക്കേസിന്റെ വിചാരണ എറണാകുളം സിബിഐ കോടതി മുമ്പാകെ പൂർത്തിയായി. സിപിഎമിനെ പ്രതിക്കൂട്ടിൽ നിർത്തിയ ഈ കൊലക്കേസിലെ വിധി വരുന്നത് ആകാംക്ഷയോടെയാണ് രാഷ്ട്രീയ കേരളം കാത്തിരിക്കുന്നത്. പെരിയ കല്യോട്ടെ യൂത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാൽ (23), കൃപേഷ് (19) എന്നിവരെ 2019 ഫെബ്രുവരി 17ന് രാത്രി 7.45 മണിയോടെയാണ് വെട്ടിക്കൊലപ്പെടുത്തിയത്.
രാത്രി വീട്ടിലേക്ക് ബൈകിൽ വരുമ്പോൾ കല്യോട്ട് കണ്ണാടിപ്പാറയിൽ വെച്ച് ഒരു സംഘം ക്രിമിനലുകൾ ഇരുവരെയും തടഞ്ഞുനിർത്തി അക്രമിച്ചുവെന്നാണ് കേസ്. ഏഴുവർഷം നീണ്ടുനിന്ന അന്വേഷങ്ങൾക്കും വിചാരണയ്ക്ക് ഒടുവിലാണ് വൈകാതെ തന്നെ വിധിവരാൻ പോകുന്നത്. വെള്ളിയാഴ്ചയാണ് കോടതിയിൽ കേസിന്റെ വിസ്താരം പൂർത്തിയായത്. വിധിയുടെ ഭാഗമായി പ്രതികളെ 29ന് കോടതിയിൽ ചോദ്യം ചെയ്യും.
കേസിൽ ആകെ 24 പ്രതികളാണുള്ളത്. എല്ലാവരും തന്നെ സിപിഎം പ്രവർത്തകരും പാർടിയുടെ വർഗ ബഹുജന സംഘടനാ ഭാരവാഹികളുമാണ്. ഒന്നാം പ്രതി പീതാംബരൻ സംഭവം നടക്കുമ്പോൾ പാർടി ലോകൽ കമിറ്റി അംഗമായിരുന്നു. രണ്ടാം പ്രതി സജീ ജോർജ് പാർടി പ്രവർത്തകനും ഇന്റർലോക് തൊഴിലാളിയുമാണ്. മൂന്നാം പ്രതി സരേഷ് ചെത്തുതൊഴിലാളിയും രണ്ട് വർഷമായി പ്രദേശത്ത് താമസക്കാരനുമായിരുന്നു.
നാലാം പ്രതി അനിൽ പെരിയയിലെ ഓടോറിക്ഷഡ്രൈവറാണ്. അഞ്ചാം പ്രതി ഗിജിൻ ഗംഗാധരൻ കൊല്ലപ്പെട്ട ശരത് ലാലിൻറെ സഹപാഠിയാണ്. ആറാം പ്രതി അശ്വിൻ ഡ്രൈവറും ഏഴാം പ്രതി ശ്രീരാജ് ക്വാറി നടത്തിപ്പിലെ സഹായിയുമാണ്. എട്ടാം പ്രതി സുബീഷ് ചുമട്ടു തൊഴിലാളിയാണ്. കൊലക്ക് ശേഷം ഒന്ന് മുതൽ മൂന്ന് വരെയുള്ള പ്രതികളെ സ്വന്തം കാറിൽ പള്ളിക്കര പാക്കം വെളുത്തോളിയിലേക്ക് രക്ഷപ്പെടാൻ സഹായിച്ചുവെന്നാണ് ഒമ്പതാം പ്രതി മുരളിക്കെതിരെയുള്ള കുറ്റം.
പത്താം പ്രതി രഞ്ജിത് ആണ്, കല്യോട്ട് നിന്ന് സന്ധ്യക്ക് ശരത് ലാലും കൃപേഷും ബൈകിൽ പുറപ്പെട്ടുവെന്ന് പ്രതികൾക്ക് വിവരം നൽകിയതെന്നാണ് കണ്ടെത്തിയത്. 11-ാം പ്രതി പ്രദീപ് കുട്ടനെതിരെ, കൊലയ്ക്ക് ഗൂഢാലോചന നടത്തിയെന്ന കുറ്റമാണുള്ളത്. പ്രദീപൻ ജാമ്യം ലഭിക്കാതെ ഒന്നാം പ്രതി പീതാംബരനൊപ്പം ഇപ്പോഴും ജയിലിൽ കഴിയുകയാണ്. 12-ാം പ്രതി മണികണ്ഠൻ പെരിയ ടൗണിലെ ചുമട്ട് തൊഴിലാളിയാണ്. വൃക്ക രോഗിയതിനാൽ കോടതി ജാമ്യം അനുവദിച്ചിരുന്നു
13-ാം പ്രതി മണികണ്ഠൻ കാഞ്ഞങ്ങാട് ബ്ലോക് പഞ്ചായത് പ്രസിഡന്റും സംഭവ സമയത്ത് പള്ളിക്കര ഏരിയ സെക്രടറിയുമായിരുന്നു. പ്രതികൾക്ക് ഒളിവിൽ പാർക്കാൻ സൗകര്യം ചെയ്തുകൊടുക്കുകയും രക്തം പുരണ്ട വസ്ത്രങ്ങൾ കത്തിച്ചുകളയാൻ ശ്രമിച്ചുവെന്നുമാണ് കുറ്റം ചുമത്തിയിരിക്കുന്നത്. 14-ാം പ്രതി ബാലകൃഷ്ണൻ സിപിഎം പെരിയ ലോകൽ സെക്രടറിയാണ്. 12, 13, 14 പ്രതികളെ കേസ് ആദ്യം അന്വേഷിച്ച ക്രൈംബ്രാഞ്ചാണ് അറസ്റ്റ് ചെയ്തത്. ഹൊസ്ദുർഗ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി മണികണ്ഠൻ അടക്കമുള്ള മൂന്ന് പ്രതികൾക്കും അന്ന് തന്നെ ജാമ്യം അനുവദിച്ചിരുന്നു .
ഒന്ന് മുതൽ 11 വരെയുള്ള പ്രതികൾ അറസ്റ്റിലായി ആറര വർഷമായി ജയിലിൽ റിമാൻഡ് തടവുകാരായി കഴിയുകയാണ്. 14 പ്രതികളെ കേസ് ആദ്യം അന്വേഷിച്ച ക്രൈംബ്രാഞ്ചാണ് അറസ്റ്റ് ചെയ്തത്. കൃപേഷിന്റേയും ശരത് ലാലിന്റെയും മാതാപിതാക്കൾ സുപ്രീം കോടതിയെ സമീപിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെട്ടതിനെ തുടർന്നാണ് ബാക്കി 10 പ്രതികളെ സിബിഐ അറസ്റ്റ് ചെയ്തത്.
15-ാം പ്രതി സുരേന്ദ്രൻ, 16-ാം പ്രതി ശാസ്താ മധു, 17-ാം പ്രതി ഹരിപ്രസാദ്, 18 -ാം പ്രതി റജി വർഗീസ്, 19-ാം പ്രതി രാജേഷ് എന്ന രാജി എന്നിവരെ സിബിഐ കാംപ് ഓഫീസിൽ വിളിച്ചുവരുത്തിയാണ് അറസ്റ്റ് ചെയ്തത്. ഈ അഞ്ചുപ്രതികൾ അറസ്റ്റിലായി ഇപ്പോഴും റിമാൻഡിലാണ്. സിബിഐക്ക് വേണ്ടി സ്പെഷ്യൽ പ്രോസിക്യൂടർ ബോബി ജോസഫ്, അസിസ്റ്റന്റ് പ്രോസിക്യൂടർ അഡ്വ. കെ പത്മനാഭൻ എന്നിവരാണ് ഹാജരായത്.
കോൺഗ്രസ് അധ്യക്ഷനായിരുന്ന രാഹുൽ ഗാന്ധി വരെ കൊല്ലപ്പെട്ടവരുടെ വീട് സന്ദർശിച്ചതിനെ തുടർന്ന് സംഭവം ദേശീയതലത്തിൽ തന്നെ ചർച്ചയായിരുന്നു. 2023 ഫെബ്രുവരി 22നാണ് കേസിന്റെ വിചാരണ സിബിഐ കോടതിയിൽ ആരംഭിച്ചത്. സിബിഐ അന്വേഷണം നടത്തുന്നത് ഒഴിവാക്കാൻ സംസ്ഥാന സർകാർ രണ്ടരക്കോടിയോളം രൂപ ചിലഴിച്ചുവെന്ന ആരോപണവും ഏറെ വിവാദമായിരുന്നു.