Crime | കാസർകോടിനെ നടുക്കിയ സൈനുൽ ആബിദ് വധക്കേസിന്റെ വിചാരണ കോടതിയിൽ ആരംഭിച്ചു
● കുറ്റപത്രത്തിൽ 2000 പേജുകൾ.
● കാസർകോട് എം.ജി റോഡിലെ ഫർണിച്ചർ കടയിൽ വെച്ചാണ് സംഭവം.
● 21 പേരാണ് കേസിലെ പ്രതികൾ
കാസർകോട്: (KasargodVartha) എസ്ഡിപിഐ പ്രവർത്തകൻ തളങ്കര നുസ്രത് റോഡിലെ സൈനുൽ ആബിദി (22) നെ എം ജി റോഡിലെ ഫർണിച്ചർ കടയിൽ കയറി കുത്തിക്കൊലപ്പെടുത്തിയ കേസിന്റെ വിചാരണ ജില്ലാ അഡീഷണൽ സെഷൻസ് കോടതി (മൂന്ന്) യിൽ ആരംഭിച്ചു.
2014 ഡിസംബർ 22ന്, പിതാവിന്റെയും സഹോദരന്റെയും മുന്നിൽ വെച്ചാണ് അക്രമികൾ സൈനുൽ ആബിദിനെ കൊലപ്പെടുത്തിയത്. ഭട്ടി ഉദയൻ, പ്രശാന്ത്, മഹേഷ്, കടുമ്പ് അനിൽകുമാർ എന്നിവരടക്കം 21 പേരാണ് കേസിലെ പ്രതികൾ. എട്ടാം പ്രതി ജ്യോതിഷ് നേരത്തെ ജീവിനൊടുക്കിയിരുന്നു. മറ്റൊരു പ്രതി മഹേഷ് കാപ പ്രകാരം ജൂഡിഷ്യൽ കസ്റ്റഡിയിലാണ്.
കേസിലെ പ്രധാന സാക്ഷിയായ സൈനുൽ ആബിദിന്റെ പിതാവ് മുഹമ്മദ് കുഞ്ഞി രണ്ട് വർഷം മുമ്പ് കർണാടകയിലെ ഹുബ്ലിയിലുണ്ടായ വാഹനാപകടത്തിലും മറ്റൊരു സാക്ഷിയായ സഹോദരൻ അബ്ദുൽ റശീദ് അസുഖത്തെ തുടർന്നും മരിച്ചിരുന്നു.
കേസിൽ 88 സാക്ഷികളാണുള്ളത്. ഇതിൽ 11 സാക്ഷികളെ കോടതിയിൽ വിസ്തരിച്ചു. കേസിൽ 2000 ത്തോളം പേജുള്ള കുറ്റപത്രമാണ് സമർപ്പിച്ചത്. പ്രതികളുടെ രക്തം പുരണ്ട വസ്ത്രങ്ങൾ തുടങ്ങിയ തൊണ്ടിമുതലുകളും കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്.
പ്രോസിക്യൂഷന് വേണ്ടി അഡ്വ. സതീഷൻ ഹാജരായി. കേസിൽ സ്പെഷ്യൽ പ്രോസിക്യൂടറെ നിയമിക്കണമെന്നാവശ്യപ്പെട്ട് കുടുംബം നൽകിയ നിവേദനത്തെ തുടർന്ന് സർകാർ അഡ്വ. സികെ ശ്രീധരനെ സ്പെഷ്യൽ പ്രോസിക്യൂടറായി നിയമിച്ച് ഉത്തരവിറക്കിയെങ്കിലും പിന്നീട് അത് മരവിപ്പിച്ചു. കേസിന്റെ വിചാരണ ബുധനാഴ്ചയും തുടരും.
#SainulAbidMurder #KeralaCrime #JusticeForSainul #CourtTrial #SDPI