Assault | ട്രെയിനില്‍ ഉറങ്ങി കിടക്കുകയായിരുന്ന പാരാ മെഡിക്കല്‍ വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗികാതിക്രമം; യുവാവിനെ സാഹസികമായി പിടികൂടി
● പ്രതിയെ റെയിൽവേ പൊലീസും നാട്ടുകാരും ചേർന്ന് പിടികൂടി.
● തൃശൂരിൽ നിന്നും മംഗ്ളൂറിലേക്കുള്ള യാത്രയിലായിരുന്നു വിദ്യാർഥിനി
● പരാതിക്കാരിയുടെ മൊഴിയെടുത്ത് കേസെടുത്തു
കാസര്‍കോട്: (KasargodVartha) തൃശൂരിൽ നിന്നും വെസ്റ്റ് കോസ്റ്റ് ട്രെയിനില്‍ മംഗ്ളൂറിലേക്ക് യാത്ര ചെയ്യുകയായിരുന്ന പാരാമെഡികല്‍ വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതായി പരാതി. പെൺകുട്ടി യുവാവിൻ്റെ കൈ തട്ടിമാറ്റി ബഹളം വെച്ചതിനെ തുടർന്ന് മറ്റൊരു കംപാർട്മെൻ്റലേക്ക് യുവാവ് കടന്നുകളഞ്ഞു. 21 കാരിയായ വിദ്യാർഥിനി ഉടൻ ട്രെയിനിൽ സുരക്ഷാ ഡ്യൂടിയിലുണ്ടായിരുന്ന റെയിൽവെ കാസർകോട് എസ്ഐ എംവി പ്രകാശനെ പരാതി അറിയിച്ചു. ചുവന്ന ടി ഷർട് ധരിച്ചയാളാണ് ഉപദ്രവിച്ചതെന്ന് അറിയിച്ചു.
യുവാവ് കാഞ്ഞങ്ങാട് റെയിൽവെ സ്റ്റേഷനിൽ ഇറങ്ങാൻ സാധ്യതയുണ്ടെന്ന് കണ്ട് കാഞ്ഞങ്ങാട് ഡ്യൂടിയിലുണ്ടായിരുന്ന പൊലീസിനെ വിവരം അറിയിച്ചു. കാഞ്ഞങ്ങാട്ട് ചുവന്ന ടീ ഷർട് ധരിച്ച ആരും ഇറങ്ങിയിട്ടില്ലെന്ന് അറിയിച്ചതോടെ കാസർകോട് റെയിൽവെ സ്‌റ്റേഷനിൽ ഇറങ്ങുന്നതിനിടെ യുവാവിനെ പിടികൂടി. ഇയാൾ തന്നെയാണ് ഉപദ്രവിച്ചതെന്ന് പെൺകുട്ടി മൊഴി നൽകിയതോടെ റെയിൽവെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവരുന്നതിനിടെ പൊലീസിനെ തള്ളി മാറ്റി യുവാവ് ഓടി രക്ഷപ്പെട്ടു. പൊലീസും പിന്തുടർന്നു. പുറത്ത് റോഡിൽ എത്തിയതോടെ ഓടിക്കൂടിയവരുടെ സഹായത്തോടെ യുവാവിനെ കീഴടക്കി.
ആദൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഇബ്രാഹിം ബാദുശ (28) യെയാണ് കാസര്‍കോട് റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ചു മണിയോടെ മംഗ്ളൂറിലേക്കുള്ള വെസ്റ്റ് കോസ്റ്റ് എക്പ്രസ് എസ്- 6 കോചിലാണ് സംഭവം. ട്രെയിൻ നീലേശ്വരത്ത് എത്തിയപ്പോഴാണ് സഹയാത്രികനായ യുവാവ് വിദ്യാര്‍ഥിനിയെ കടന്നുപിടിച്ച് ലൈംഗികാതിക്രമത്തിനിരയാക്കിയതെന്നാണ് പരാതി. കൊച്ചിയിൽ ജൂസ് കടയിൽ ജോലി ചെയ്ത് വരികയാണ് ഇബ്രാഹിം ബാദുശ. ട്രെയിൻ യാത്രയ്ക്കിടെ പലപ്പോഴും ഇത്തരം കാര്യങ്ങൾ ചെയ്യാറുണ്ടെന്ന് യുവാവ് പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.
റെയിൽവെ എസ്‌ഐ എംവി പ്രകാശന്‍, സിപിഒമാരായ പ്രവീണ്‍ പീറ്റര്‍, പ്രശാന്ത്, ആര്‍പിഎഫ് എഎസ്ഐ അജിത്ത് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ സാഹസികമായി കീഴടക്കിയത്. യുവാവിനെ ഉച്ചയോടെ കാസര്‍കോട് കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്യും. ബിഎൻഎസ് 74, 75/2, റെഡ് വിത് 75/19 വകുപ്പുകൾ അനുസരിച്ചാണ് യുവാവിനെതിരെ കേസെടുത്തത്.
#KeralaNews #IndianRailways #Assault #JusticeForWomen #SafetyForWomen