Allegation | മൈമൂനയുടെ ദുരൂഹ മരണത്തിന് പിന്നിൽ കാസർകോട്ട് സജീവമായി പ്രവർത്തിക്കുന്ന ട്രേഡ് മാഫിയ സംഘമെന്ന് ആക്ഷൻ കമ്മിറ്റി
● ട്രേഡ് മാഫിയ സംഘം നാലര കോടി തട്ടിയെടുത്തുവെന്ന് ആരോപണം.
● കുറ്റവാളികളെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘം വേണമെന്ന് ആവശ്യം.
● 19ന് ആദൂർ പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധം
കാസർകോട്: (KasargodVartha) മുളിയാർ പഞ്ചായത്തിലെ ചൂരിമുലയിലെ മൈമൂന എന്ന വീട്ടമ്മയുടെ ദുരൂഹ മരണത്തിന് പിന്നിൽ ജില്ലയിൽ സജീവമായി പ്രവർത്തിക്കുന്ന ട്രേഡ് മാഫിയ സംഘത്തിന്റെ വലയിൽ അകപ്പെട്ടതാണെന്ന് മൈമൂന ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. 2024 മാർച്ച് അഞ്ചിന് പരിയാരം മെഡിക്കൽ കോളേജിൽ വച്ച് മരണപ്പെട്ട മൈമൂനയുടെ മരണത്തിന് പിന്നിലെ ദുരൂഹത നീക്കി കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് കമ്മിറ്റി ശക്തമായ പ്രതിഷേധത്തിന് ഒരുങ്ങുകയാണ്.
നിലവിലെ അന്വേഷണത്തിൽ യാതൊരു പുരോഗതിയുമില്ലാത്തതിൽ പ്രതിഷേധിച്ചാണ് കമ്മിറ്റിയുടെ നടപടി. മൈമൂനയുടെ മരണത്തിലൂടെ തട്ടിപ്പ് സംഘം നാലര കോടിയോളം രൂപ തട്ടിയെടുത്തതായി ഭാരവാഹികൾ പറഞ്ഞു. ജില്ലയിലും സംസ്ഥാനത്തും വിവിധ പേരിലും രൂപത്തിലും പ്രവർത്തിക്കുന്ന ഓൺലൈൻ ട്രേഡിങ് മാഫിയ സംഘങ്ങളുടെ പ്രവർത്തനം നിരവധി ജീവനുകൾക്ക് ഭീഷണിയാണെന്നും ആക്ഷൻ കമ്മിറ്റി ചൂണ്ടിക്കാട്ടി.
ഈ സാഹചര്യത്തിൽ, കുറ്റവാളികളെ കണ്ടെത്തുന്നതിനൊപ്പം ഇത്തരം മാഫിയ സംഘങ്ങൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കണമെന്നും ആവശ്യപ്പെട്ട് ഈ വരുന്ന 19ന് രാവിലെ 10 മണിക്ക് ആദൂർ പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധ പരിപാടി സംഘടിപ്പിക്കും. അഡ്വ. സി എച്ച് കുഞ്ഞമ്പു എംഎൽഎ ഉദ്ഘാടനം ചെയ്യും. ജില്ലയിലെ വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും സാമൂഹ്യ സംസ്കാരിക പ്രവർത്തകരും പ്രതിഷേധത്തിൽ പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
വാർത്താസമ്മേളനത്തിൽ സി കെ എം മുനീർ, എ ആർ ധന്യവാദ്, അഷ്റഫ് ബോവിക്കാനം, ഹനീഫ ആശിർവാദ്, അഷ്റഫ് ബി എം എന്നിവർ പങ്കെടുത്തു.
#KasaragodNews #JusticeForMaimoona #TradeMafia #OnlineScam #Investigation