Robbers | വൻ കവർച്ച സംഘത്തിലെ 2 പേരെ പൊലീസ് പിടികൂടി; 4 പേർ ഓടി രക്ഷപ്പെട്ടു; പ്രതികൾ എത്തിയ കാറിൽ നിന്നും മാരകായുധങ്ങൾ പിടികൂടി
● പ്രതികളെ കാസർകോട് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
● നാട്ടുകാരുടെ സഹായത്തോടെയാണ് പ്രതികളെ പിടികൂടാൻ കഴിഞ്ഞത്.
● പ്രതികളെ ചോദ്യം ചെയ്ത് വരികയാണ്.
മഞ്ചേശ്വരം: (KasargodVartha) മജീർപ്പള്ളയിൽ കവർച്ചാ സംഘത്തിലെ രണ്ടു പേരെ പൊലീസ് പിടികൂടി. ഞായറാഴ്ച പുലർച്ചെ മജീർപ്പള്ളയിൽ കവർച്ചയ്‌ക്കെത്തിയപ്പോഴാണ് സംഘം പിടിയിലായത്. പൊലീസ് പട്രോളിംഗിനിടയിൽ എത്തിയ കാർ തടഞ്ഞ് നിർത്തി പരിശോധിച്ചപ്പോഴാണ് കവർച്ചാ സംഘം ആണെന്ന് മനസ്സിലായത്.
കർണാടക ഉള്ളാൾ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഫൈസൽ, തുംകൂറിലെ സഈദ് അമാൻ എന്നിവരാണ് പിടിയിലായത്. മറ്റ് നാലു പേർ ഇറങ്ങിയോടി രക്ഷപ്പെട്ടു. രക്ഷപ്പെടാൻ ശ്രമിച്ച രണ്ടുപേരെ പൊലീസ് കീഴടക്കുകയായിരുന്നു. ഇതിനിടെയിൽ പരുക്കേറ്റ ഇവരെ കാസർകോട് ജനറൽ ആശുപത്രിയിൽ പൊലീസ് കാവലിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പ്രതികളെ ചോദ്യം ചെയ്തതിൽ നിന്നും രക്ഷപ്പെട്ടവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവർക്ക് വേണ്ടി തിരച്ചിൽ ശക്തമാക്കിയിരിക്കുകയാണ്. കവർച്ചാ സംഘം എത്തിയ കാറിൽ നിന്നും ഗ്യാസ് കട്ടർ, മാരകായുധങ്ങൾ എന്നിവ പിടിച്ചെടുത്തു.
കാസർകോടിൻ്റെ വിവിധ ഭാഗങ്ങളിൽ കവർച്ചാ സംഘം കുറെ നാളുകളായി നാട്ടുകാർക്കും പൊലീസിനും തലവേദന സൃഷ്ടിച്ചു വരികയായിരുന്നു. മഞ്ചേശ്വരം ഇൻസ്പെക്ടർ ഇ അനൂബ് കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. കവർച്ചാ സംഘത്തെ പിടികൂടാൻ നാട്ടുകാരുടെ സഹായവും പൊലീസിനു ലഭിച്ചിരുന്നു. പിടിയിലായ മോഷ്ടാക്കളെ ചോദ്യം ചെയ്ത് വരികയാണ്.
#Manjeshwar #robbery #arrest #police #Karnataka #crime