Tragedy | 'ഗര്‍ഭിണിയായ ഭാര്യയെ പരിചരിക്കാന്‍ അവധി അനുവദിച്ചില്ല'; പൊലീസുകാരന്‍ സ്വയം വെടിവെച്ച് മരിച്ചത് മാനസിക സംഘര്‍ഷം കാരണമെന്ന് സുഹൃത്തുക്കള്‍
● സംഭവം അരീക്കോട്ടെ എംഎസ്പി ക്യാംപില്‍.
● അരീക്കോട് സ്‌പെഷല്‍ ഓപ്പറേഷന്‍ ഗ്രൂപ്പ് കമാന്‍ഡോ.
● മൃതദേഹം മഞ്ചേരിയിലെ ആശുപത്രിയിലേക്ക് മാറ്റി.
മലപ്പുറം: (KasargodVartha) അരീക്കോട് പൊലീസ് ക്യാമ്പില്‍ പൊലീസുകാരന്‍ സ്വയം നിറയൊഴിച്ച് ജീവനൊടുക്കിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ദീര്‍ഘകാലമായി അവധി ലഭിക്കാത്തതാണ് ജീവനൊടുക്കാന്‍ കാരണമെന്ന് സൂചനയുണ്ട്.
അരീക്കോട് സ്‌പെഷല്‍ ഓപ്പറേഷന്‍ ഗ്രൂപ്പ് (എസ്ഒജി) കമാന്‍ഡോ ആയ വയനാട് മാനന്തവാടി സ്വദേശി വിനീത് (35) ആണ് വെടിയേറ്റ് മരിച്ചത്. ഞായറാഴ്ച രാത്രി എട്ടരയോടെ അരീക്കോട്ടെ എംഎസ്പി ക്യാംപില്‍വച്ച് റൈഫിള്‍ ഉപയോഗിച്ചു സ്വയം വെടിവയ്ക്കുകയായിരുന്നുവെന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞു. ഉടനെ അരീക്കോട്ടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
വിനീതിന്റെ ഭാര്യ ഗര്‍ഭിണിയാണ്. ഇവരെ പരിചരിക്കാനായി അവധി ചോദിച്ചെങ്കിലും ലഭിക്കാത്തതിന്റെ മനോവിഷമത്തിലായിരുന്നു വിനീതെന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞു. 45 ദിവസത്തോളം വിനീത് അവധി ലഭിക്കാതെ ജോലി ചെയ്‌തെന്ന് സുഹൃത്തുക്കള്‍ പറയുന്നു. അവധി ആവശ്യപ്പെട്ട് മേലുദ്യോഗസ്ഥരോട് സംസാരിച്ചെങ്കിലും നല്‍കിയില്ല എന്നാണ് വിവരം.
ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം മഞ്ചേരിയിലെ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടം ഉള്‍പ്പെടെയുള്ള നടപടികള്‍ തിങ്കളാഴ്ച നടക്കും. ശേഷം കുടുംബത്തിന് വിട്ടുനല്‍കും. മാവോയിസ്റ്റ് വേട്ടയ്ക്കും തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുമായി രൂപീകരിച്ച സേനയാണ് എസ്ഒജി.
(ശ്രദ്ധിക്കുക: സ്വയം ജീവനൊടുക്കുന്നത് ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)
#police #mentalhealth #Kerala #Areekode #RIP #justice #workstress #family