Arrest | നീലേശ്വരം അപകടം: ക്ഷേത്ര ഭാരവാഹികൾ അടക്കം 3 പേർ അറസ്റ്റിൽ

● നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവിലെ ക്ഷേത്രത്തിലാണ് അപകടം.
● 102 പേർ ഇപ്പോഴും ആശുപത്രിയിൽ.
● അനുമതിയില്ലാതെയാണ് വെടിക്കെട്ട് നടത്തിയതെന്ന് പൊലീസ്.
നീലേശ്വരം: (KasargodVartha) അഞ്ഞൂറ്റമ്പലം വീരർകാവിലെ ക്ഷേത്രത്തിൽ കളിയാട്ട മഹോത്സവത്തിനിടയിൽ ഉണ്ടായ വെടിക്കെട്ട് അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റ സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. ക്ഷേത്ര കമിറ്റിയുടെ പ്രസിഡന്റ് ഭരതൻ, സെക്രടറി ചന്ദ്രശേഖരൻ, പടക്കം പൊട്ടിച്ച രാജേഷ് എന്നിവരെയാണ് നീലേശ്വരം പൊലീസ് അറസ്റ്റ് ചെയ്തത്.
നേരത്തെ ക്ഷേത്ര കമിറ്റി ഭാരവാഹികൾ അടക്കം എട്ട് പേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. വെടി പൊട്ടിത്തെറിച്ചാണ് വെടിപ്പുരയ്ക്ക് തീ പിടിച്ചതെന്നും ആവശ്യമായ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നും പൊലീസ് എഫ്ഐആറിൽ പറയുന്നു. പടക്കപുരയും കാണികളും തമ്മിൽ ആവശ്യത്തിന് അകലം പാലിച്ചില്ലെന്നും അനുമതിയില്ലാതെയും നിശ്ചിത മാനദണ്ഡങ്ങൾ ലംഘിച്ചുമാണ് വെടിക്കെട്ട് നടത്തിയതെന്നും എഫ്‌ഐആറിൽ പരാമർശിക്കുന്നു.
അനുമതിയില്ലാതെയാണ് പടക്കശേഖരം സൂക്ഷിച്ചിരുന്നതെന്നും സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിരുന്നില്ലെന്നും ജില്ലാ പൊലീസ് മേധാവി ഡി ശിൽപയും നേരത്തെ പറഞ്ഞിരുന്നു. ചൊവ്വാഴ്ച പുലർച്ചെ മൂവാളംകുഴി ചാമുണ്ഡി തെയ്യത്തിന്റെ വെള്ളാട്ടം പുറപ്പാട് സമയത്ത് പടക്കം പൊട്ടിക്കുന്നതിനിടലാണ് അപകടമുണ്ടായത്. ക്ഷേത്ര മതിലിനോട് ചേർന്ന് ഷീറ്റ് പാകിയ കെട്ടിടത്തിലാണ് പടക്കം സൂക്ഷിച്ചിരുന്നത്.
അപകടത്തിൽ 154 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ 102 പേർ ആശുപത്രിയിൽ ചികിത്സയിലാണ്. 21 പേർ ഗുരുതരമായ പരിക്കുകളോടെയാണ് ആശുപത്രിയിൽ കഴിയുന്നത്. പരുക്കേറ്റവരെ നീലേശ്വരം, കാഞ്ഞങ്ങാട്, കണ്ണൂർ, കോഴിക്കോട്, മംഗളൂരു എന്നിവിടങ്ങളിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ആറ് പേരും, അരിമല ആശുപത്രിയിൽ രണ്ട്‍ പേരും, സഞ്ജീവനി ആശുപത്രിയിൽ എട്ട് പേരും, പരിയാരം മെഡിക്കൽ കോളജിൽ അഞ്ച് പേരും, അയ്ഷൽ ആശുപത്രിയിൽ 16 പേരും ചികിത്സയിലാണ്.
കണ്ണൂർ ആസ്റ്റർ മിംസിൽ 25 പേരും, കോഴിക്കോട് മിംസിൽ ആറ് പേരും, കെഎച്ച് ചെറുവത്തൂരിൽ ഒരാളും, മൻസൂർ ആശുപത്രിയിൽ അഞ്ച് പേരും, എജെ മെഡിക്കൽ കോളജിൽ 21 പേരും, ദീപ ആശുപത്രിയിൽ ഒരാളും, ബേബി മെമ്മോറിയൽ ആശുപത്രിയിൽ മൂന്ന് പേരും, കെഎസ് ഹെഗ്‌ഡെ മെഡിക്കൽ കോളജിൽ മൂന്ന് പേരും ചികിത്സയിലാണ്.
ഇതിൽ 21 പേർ ഗുരുതരമായ പരിക്കുകളോടെയാണ് ആശുപത്രിയിൽ കഴിയുന്നത്. ഏഴ് പേർ വെന്റിലേറ്ററിലാണ്. ഒരാൾക്ക് 45% വരെ പൊള്ളലേറ്റിട്ടുണ്ടെന്നും ശ്വാസകോശത്തെ ബാധിച്ചിട്ടുണ്ടെന്നും അത്യന്തം ഗുരുതരാവസ്ഥയിലാണെന്നും അധികൃതർ പറയുന്നു.
#KeralaAccident #TempleFirecracker #Neeleswaram #Injured #Arrest #Investigation #SafetyFirst