Arrest | 'കോളജ് ജീവനക്കാരന്റെ നഗ്നവീഡിയോ എടുത്ത് പണം തട്ടി', 3 പേരെ സിനിമ സ്റ്റൈലിൽ പൊലീസ് പിടികൂടി; മുഖ്യപ്രതി രക്ഷപ്പെട്ടു
● ആദ്യം ഫോൺപേ വഴി 13,500 രൂപ വിവിധ അകൗണ്ടിലേക്ക് ട്രാൻസഫർ ചെയ്തിരുന്നു
● പിന്നീട് വീണ്ടും പണം ആവശ്യപ്പെട്ടു
● ബിഎൻഎസ് 126 (2), 115 (2), 351 (2), 308 (2), 3 (5) വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തത്.
കാസര്‍കോട്: (KasargodVartha) കണ്ണൂർ ജില്ലയിലെ കോളജ് ജീവനക്കാരനെ വിളിച്ചു വരുത്തി നഗ്നവീഡിയോ എടുത്ത് പണം തട്ടിയെന്ന പരാതിയിൽ മൂന്ന് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ മുഹമ്മദ് റാശിദ് (21), മുഹമ്മദ് അസ്‌കര്‍ (21), മുഹമ്മദ് അശ്ഫാദ് (21) എന്നിവരെയാണ് കാസര്‍കോട് ടൗണ്‍ പൊലീസ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കാസർകോട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്ന് പിടികൂടിയത്. കേസിലെ മുഖ്യപ്രതിയെ പിടികൂടാനുണ്ട്.
ഏതാനും ദിവസം മുമ്പ് കോളജ് ജീവനക്കാരനെ കാസർകോട്ടെ ഒരു ലോഡ്ജിലേക്ക് വിളിച്ചുവരുത്തി പ്രതികൾ ചേർന്ന് ഇദ്ദേഹത്തിന്റെ നഗ്‌ന വീഡിയോ എടുത്തിരുന്നുവെന്നാണ് പറയുന്നത്. ഇതിന് ശേഷം ഇക്കഴിഞ്ഞ സെപ്റ്റംബർ 19ന്, കാസർകോട് കസബയിലെ ഒരു വയൽക്കരയിൽ നഗ്നവീഡിയോ മറ്റുള്ളവർക്ക് കാണിച്ചുകൊടുക്കുമെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തി ഇദ്ദേഹത്തിന്റെ മൊബൈൽ ഫോൺ പിടിച്ചുവാങ്ങി ഫോൺപേ വഴി 13,500 രൂപ വിവിധ അകൗണ്ടിലേക്ക് ട്രാൻസഫർ ചെയ്തിരുന്നുവെന്നും പരാതിയിൽ പറയുന്നു.
പിന്നീട് സെപ്റ്റംബർ 29ന് ഉച്ചക്ക് 1.20 മണിയോടെ പ്രതികൾ കൂടുതൽ പണം ആവശ്യപ്പെട്ട് കാസർകോട് റെയിൽവേ സ്റ്റേഷന് പുറത്ത് നിർത്തിയ ആൾടോ കാർ തടഞ്ഞുവെച്ച് അടിച്ചും ചവിട്ടിയും വീണ്ടും മൊബൈൽ ഫോൺ തട്ടിപ്പറിക്കാൻ ശ്രമിച്ചപ്പോൾ രഹസ്യ വിവരം ലഭിച്ചെത്തിയ പൊലിസ് പ്രതികളെ പിടികൂടാൻ ശ്രമിക്കുകയായിരുന്നുവെന്ന് അന്വേഷണ വൃത്തങ്ങൾ അറിയിച്ചു. കാർ പിന്നോട്ടെടുത്ത് അപകടം വരുത്തുന്ന രീതിയിൽ രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ പൊലീസ് സിനിമ സ്റ്റൈലിൽ പിടികൂടുകയായിരുന്നു.
ഇതിനിടയിലാണ് മുഖ്യപ്രതി അസ്ഹർ അലി കടന്നുകളഞ്ഞത്. ഇതേസംഘത്തിന് മയക്കുമരുന്ന് ഇടപാട് അടക്കമുള്ള മറ്റുചില കാര്യങ്ങളുമായി ബന്ധമുണ്ടെന്ന് പൊലീസിന് സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ മുഖ്യപ്രതിക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ബിഎൻഎസ് പ്രകാരം 126 (2), 115 (2), 351 (2) , 308 (2), 3 (5) വകുപ്പുകൾ അനുസരിച്ചാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഹൊസ്ദുർഗ് പൊലീസിന്റെ കൂടി സഹായത്തോടെയാണ് പ്രതികളെ കാസർകോട് ടൗൺ എസ്ഐ പി അനൂബിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും. ഇവർ സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തു.
#Kasargod #Extortion #PoliceArrests #CrimeNews #Kerala #VideoBlackmail