Arrested | 'പോക്സോ കേസിൽ മൊഴി മാറ്റിപറഞ്ഞില്ലെങ്കിൽ ഇരയെയും കുടുംബത്തെയും കൊല്ലുമെന്ന് ഭീഷണി'; പ്രതിയുടെ സഹോദരൻ അറസ്റ്റിൽ
കുമ്പള: (KasargodVartha) പോക്സോ കേസിൽ (POCSO case) മൊഴി മാറ്റിപറഞ്ഞില്ലെങ്കിൽ ഇരയെയും കുടുംബത്തെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ (Complaint) യുവാവ് പൊലീസ് (Police) പിടിയിൽ. കുമ്പള പൊലീസ് സ്റ്റേഷൻ (Kumbla Police Station) പരിധിയിലെ വരുൺ രാജ് (30) ആണ് അറസ്റ്റിലായത്.
2018ൽ പൊലീസ് രജിസ്റ്റർ ചെയ്ത പോക്സോ കേസിൽ വിചാരണ (Trial) കാസർകോട് ഫാസ്റ്റ് ട്രാക് കോടതിയിൽ (Court) നടന്നുകൊണ്ടിരിക്കുകയാണ്. ഈ കേസിൽ പ്രതിയായ കുമ്പള പൊലീസ് സ്റ്റേഷൻ പരിധിയിലെ കിരൺ രാജ് നിലവിൽ കാപ (KAAPA) കേസിൽ ജയിലിൽ കഴിയുകയാണ്. കിരൺ രാജിന്റെ സഹോദരനാണ് ഇപ്പോൾ പൊലീസ് പിടിയിലായ വരുൺ രാജ്.
പോക്സോ കേസിൽ സഹോദരന് അനുകൂലമായി മൊഴി നൽകിയില്ലെങ്കിൽ കൊല്ലുമെന്ന് വരുൺ രാജ് ഭീഷണി മുഴക്കിയതായി ഇരയായ പെൺകുട്ടി കോടതിയെ അറിയിക്കുകയായിരുന്നു. തുടർന്ന് കോടതി നിർദേശ പ്രകാരം പെൺകുട്ടിയുടെ മൊഴിയെടുത്ത് കുമ്പള പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.
കേസെടുത്തതോടെ പ്രതി ഒളിവിൽ പോയിരുന്നു. യുവാവിനെ പിടികൂടുന്നതിനായി മഫ്‌തിയിൽ പൊലീസുകാരെയും നിയമിച്ചിരുന്നു. ചൊവ്വാഴ്ച പുലർച്ചെ യുവാവ് മംഗ്ളൂറിലേക്ക് പോകുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ സമർഥമായ നീക്കത്തിലൂടെയാണ് യുവാവ് പിടിയിലായത്.
വരുൺ രാജും കിരൺ രാജും നിരവധി കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. കുമ്പള സ്റ്റേഷൻ ഹൗസ് ഓഫീസർ കെ പി വിനോദ് കുമാർ, പൊലീസുകാരായ സുഭാഷ്, വിനോദ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ ഉച്ചയോടെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.