Youth Sentenced | 16 കാരിയെ കെട്ടിയിട്ട് ക്രൂരമായി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന കേസ്; 27 കാരന് 49 വര്‍ഷം കഠിന തടവും പിഴയും
തിരുവനന്തപുരം: (www.kasargodvartha.com)16 കാരിയെ കെട്ടിയിട്ട് ക്രൂരമായി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന കേസില്‍ 27 കാരനായ ശില്‍പിക്ക് 49 വര്‍ഷം കഠിന തടവും പിഴയും ശിക്ഷ വിധിച്ച് തിരുവനന്തപുരം അതിവേഗ പ്രത്യേക സ്‌പെഷ്യല്‍ കോടതി. 86,000 രൂപ അടച്ചില്ലെങ്കില്‍ രണ്ടര വര്‍ഷം കൂടുതല്‍ ശിക്ഷ അനുഭവിക്കണമെന്നും ജഡ്ജി ആജ് സുദര്‍ശനന്‍ വിധിച്ചു. പിഴത്തുക ഇരയായ കുട്ടിക്ക് നല്‍കണം.
പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂടര്‍ ആര്‍ എസ് വിജയ് മോഹന്‍, അഭിഭാഷകരായ എം മുബീന, ആര്‍ വൈ അഖിലേഷ് എന്നിവര്‍ ഹാജരായി. പ്രോസിക്യൂഷന്‍ 21 ഒന്ന് സാക്ഷികള്‍, 33 രേഖകള്‍, ഏഴ് തൊണ്ടിമുതലുകള്‍ ഹാജരാക്കി.
കേസിനാസ്പദമായ സംഭവത്തെ കുറിച്ച് ആര്യനാട് പൊലീസ് പറയുന്നത് ഇങ്ങനെ: പ്രതി പല തവണ നേരിട്ടും ഫോണിലൂടെയും കുട്ടിയെ ശല്യം ചെയ്തിരുന്നു. 2021 ഓഗസ്റ്റ് മൂന്നിന് രാവിലെ പ്രതി പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുടെ വീട്ടില്‍ കയറി കെട്ടിയിട്ട് പീഡിപ്പിക്കുകയായിരുന്നു. കുട്ടി പ്രതിരോധിച്ചപ്പോഴാണ് കൈകള്‍ പിന്നോട്ടാക്കി ഷാള്‍വെച്ച് കെട്ടുകയും വാ പൊത്തി പിടിച്ചതിന് ശേഷം പീഡിപ്പിക്കുകയും ചെയ്തത്.
പിന്നീട് സെപ്റ്റംബര്‍ 24ന് ഉച്ചയ്ക്ക് വീടിന് പുറത്തെ കുളിമുറിയില്‍ വച്ച് സമാനമായി വീണ്ടും പീഡിപ്പിച്ചു. കുട്ടി കുളിക്കാന്‍ കയറിയപ്പോള്‍ പ്രതി കുളിമുറി തള്ളി തുറന്ന് കയറി പീഡിപ്പിക്കുകയായിരുന്നു. കുട്ടിയുടെ വീട്ടുകാര്‍ പുറത്ത് പോയെന്ന് ഉറപ്പ് വരുത്തിയ ശേഷമാണ് പ്രതി പീഡിപ്പിക്കാന്‍ കയറിയത്.
സംഭവം പുറത്ത് പറഞ്ഞാല്‍ കൊന്ന് കളയുമെന്നും സാമൂഹിക മാധ്യമങ്ങളില്‍ ചിത്രങ്ങള്‍ ഇടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതിനാല്‍ കുട്ടി ഭയന്ന് ആരോടും വിവരം പറഞ്ഞില്ല. പ്രതി മറ്റ് ക്രിമിനല്‍ കേസുകളില്‍ പ്രതി കൂടിയായതിനാല്‍ കുട്ടി ഭയന്നിരുന്നു. കുറച്ച് മാസങ്ങള്‍ക്ക് ശേഷം വയറുവേദനയെ തുടര്‍ന്ന് കുട്ടിയെ ആശുപത്രിയില്‍ കാണിച്ചപ്പോഴാണ് ഗര്‍ഭിണിയാണെന്ന കാര്യം അറിയുന്നത്. തുടര്‍ന്നാണ് ആര്യനാട് പൊലീസ് കേസ് എടുത്തത്.
എസ് റ്റി ആശുപത്രിയില്‍ കുട്ടി ഗര്‍ഭഛിദ്രം ചെയ്തു. പൊലീസ് ഗര്‍ഭപിണ്ഡം പ്രതിയുടെ രക്ത സാംപിളുമായി ഡി എന്‍ എ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ പ്രതിയുടേതാണെന്ന് ശാസ്ത്രീയമായി തെളിഞ്ഞു. ആര്യനാട് പൊലീസ് ഇന്‍സ്‌പെക്ടര്‍ ജോസ് എന്‍ ആര്‍, എസ് ഐ ഷീന എല്‍ എന്നിവരാണ് കേസ് അന്വേഷിച്ചത്.
Keywords: News, Kerala, State, Top-Headlines, Molestation, Accuse, Sentenced, Jail, Police, Crime, Minor girls, Thiruvananthapuram: Youth sentenced to 49 year jail in Molestation case