Probe | യുവാവിനെ കാറിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം; മോഷണശ്രമത്തിനിടെയുള്ള കൊലപാതകമെന്ന് പൊലീസ്
പൊലീസിന്റെ പട്രോളിംഗിന്‌ടെയാണ് മൃതദേഹം കണ്ടെത്തിയത്.
മൃതദേഹം കുഴിത്തുറ ജെനറല്‍ ആശുപത്രിയിലേക്ക് മാറ്റി.
തക്കല എസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണം പുരോഗമിക്കുന്നു.
തിരുവനന്തപുരം: (KasargodVartha) കേരള അതിര്‍ത്തിയായ കാളിയിക്കാവിള ഒറ്റാമരത്ത് കാറിനുള്ളില്‍ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. കാറിനുള്ളില്‍ കഴുത്തറുത്ത നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. വാഹനത്തിന്റെ ഉടമയായ പാപ്പനംകോട് കരമന സ്വദേശിയായ എസ് ദീപു (44) ആണ് മരിച്ചത്.
ക്രഷറിലേക്ക് ഉപകരണം വാങ്ങാന്‍ 10 ലക്ഷം രൂപയുമായി കോയമ്പതൂരിലേക്ക് പോയതായിരുന്നു ദീപു എന്നാണ് വീട്ടുകാര്‍ പറയുന്നത്. കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെ തമിഴ്‌നാട് പൊലീസിന്റെ പട്രോളിംഗിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കുഴിത്തുറ ജെനറല്‍ ആശുപത്രിയിലേക്ക് മാറ്റി.
കാര്‍ വഴിയരികില്‍ നിര്‍ത്തിയിട്ട നിലയിലായിരുന്നു. കാറിന്റെ ഇന്‍ഡികേറ്റര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിനാല്‍ പൊലീസ് വാഹനത്തിന് സമീപം എത്തുകയായിരുന്നു. കാറിന്റെ മുന്‍ സീറ്റിലാണ് യുവാവിനെ കഴുത്തറുത്ത നിലയില്‍ കണ്ടെത്തിയതെന്നും കാറിന്റെ ഡികി തുറന്ന് കിടക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
ദീപുവിന് മലയത്ത് ക്രഷര്‍ യൂണിറ്റുണ്ട്. പുതിയ ക്രഷര്‍ തുടങ്ങുന്നതിനായി മണ്ണുമാന്തി യന്ത്രവും മറ്റും വാങ്ങുന്നതിനായി രൂപയുമായി കോയമ്പതൂരിലേക്ക് പോയതാണെന്നാണ് വീട്ടുകാരുടെ മൊഴി. പണം തട്ടിയെടുക്കുന്നതിനിടെയുള്ള കൊലപാതകം ആകാമെന്നാണ് പൊലീസ് സംശയിക്കുന്നത്. സംഭവത്തില്‍ കളിയിക്കാവിള പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തക്കല എസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം.