Arrest | 'ലാപ്ടോപോ മറ്റ് വില പിടിപ്പുള്ള വസ്തുക്കളോ വേണ്ട, പണവും സ്വർണവും മാത്രം മതി'; സർകാർ ഓഫീസിലെ മോഷണശ്രമത്തിൽ നിരവധി കേസുകളിലെ പ്രതി അറസ്റ്റിൽ
● പ്രതി പത്തനംതിട്ട സ്വദേശിയാണ്.
● 'മാഹിയിൽ ക്ഷേത്ര ഭണ്ഡാരം കവർന്ന പണവുമായി കാസർകോട്ടെത്തിയിരുന്നു'.
● 'ചില്ലറ നാണയം കൈമാറ്റം ചെയ്യാൻ ശ്രമിക്കുന്നതിനിടെ പിടിയിലായി'.
കാസർകോട്: (KasargodVartha) മോഷണസ്ഥലത്ത് ലാപ്ടോപോ മറ്റ് വിലപിടിപ്പുള്ള വസ്തുക്കളോ കണ്ടാൽ എടുക്കില്ല. എന്നാൽ പണമോ സ്വർണമോ കണ്ടാൽ വിടുകയുമില്ല. കാസർകോട് തളങ്കര വിലേജ് ഓഫീസ് കുത്തിത്തുറന്ന് മോഷണശ്രമം നടത്തിയ കേസിലെ പ്രതി അറസ്റ്റിലായപ്പോഴാണ് തൻ്റെ കവർച്ചാ രീതി വെളിപ്പെടുത്തിയത്.
നിരവധി മോഷണ കേസിലെ പ്രതിയായ പത്തനംതിട്ടയിലെ കല്ലൂർ വിഷ്‌ണുവിനെ (32) യാണ് കാസർകോട് ടൗൺ പൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ഞായർ പുലർച്ചെയാണ് തളങ്കരയിലെ വിലേജ് ഓഫീസ് കുത്തിത്തുറന്ന് മോഷ്ടിക്കാൻ ശ്രമിച്ചത്.
ഇതിനിടെ കിട്ടിയ ചില്ലറ നാണയ തുട്ടുകൾ ടൗണിലെ കടയിൽ നൽകാൻ ശ്രമിക്കുന്നതിനിടെ സംശയം തോന്നിയ കടയുടമ പൊലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് വൈകുന്നേരത്തോടെ ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തപ്പോഴാണ് നിരവധി മോഷണ കേസുകളിലെ പ്രതിയാണെന്ന് വ്യക്തമായത്.
ഇയാൾ മാഹിയിൽ ക്ഷേത്ര ഭണ്ഡാരം കവർന്ന പണവുമായി കാസർകോട്ടെത്തിയതായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വിലേജ് ഓഫീസ് കുത്തിതുറന്നിരുന്നുവെങ്കിലും ലാപ്ടോപ് അടക്കം ഉണ്ടായിട്ടും യാതൊന്നും മോഷണം പോയിരുന്നില്ല.
#KasaragodCrime #KeralaNews #TheftArrest #UnusualRobber #PoliceAction #CrimeReport