Theft | ബിഎസ്‌എൻഎലിനെ വിടാതെ പിന്തുടർന്ന് കള്ളൻ; ഓഫീസിന്റെ പൂട്ട് തകർത്ത് സിസിടിവിയും ബാറ്ററികളും കവർന്ന കേസിൽ കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റിലായി
● 1,29,000 രൂപയുടെ മുതലാണ് നഷ്ടമായത്.
● നിരവധി കേസുകളിൽ പ്രതിയാണ് മണി.
● മറ്റ് ജില്ലകളിലും സമാന കേസുകൾ ഉണ്ടോയെന്ന് പരിശോധിക്കുന്നു.
കാഞ്ഞങ്ങാട്: (KasargodVartha) ബി എസ് എൻ എലിനെ വിടാതെ പിന്തുടർന്ന് കള്ളൻ. ഓഫീസിന്റെ പൂട്ട് തകർത്ത് സി സി ടി വിയും മൂന്നു ബാറ്ററികളും കവർച്ച ചെയ്ത കേസിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ചന്തേര പൊലീസ് സ്റ്റേഷൻ പരിധിയിലെ കുപ്രസിദ്ധ മോഷ്ടാവ് ടി ആർ മണി (49) യെയാണ് ഹൊസ്ദുർഗ് പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞയാഴ്ച രാത്രിയിലാണ് പുതിയകോട്ടയിലെ ബി എസ് എൻ എൽ ഓഫീസിന്റെ പൂട്ട് പൊളിച്ചു അകത്തുണ്ടായിരുന്ന സി സി ടി വിയും മൂന്ന് ബാറ്ററികളും കവർന്നത്. 1,29,000 രൂപയുടെ മുതലുകളാണ് മോഷണം പോയത്. ഓഫീസർ ടി ഷിനീദിന്റെ പരാതിയിൽ ഹൊസ്ദുർഗ് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു.
തിങ്കളാഴ്ച വൈകിട്ടോടെയാണ് ഹൊസ്ദുർഗ് ഇൻസ്‌പെക്ടർ പി അജിത് കുമാർ, എസ് ഐ അൻസാർ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം മണിയെ അറസ്റ്റ് ചെയ്തത്. നിരവധി കേസുകളിൽ പ്രതിയാണ് മണിയെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ ചൊവ്വാഴ്ച ഉച്ചയോടെ കോടതിയിൽ ഹാജരാക്കും.
നീലേശ്വരത്തും ചീമേനിയിലും സമാന രീതിയിൽ ബിഎസ്എൻഎൽ ഓഫീസിൽ കയറി ബാറ്ററികൾ കവർന്നത് മണിയാണെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായി. എന്തിനാണ് ബിഎസ്എൻഎൽ ഓഫീസിനെ മാത്രം മണി കവർച്ചയ്ക്ക് തിരഞ്ഞെടുക്കുന്നു എന്ന ചോദ്യത്തിന് മണി വ്യക്തമായ ഉത്തരം നൽകിയിട്ടില്ല.
#BSNLtheft #KannurCrime #KeralaNews #Arrest #CCTV #Battery