Arrest | ദേശീയപാത നിർമാണത്തിനായി വെച്ച ബാരലുകൾ മോഷണം പോകുന്നത് പതിവായി; രഹസ്യമായി നിരീക്ഷിച്ച് വരുന്നതിനിടയിൽ യുവാവിനെ കയ്യോടെ പൊക്കി

● 10,000 രൂപയുടെ ബാരലുകളാണ് മോഷ്ടിച്ചത്
● ടെംപോയിൽ കടത്തുന്നതിനിടെയാണ് പിടികൂടിയത്
● കുമ്പള പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി.
കുമ്പള: (KasargodVartha) ദേശീയപാത നിർമാണത്തിനായി വെച്ച ബാരലുകൾ ടെംപോയിൽ കടത്തുന്നതിനിടെ യുവാവ് കുടുങ്ങി. ചികമംഗ്ളൂറിലെ വിനയകുമാർ (29) ആണ് അറസ്റ്റിലായത്. ഷിറിയ ദേശീയ പാതയിൽ ഡിവൈഡറായി വെച്ചിരുന്ന 10 ഇരുമ്പ് ബാരലുകൾ മോഷ്ടിച്ച് കടത്തുമ്പോഴാണ് പിടിയിലായത്.
10,000 ലധികം രൂപ വിലവരുന്ന ബാരലുകളാണ് യുവാവ് മോഷ്ടിച്ച് കടത്താൻ ശ്രമിച്ചത്. നേരത്തെ ഈ ഭാഗങ്ങളിൽ നിന്ന് നിരവധി തവണ ബാരലുകൾ മോഷണം പോയിരുന്നു. തുടർന്ന് ബന്ധപ്പെട്ടവർ രഹസ്യമായി നിരീക്ഷിച്ച് വരികയായിരുന്നു. ഇതിനിടയിലാണ് ചൊവ്വാഴ്ച രാവിലെ വിനയകുമാർ ബാരലുകൾ ടെംപോയിൽ കടത്തുന്നതിനിടെ പിടികൂടി പൊലീസിൽ ഏൽപിച്ചത്.
തുടർന്ന് പ്രതിയെയും വാഹനവും പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കുമ്പള ഇൻസ്പെക്ടർ കെ പി വിനോദ് കുമാറിന്റെ നേതൃത്വത്തിൽ എസ്ഐ ശ്രീജേഷ്, പൊലീസ് ഉദ്യോഗസ്ഥനായ ചന്ദ്രൻ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
#BarrelTheft #PoliceArrest #NationalHighway #CrimeReport #KarnatakaNews #HighwayConstruction