Theft | നീലേശ്വരം രാജാസ് ഹയര്‍ സെകൻഡറി സ്‌കൂളില്‍ മോഷണം; 11,600 രൂപയും എസ്എൽആർ കാമറയും കവർന്നു
തൊട്ടടുത്ത മുറിയില്‍ തന്നെ സുരക്ഷാ ജീവനക്കാരന്‍ ഉണ്ടായിരുന്നു
നീലേശ്വരം: (KasargodVartha) രാജാസ് ഹയര്‍ സെകൻഡറി സ്‌കൂളില്‍ കവര്‍ച്ച. പ്രധാന അധ്യാപികയുടെയും ഓഫീസിന്റെയും പൂട്ടുതകർത്ത് അകത്തു കടന്ന മോഷ്ടാവ് അലമാരയിൽ ഉണ്ടായിരുന്ന 11,600 രൂപയും എസ്എല്‍ആര്‍ കാമറയും മോഡവും കവര്‍ന്നു. സിസിടിവി കാമറകള്‍ തിരിച്ചുവച്ച നിലയിലാണ്. ഇതേ മുറിയില്‍ കംപ്യൂടർ ലാബിലെ 35 ലാപ്‌ടോപുകളും സൂക്ഷിച്ചിരുന്നു. ഇത് മോഷ്ടാക്കൾ കണ്ടില്ലെന്നാണ് കരുതുന്നത്.
വ്യാഴാഴ്ച രാത്രിയാണ് സംഭവം. തൊട്ടടുത്ത മുറിയില്‍ തന്നെ സുരക്ഷാ ജീവനക്കാരന്‍ ഉണ്ടായിരുന്നു. കനത്ത മഴയുണ്ടായിരുന്നതിനാല്‍ കവർച്ച നടന്ന വിവരം അറിഞ്ഞില്ല. പുലര്‍ച്ചെയാണ് കവർച്ച നടന്ന കാര്യം സുരക്ഷാ ജീവനക്കാരൻ്റെ ശ്രദ്ധയില്‍ പെട്ടത്. പിന്നീട് സ്‌കൂള്‍ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. നീലേശ്വരം പൊലീസും പൊലീസ് നായയും വിരലടയാള വിദഗ്ധരുമെത്തി പരിശോധന നടത്തി.
പ്രധാനധ്യാപികയുടെ ചുമതല വഹിക്കുന്ന എം വി രമയുടെ പരാതിയില്‍ നീലേശ്വരം പൊലീസ് . കേസെടുത്തു. 24,600 രൂപയുടെ നഷ്ടം സംഭവിച്ചതായാണ് പരാതി. പിടിഎ പ്രസിഡന്റ് വിനോദ് അരമന, വൈസ് പ്രസിഡന്റ് കെ രഘു, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് കല ശ്രീധര്‍ ഉള്‍പ്പെടെയുള്ളവരും കവർച്ച നടന്ന വിവരമറിഞ്ഞയുടൻ സ്‌കൂളിലെത്തി.