Crime | പള്ളിയിൽ കൈക്കുഞ്ഞിന്റെ അരഞ്ഞാണം മോഷ്ടിച്ച സംഭവം: സ്ത്രീ അറസ്റ്റിൽ
അപകടകാരി! കുഞ്ഞിന്റെ സ്വർണ്ണം മോഷ്ടിച്ച സ്ത്രീ പിടിയിൽ
തിരൂർ: (KasargodVartha) പാൻബസാറിലെ പള്ളിയിൽ പ്രാർത്ഥനക്കിടെ കൈക്കുഞ്ഞിന്റെ അരഞ്ഞാണം മോഷ്ടിച്ച സംഭവത്തിൽ സ്ത്രീ അറസ്റ്റിൽ. തിരൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ദിൽഷാദ് ബീഗം (48) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം നടന്ന സംഭവം നാട്ടുകാരെ ഞെട്ടിച്ചിരുന്നു.
കുടുംബത്തോടൊപ്പം പള്ളിയിൽ എത്തിയിരുന്ന കുഞ്ഞിന്റെ മാതാവ് പ്രാർത്ഥനയിൽ മുഴുകിയ സമയത്താണ് ദിൽഷാദ് രഹസ്യമായി അരഞ്ഞാണം മോഷ്ടിച്ചതെന്നാണ് പള്ളിയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് പറയുന്നത്. തിരൂർ പൊലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചു. പൊലീസ് പരിസരത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ദിൽഷാദിനെ സംശയിക്കാൻ കാരണമായ ചില തെളിവുകൾ ലഭിച്ചു.
ആദ്യം ചോദ്യം ചെയ്തപ്പോൾ ദിൽഷാദ് താൻ ഒന്നും മോഷ്ടിച്ചിട്ടില്ലെന്ന് പറഞ്ഞു. എന്നാൽ, സിസിടിവി ദൃശ്യങ്ങൾ വ്യക്തമാക്കിയത് അവർ മോഷ്ടിച്ച സ്വർണ്ണം വിഴുങ്ങിയെന്നാണ്. തുടർന്ന് പൊലീസ് ദിൽഷാദിനെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയമാക്കുകയും എക്സ്‌റേ സ്കാൻ ചെയ്ത പരിശോധിക്കുകയായിരുന്നു. ദിൽഷാദ് ബീഗം കൂടുതൽ കവർച്ച നടത്തിയിട്ടുണ്ടോ എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ പൊലീസ് അന്വേഷിക്കുന്നുണ്ട്. പ്രതിയെ തിരൂര്‍ മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
#infanttheft #mosque #arrest #crime #Kerala #goldchain #news