city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

തസ്ലീമിനെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയത് ദുബൈയില്‍ നിന്നും? ഉപ്പള സ്വദേശികളായ രണ്ടു പേര്‍ കര്‍ണാടകയില്‍ പോലീസ് കസ്റ്റഡിയില്‍, സ്വര്‍ണക്കള്ളക്കടത്തിന്റെ വിവരം ഒറ്റിയതിലുള്ള പ്രതികാരമെന്ന് സൂചന

കാസര്‍കോട്: (www.kasargodvartha.com 03.02.2020) ചെമ്പിരിക്ക സ്വദേശി തസ്ലീം എന്ന മുഹ്തസിമിന്റെ (38) കൊലയ്ക്കു പിന്നില്‍ ദുബൈയില്‍ നിന്നുള്ള ക്വട്ടേഷനാണെന്ന് കര്‍ണാടക ഗുല്‍ബര്‍ഗ പോലീസിന് സൂചന ലഭിച്ചു. ദുബൈയില്‍ നിന്നും സ്വര്‍ണം കള്ളക്കടത്ത് നടത്തുന്ന വിവരം ഒറ്റിക്കൊടുത്തതിന്റെ വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്നും സംശയമുയര്‍ന്നിട്ടുണ്ട്. രണ്ട് കോടി രൂപയുടെ സ്വര്‍ണ ഇടപാടാണ് നടന്നതെന്നാണ് സൂചന. കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് ഉപ്പള സ്വദേശികളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇതില്‍ ഒരാള്‍ കാര്‍ ഡ്രൈവറും മറ്റൊരാള്‍ ഇയാളുടെ സുഹൃത്തുമാണെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

ഹുബ്ലി കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ പോലീസ് അന്വേഷണം പുരോഗമിക്കുന്നത്. ഹുബ്ലി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഗുണ്ടാ സംഘത്തിനാണ് തസ്ലീമിനെ റാഞ്ചാനും കൊലപ്പെടുത്താനുമുള്ള ക്വട്ടേഷന്‍ നല്‍കിയതെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന സൂചന. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹുബ്ലി കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നത്. കൃത്യമായ ആസൂത്രണത്തിലൂടെയാണ് തസ്ലീമിനെ ഗുണ്ടാ സംഘം തട്ടിക്കൊണ്ടുപോയത്. 2019 സെപ്റ്റംബര്‍ മൂന്നിന് മംഗളൂരുവിനടുത്ത ബന്ദര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ അരുണ്‍ ജ്വല്ലറിയില്‍ 1.11 കോടി രൂപയുടെ ആഭരണങ്ങള്‍ കവര്‍ന്ന കേസിലാണ് തസ്ലീം അറസ്റ്റിലായത്.

സെപ്റ്റംബര്‍ 23ന് അറസ്റ്റിലായ തസ്ലിമിന് ഗുല്‍ബര്‍ഗ ജയിലില്‍ റിമാന്‍ഡിലായിരുന്നു. 130 ദിവസത്തെ ജയില്‍ വാസത്തിനു ശേഷം 2020 ജനുവരി 31 രണ്ടു മണിയോടെയാണ് തസ്ലിം ജയില്‍ മോചിതനായത്. പുറത്തുകാത്തിരുന്ന സഹോദരന്‍ അബ്ദുല്‍ ഖാദറിനും മറ്റു രണ്ട് സുഹൃത്തുക്കള്‍ക്കുമൊപ്പം കാറില്‍ കയറിയ തസ്ലീം വഴിയില്‍ വെച്ച് ഊണ് കഴിച്ച ശേഷം വൈകിട്ട് മൂന്നു മണിയോടെയാണ് കാസര്‍കോട്ടേക്ക് പുറപ്പെട്ടത്. യാത്രയ്ക്കിടയില്‍ പെട്ടെന്ന് നാട്ടിലേക്ക് പോകാമെന്ന് തസ്ലീം കൂടെയുള്ളവരോട് പറഞ്ഞിരുന്നു. തസ്ലീമിന് എന്തെങ്കിലും അപായ സൂചന നേരത്തെ തന്നെ ലഭിച്ചിരുന്നോ എന്ന സംശയമാണ് പെട്ടെന്ന് നാട്ടിലെത്തണമെന്ന നിര്‍ദേശം നല്‍കിയതെന്നാണ് വിവരം. ഒരു മണിക്കൂറിലെ യാത്രയ്ക്കു ശേഷം നെലോഗി പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ വെച്ചാണ് രണ്ടു കാറുകളിലായെത്തിയ  ആറംഗ സംഘം തസ്ലീമിനെ തോക്കും വാളും മറ്റ് ആയുധങ്ങളുമായി വളഞ്ഞത്. കൂടെയുണ്ടായിരുന്ന സഹോദരനും മറ്റു രണ്ടു പേരും ഓടിരക്ഷപ്പെട്ടെങ്കിലും തസ്ലീമിനെ സംഘം പിടികൂടി തട്ടിക്കൊണ്ടു പോവുകയായിരുന്നു. രണ്ടു ദിവസത്തിനു ശേഷം  ഞായറാഴ്ച വൈകിട്ടോടെയാണ് സജിപെ മുന്നൂര്‍ വില്ലേജിലെ സാഗ്രി ശാന്തിനഗറില്‍ തസ്ലീമിനെ ഇന്നോവ കാറിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

യുവാവിനെ തട്ടിക്കൊണ്ടുപോകാനുപയോഗിച്ച കാറില്‍ തന്നെയാണ് അതിക്രൂരമായി കഴുത്തറുത്തും കുത്തിയും കൊലപ്പെടുത്തിയത്. വെടിവെച്ചതായും വിവരമുണ്ടെങ്കിലും പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാന്‍ കഴിയുകയുള്ളൂവെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. കൊലയ്ക്കു ശേഷം വിജനമായ സ്ഥലത്ത് കാറുപേക്ഷിച്ചാണ് സംഘം രക്ഷപ്പെട്ടത്. ഒരു ചുവന്ന കാറിലും ഇന്നോവ കാറിലുമാണ് തസ്ലീമിനെ ക്വട്ടേഷന്‍ സംഘം റാഞ്ചിയത്. രണ്ട് കാറും പോലീസ് കസ്റ്റഡിയിലുണ്ട്. കൊലയുമായി ബന്ധപ്പെട്ട് തസ്ലീമിന്റെ സഹോദരന്‍ അബ്ദുല്‍ ഖാദറില്‍ നിന്നും കൂടെയുണ്ടായിരുന്നവരില്‍ നിന്നും പോലീസ് വിശദമായ മൊഴിയെടുത്തിട്ടുണ്ട്. ഇവരെ പിന്നീട് പോലീസിന്റെ സംരക്ഷണത്തോടെയാണ് കാസര്‍കോട്ടേക്ക് അയച്ചത്.

മംഗളൂരു വെന്‍ലോക്ക് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം തസ്ലീമിന്റെ മൃതദേഹം തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെയാണ് കാസര്‍കോട്ടെത്തിച്ചത്. തളങ്കര മാലിക് ദീനാര്‍ ജുമാമസ്ജിദില്‍ കുളിപ്പിച്ച ശേഷം ഫ്രീസറില്‍ സൂക്ഷിച്ച മൃതദേഹം രാവിലെ 10 മണിയോടെയാണ് സ്വദേശമായ ചെമ്പരിക്കയിലേക്ക് കൊണ്ടുപോയത്. നൂറുകണക്കിനാളുകളാണ് തസ്ലീമിന്റെ മൃതദേഹം കാണാനായി എത്തിയത്. ഏതാനും കേസുകളില്‍ പ്രതിയായിരുന്നുവെങ്കിലും പാവപ്പെട്ട ഒരുപാട് പേര്‍ക്ക് തസ്ലീം കൈയ്യയച്ച് സഹായിച്ചിരുന്നതായാണ് നാട്ടുകാര്‍ വെളിപ്പെടുത്തുന്നത്. തന്റെ ജീവന് ഭീഷണിയുണ്ടെന്നും അതൊന്നും താന്‍ കാര്യമാക്കുന്നില്ലെന്നും തസ്ലീം പല തവണ സുഹൃത്തുക്കളോട് വെളിപ്പെടുത്തിയിരുന്നു.

തസ്ലീമിനെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയത് ദുബൈയില്‍ നിന്നും? ഉപ്പള സ്വദേശികളായ രണ്ടു പേര്‍ കര്‍ണാടകയില്‍ പോലീസ് കസ്റ്റഡിയില്‍, സ്വര്‍ണക്കള്ളക്കടത്തിന്റെ വിവരം ഒറ്റിയതിലുള്ള പ്രതികാരമെന്ന് സൂചന


Keywords:  Kasaragod, Kerala, news, Top-Headlines, Dubai, Murder-case, Crime, Chembarika, Police, Investigation, Thasleem murder; Quotation from Dubai?
  < !- START disable copy paste -->   

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia