Theft | പൊലീസിന്റെ വ്യാപക പ്രത്യേക പരിശോധനയ്ക്കിടയിൽ ക്ഷേത്രത്തിൽ കവര്‍ച്ച; പണം കവർന്നു
● എടനീർ വിഷ്ണു മംഗലം മഹാവിഷ്ണു ക്ഷേത്രത്തിലാണ് കവർച്ച നടന്നത്.
● ക്ഷേത്രത്തിന്റെ ചുറ്റമ്പലത്തിന്റെ വാതിൽ തകർത്താണ് കടന്നത്.
● 10,000 രൂപയുടെ കവർച്ച നടന്നതായി നിഗമനം.
ചെർക്കള: (KasargodVartha) ജില്ലയിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും ഡി ഐജിയുടെ നിർദേശപ്രകാരം പ്രത്യേക പരിശോധന 'കോമ്പിംഗ്' നടക്കുന്നതിനിടയിൽ, എടനീർ വിഷ്ണു മംഗലം മഹാവിഷ്ണു ക്ഷേത്രത്തിൽ കവർച്ച. ശനിയാഴ്ച രാത്രി ജില്ലയിൽ പരക്കെ റെയ്ഡ് നടത്തുന്നതിനിടയിലാണ് വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ എടനീരിൽ മോഷണം ഉണ്ടായത്.
ക്ഷേത്രത്തിന്റെ ചുറ്റമ്പലത്തിന്റെ വാതിൽ തകർത്താണ് മോഷ്ടാക്കൾ അകത്തു കടന്നത്. ഞായറാഴ്ച രാവിലെ ശാന്തിക്കാരൻ നടതുറക്കാനെത്തിയപ്പോഴാണ് കവർച്ച നടന്ന വിവരം അറിഞ്ഞത്. ക്ഷേത്ര ഭാരവാഹികൾ വിവരമറിയിച്ചതിനെ തുടർന്ന് വിദ്യാനഗർ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ദർ, ഡോഗ് സ്ക്വാഡ് വിഭാഗവും എത്തി പരിശോധന നടത്തി.
10,000 രൂപയുടെ കവർച്ച നടന്നിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്. തൊട്ടടുത്ത എടനീർ ക്ഷേത്രത്തിൻ്റെ ഗസ്റ്റ് ഹൗസിലും മോഷ്ടാക്കൾ എത്തിയിരുന്നുവെങ്കിലും സുരക്ഷാ ജീവനക്കാരൻ ശബ്ദം കേട്ട് ബഹളം വെച്ചപ്പോൾ കവർച്ചക്കാർ രക്ഷപ്പെട്ടു. എടനീർ സ്വാമിയുടെ അധീനതയിലുള്ള ക്ഷേത്രമാണിത്. ശ്രീകോവിലിൽ നിന്നും വിഗ്രഹങ്ങൾ മാറ്റിവെച്ച നിലയിലായിരുന്നു.
ക്ഷേത്രത്തിൽ രാത്രി കാലപട്രോളിംഗ് നടത്തണമെന്ന് കാണിച്ച് ക്ഷേത്ര കമിറ്റി ഭാരവാഹികൾ മൂന്ന് മാസം മുമ്പ് പൊലീസിന് കത്ത് നൽകിയതായി പറയുന്നുണ്ട്. എന്നാൽ പൊലീസ് ഇത് ഗൗനിച്ചില്ലെന്നാണ് ആക്ഷേപം. ക്ഷേത്രത്തിൽ എത്തിയ ഡിവൈഎസ്പി സി കെ സുനിൽ കുമാർ മോഷ്ടാക്കളെ എത്രയും വേഗം പിടികൂടുമെന്ന് ഉറപ്പ് നൽകിയിട്ടുണ്ടെന്ന് ഭാരവാഹികൾ പറഞ്ഞു.
സ്ഥിരം കുറ്റവാളികളെയും വാറന്റ് പ്രതികളെയും മോഷ്ടാക്കളെയും പിടികൂടുന്നതിനാണ് ഡിഐജിയുടെ നിർദേശപ്രകാരം ശനിയാഴ്ച രാത്രി കോമ്പിംഗ് ഓപറേഷൻ നടത്തിയത്. പുലർച്ചെ വരെ റെയിഡ് നീണ്ടുനിന്നു.
#EdanirTemple #Theft #PoliceRaid #KeralaNews #VishnuTemple #CrimeReport