Firework | കുമ്പളയില്‍ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് അനുമതിയില്ലാതെ വെടിക്കെട്ട് നടത്തിയതായി പരാതി; ഭാരവാഹികള്‍ക്കെതിരെ കേസ്

● പാരമ്പര്യമായാണ് പടക്കം പൊട്ടിക്കുന്നതെന്ന് ഭാരവാഹികള്‍.
● 'പൊട്ടിച്ചത് അപകടം തീരെ കുറഞ്ഞ ചൈനീസ് പടക്കങ്ങള്‍'.
● 'ബാരികേഡ് കെട്ടി എല്ലാ മുന്‍കരുതലും സ്വീകരിച്ചിരുന്നു.'
● 'മുന്നൂറോളം വോളണ്ടിയര്‍മാരെ ആളുകളുടെ സുരക്ഷയ്ക്കായി നിയോഗിച്ചിരുന്നു.'
കുമ്പള: (KasargodVartha) കണിപുര ശ്രീ ഗോപാലകൃഷ്ണ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് വെടിക്കെട്ട് നടത്തിയതിനെതിരെ ക്ഷേത്ര ഭാരവാഹികള്‍ക്കെതിരെ പൊലീസ് കേസെടുത്തു. വെള്ളിയാഴ്ച രാത്രിയായിരുന്നു വെടിക്കെട്ട് നടന്നത്. ഭാരതീയ ന്യായ സംഹിത (ബിഎന്‍എസ്), 2023 ലെ വകുപ്പ് 288 പ്രകാരമാണ് കുമ്പള പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ക്ഷേത്ര പ്രസിഡന്റ്, സെക്രടറി, ഉത്സവ കമിറ്റിയംഗങ്ങളായ സദാനന്ദ കാമത്ത് കെ, സദാനന്ദ കാമത്ത് എസ്, മധുസൂദന കാമത്ത്, ലക്ഷ്മണ പ്രഭു, സുധാകര കമ്മത്ത് എന്നിവരുടെ നേതൃത്വത്തില്‍ അനുമതിയില്ലാതെ വെടിക്കെട്ട് നടത്തിയെന്നാണ് പരാതി. ഉത്സവത്തിനെത്തിയ പൊതുജനങ്ങളുടെ സുരക്ഷയെ അപകടത്തിലാക്കുന്ന തരത്തിലുള്ള സ്‌ഫോടക വസ്തുക്കളാണ് ഉപയോഗിച്ചതെന്നും എഫ്ഐആറില്‍ പറയുന്നു.
അതേസമയം, കുമ്പളയില്‍ ക്ഷേത്രോത്സവത്തിന്റെ ഭാഗമായി പാരമ്പര്യമായാണ് പടക്കം പൊട്ടിക്കുന്നതെന്നും രണ്ട് മാസം മുമ്പ് തന്നെ അനുമതിക്കായി എക്‌സിക്യൂടീവ് ഓഫീസര്‍ വഴി പൊലീസില്‍ അപേക്ഷ നല്‍കിയിരുന്നുവെന്നും എന്നാല്‍ അധികൃതരുടെ ഭാഗത്ത് നിന്ന് തുടര്‍നടപടികളൊന്നും ഉണ്ടായില്ലെന്നും ആഘോഷ കമിറ്റി ഭാരവാഹികള്‍ കാസര്‍കോട് വാര്‍ത്തയോട് പ്രതികരിച്ചു. അപകടം തീരെ കുറഞ്ഞ ചൈനീസ് പടക്കങ്ങളാണ് പൊട്ടിച്ചവയില്‍ മിക്കവയും. അവസാനത്തെ മാലപ്പടക്കത്തില്‍ മാത്രമാണ് ഓലപ്പടക്കം ഉപയോഗിച്ചത്.
ബാരികേഡ് കെട്ടി എല്ലാ മുന്‍കരുതലും സ്വീകരിച്ചാണ് വെടിക്കെട്ട് നടത്തിയത്. മുന്നൂറോളം വോളണ്ടിയര്‍മാരെ ആളുകളുടെ സുരക്ഷയ്ക്കായി നിയോഗിച്ചിരുന്നു. ആംബുലന്‍സ്, ഫയര്‍ എന്‍ജിനുകള്‍ തുടങ്ങിയ എല്ലാ സന്നാഹങ്ങളും ഒരുക്കിയിരുന്നു. ഒരാഴ്ച മുമ്പ് പൊലീസ് പടക്കം പൊട്ടിക്കരുതെന്ന് കാണിച്ച് ആഘോഷ കമിറ്റിയില്‍ പെട്ടവര്‍ക്കെല്ലാം നോടീസ് നല്‍കിയിരുന്നു. കഴിഞ്ഞതവണയും പൊലീസ് കേസെടുത്തതിന്റെ ഭാഗമായി കോടതിയില്‍ പിഴ കെട്ടേണ്ടി വന്നിട്ടുണ്ട്. പാരമ്പര്യമായി തുടരുന്ന കാര്യമായതുകൊണ്ടാണ് പടക്കം പൊട്ടിക്കേണ്ടി വന്നതെന്നും ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തു.
നേരത്തെ ആദൂരില്‍ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് അനുമതിയില്ലാതെ വെടിക്കെട്ട് നടത്തിയതിന് മൂന്നുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ബേഡകം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ മധുസൂദനന്‍ (48) എന്നയാള്‍ക്കും കണ്ടാലറിയാവുന്ന രണ്ടുപേര്‍ക്കുമെതിരെയാണ് അന്ന് കേസെടുത്തത്. കുണ്ടംകുഴി ക്ഷേത്രത്തിലെ ആറാട്ട് ഉത്സവത്തോടനുബന്ധിച്ച് പാണ്ടിക്കണ്ടം പാലത്തിന് സമീപം വെടിക്കെട്ട് നടത്തിയതിനായിരുന്നു കേസ് രജിസ്റ്റര്‍ ചെയ്തത്.
നീലേശ്വരം വെടിക്കെട്ട് അപകടത്തിന് ശേഷം അനുമതിയില്ലാത്ത വെടിക്കെട്ടുകള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായാണ് കുമ്പളയിലും കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
#Kerala, #TempleFestival, #Fireworks, #IllegalFireworks, #Safety