Murder | ഗെയിമിന് അടിമ; 'പ്രായപൂർത്തിയാകാത്ത സഹോദരനെ കൊലപ്പെടുത്തി കൗമാരക്കാരൻ', അറസ്റ്റ്
* ആന്ധ്രാപ്രദേശ് സ്വദേശികളായ കുടുംബം ജോലിക്കായി മൂന്ന് മാസം മുമ്പാണ് കർണാടകയിലെത്തിയത്
ബെംഗ്ളുറു: (KasaragodVartha) ഗെയിമിന് അടിമയായതിന് പ്രായപൂർത്തിയാകാത്ത സഹോദരനെ കൊലപ്പെടുത്തിയെന്ന കേസിൽ കൗമാരക്കാരൻ അറസ്റ്റിലായി. ബെംഗ്ളൂറിലെ ആനേക്കൽ ടൗണിനടുത്തുള്ള നെരിഗ ഗ്രാമത്തിൽ താമസിക്കുന്ന ശിവകുമാറാണ് പിടിയിലായത്. സഹോദരൻ പ്രാണേഷ് (15) തന്റെ മൊബൈൽ ഫോൺ എടുത്ത് മുഴുവൻ സമയവും ഗെയിം കളിച്ചതിനാലാണ് മർദിച്ച് കൊലപ്പെടുത്തിയതെന്ന് പ്രതി മൊഴി നൽകിയതായി സർജാപുര പൊലീസ് പറഞ്ഞു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: 'ഏഴാം ക്ലാസ് വിദ്യാർത്ഥിയായ പ്രാണേഷിനെ ബുധനാഴ്ചയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മാതാപിതാക്കൾ മകനെ അന്വേഷിക്കാൻ തുടങ്ങിയതോടെ പ്രാണേഷിനെ ആരോ കൊലപ്പെടുത്തിയതാണെന്നും മൃതദേഹം താൻ കണ്ടെന്നും ശിവകുമാർ പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തിൽ സർജാപുര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ശിവകുമാറിനെ ചോദ്യം ചെയ്‌തെങ്കിലും ഇതിനിടെ മൊഴി മാറ്റി.
സംഭവത്തിൽ പങ്കുള്ളതായി സംശയം തോന്നിയ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. തുടർന്ന് ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. ശിവകുമാർ പ്രാണേഷിനെ തലയിലും വയറിലും ചുറ്റിക കൊണ്ടാണ് മർദിച്ചത്. ഇയാൾ ചുറ്റിക കൊണ്ടുപോകുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചത് നിർണായകമായി. ആന്ധ്രാപ്രദേശ് സ്വദേശികളായ കുടുംബം ജോലിക്കായി മൂന്ന് മാസം മുമ്പാണ് കർണാടകയിലെത്തിയത്'.