Arrest | 'പീഡനശ്രമത്തിനിടെ 17 കാരിക്ക് രക്തസ്രാവം; ആശുപത്രിയിലെത്തിച്ചതോടെ കഥ മാറി; കാമുകന് മുമ്പ് പിതാവും പീഡിപ്പിച്ചുവെന്ന് മൊഴി'; 2 പോക്സോ കേസുകൾ രജിസ്റ്റർ ചെയ്തു; കാമുകന്‍ അറസ്റ്റില്‍
● പിതാവ് തന്നെ ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ പീഡിപ്പിച്ചിരുന്നുവെന്നാണ് മൊഴി.
● ഒരു കേസ് ബേക്കൽ പൊലീസിന് കൈമാറി.
കാഞ്ഞങ്ങാട്: (KasargodVartha) പ്രണയം നടിച്ച് ലോഡ്ജിലെത്തിച്ച 17കാരിയെ കാമുകൻ പീഡിപ്പിക്കാൻ ശ്രമിച്ചതോടെ രക്തസ്രാവം ഉണ്ടായത് പൊല്ലാപ്പായി. അമിത രക്തസ്രാവം ഉണ്ടായ പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ചതോടെ കഥ മാറി. കാമുകൻ പീഡിപ്പിക്കുന്നതിന് മുമ്പ് ഏഴാം ക്ലാസിൽ പഠിക്കുന്ന സമയത്ത് പിതാവും തന്നെ പീഡിപ്പിച്ചിരുന്നതായി പെൺകുട്ടി മൊഴി നൽകിയതോടെ ഹൊസ്ദുർഗ് പൊലീസ് രണ്ട് പോക്സോ കേസുകൾ രജിസ്റ്റർ ചെയ്തു.
ഇതിൽ ഒരു കേസ്, സംഭവം നടന്നത് ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലായതിനാൽ അവിടേക്ക് കൈമാറിയതായി ഹൊസ്ദുര്‍ഗ് പൊലീസ് അറിയിച്ചു. പെണ്‍കുട്ടിയുടെ പിതാവിനും കാമുകനും എതിരെയാണ് കേസ്. ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ 17കാരിയാണ് പീഡനത്തിന് ഇരയായത്. ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിലെ മൊബൈൽ ഫോൺ കടയിലെ ജീവനക്കാരൻ നിതിന്‍ കുമാറിനെ (21) സംഭവത്തിൽ അറസ്റ്റ് ചെയ്തു.
പ്ലസ് ടു പഠനം കഴിഞ്ഞ് ഡിഗ്രി കോഴ്‌സിന് ചേർന്ന പെൺകുട്ടിയെ സെപ്റ്റംബർ 21 ന് ആണ് കാമുകൻ ബേക്കൽ പള്ളിക്കരയിലെ ലോഡ്ജില്‍ പ്രലോഭിപ്പിച്ച് എത്തിച്ചതെന്നാണ് കേസ്. ലോഡ്ജിൽ വെച്ച് പെണ്‍കുട്ടിയെ ലൈംഗീക പീഡനത്തിനിരയാക്കാൻ ശ്രമിച്ചപ്പോള്‍ രക്തസ്രാവം ഉണ്ടായെങ്കിലും കാര്യമാക്കിയില്ലെന്നും പിന്നീട് അമിത രക്തസ്രാവം ഉണ്ടായതോടെ പെണ്‍കുട്ടിയെ കാമുകന്‍ തന്നെ ആശുപത്രിയിലെത്തിക്കുകയായിരുന്നുവെന്നുമാണ് വിവരം.
പീഡനത്തിനിടെയാണ് രക്തസ്രാവം ഉണ്ടായതെന്ന് വ്യക്തമാകുകയും പെൺകുട്ടിയുടെ പ്രായത്തില്‍ സംശയം ഉണ്ടാവുകയും ചെയ്തതോടെയാണ് ആശുപത്രി അധികൃതർ പൊലീസിനെ വിവരം അറിയിച്ചത്. പൊലീസെത്തി വനിതാ പൊലീസിൻ്റെ സഹായത്തോടെ മൊഴിയെടുത്തപ്പോഴാണ് കഥ മാറിയത്. നിതിന്‍ കുമാർ തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചതായും ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ പിതാവ് പീഡിപ്പിച്ചിരുന്നുവെന്നും പെണ്‍കുട്ടി മൊഴി നല്‍കുകയായിരുന്നു.
ഇതിൻ്റെ അടിസ്ഥാനത്തിലാണ് ഹൊസ്ദുര്‍ഗ് പൊലീസ് രണ്ട് പോക്സോ കേസ് രജിസ്റ്റർ ചെയ്യുകയും ഇതിൽ കാമുകൻ പീഡിപ്പിച്ച കേസ് ബേക്കൽ പൊലീസിന് കൈമാറുകയായിരുന്നു.
#childprotection #stopchildabuse #justiceforsurvivors #childsafety #violenceagainstwomen #womenempowerment #POCSOAct #KeralaNews