Conviction | 16കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന കേസിൽ അധ്യാപകന് 10 വർഷം കഠിന തടവ്
● പോക്സോ നിയമപ്രകാരമാണ് കോടതിയുടെ നടപടി.
● 2022 ജൂൺ മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
● ഹൊസ്ദുർഗ് ഫാസ്റ്റ് ട്രാക് സ്പെഷ്യൽ കോടതിയാണ് വിധി പ്രസ്താവിച്ചത്.
കാഞ്ഞങ്ങാട്: (KasargodVartha) പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന കേസിൽ അധ്യാപകന് 10 വർഷം കഠിന തടവും 10,000 രൂപ പിഴയും ഹൊസ്ദുർഗ് ഫാസ്റ്റ് ട്രാക് സ്പെഷ്യൽ കോടതി ശിക്ഷ വിധിച്ചു. ബദിയഡുക്ക പൊലീസ് സ്റ്റേഷൻ പരിധിയിലെ മുഹമ്മദ് അജ്മലിനെ (32) യാണ് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ മൂന്ന് മാസം അധിക തടവ് അനുഭവിക്കണം. ഹൊസ്ദുർഗ് ഫാസ്റ്റ് ട്രാക് സ്പെഷ്യൽ കോടതി ജഡ്‌ജ് പി എം സുരേഷാണ് വിധി പ്രസ്താവിച്ചത്.
2022 ജൂൺ മാസത്തിൽ ഉച്ചയ്ക്ക് രണ്ട് മണിക്കാണ് കേസിനാസ്പദമായ സംഭവം നടന്നത്. 16 വയസുള്ള ആൺകുട്ടിയെ പ്രതി മുഹമ്മദ് അജ്മൽ താൻ താമസിച്ചിരുന്ന മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോവുകയും ലൈംഗികമായി ചൂഷണം ചെയ്യുക എന്ന ഉദ്ദേശത്തോടെ പ്രകൃതിവിരുദ്ധ ലൈംഗിക അതിക്രമം നടത്തുകയുമായിരുന്നുവെന്നാണ് കേസ്. പോക്സോ ആക്ട് 4(1) റെഡ് വിത് 3(സി) പ്രകാരമാണ് പ്രതിയെ കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.
വനിതാ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ അന്നത്തെ ഇൻസ്‌പെക്ടർ കെ ലീല ആണ് അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി ഹൊസ്ദുർഗ് ഫാസ്റ്റ് ട്രാക് സ്പെഷ്യൽ കോടതി പബ്ലിക് പ്രോസിക്യൂടർ എ ഗംഗാധരൻ ഹാജരായി.
#Assault, #POCSO, #KeralaCrime, #CourtVerdict, #Justice, #Kanhangad