Police FIR | ഡിവൈഎഫ്ഐ മുൻ നേതാവായ അധ്യാപിക സിപിസിആർഐയിലും കേന്ദ്ര ഗവ. വകുപ്പുകളിലും ജോലി വാഗ്ദാനം ചെയ്ത് 2 കോടിയോളം രൂപ തട്ടിയെടുത്തതായി ആരോപണം;
● കർണാടകയിലെ ഒരു പ്രമുഖന് 72 ലക്ഷം രൂപ നൽകിയതായി സൂചന
● പ്രസവാവധിയിലുള്ള യുവതി എറണാകുളം ഭാഗത്തെന്ന് സൂചന
● പാർടി ഇടപെട്ടിട്ടും പണം തിരിച്ചു കിട്ടിയില്ല
കുമ്പള: (KasargodVartha) ഡിവൈഎഫ്ഐ മുൻ നേതാവായ അധ്യാപിക സിപിസിആർഐയിലും കേന്ദ്ര ഗവൺമെന്റിന്റെ വിവിധ വകുപ്പുകളിലും ജോലി വാഗ്ദാനം ചെയ്ത് രണ്ട് കോടിയോളം രൂപ തട്ടിയെടുത്തതായി ആരോപണം. സിപിസിആർഐയിൽ ജോലി വാഗ്ദാനം ചെയ്ത് 15 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ കുമ്പള പൊലീസ് കേസെടുത്തു. ബദിയടുക്ക പൊലീസ് സ്റ്റേഷൻ പരിധിയിലെ സച്ചിത റൈക്കെതിരെയാണ് കേസടുത്തത്.
സിപിസിആര്‍ഐയില്‍ ജോലി വാഗ്ദാനം ചെയ്ത് 2023 മെയ് 31 മുതല്‍ 2023 ഓഗസ്റ്റ് 25 വരെയുള്ള കാലയളവിൽ തവണകളായി 15,05,796 രൂപ വാങ്ങി വഞ്ചിക്കുകയായിരുന്നുവെന്ന് കാണിച്ച് കിദൂര്‍, പതക്കല്‍ഹൗസിലെ നിഷ്മിത ഷെട്ടി (24) നൽകിയ പരാതിയിലാണ് പൊലീസ് കേസടുത്തിരിക്കുന്നത്. പ്രതിയായ സച്ചിത റൈ ബാഡൂര്‍ എഎല്‍പി സ്‌കൂളിലെ അധ്യാപികയായി ഇപ്പോൾ ജോലി ചെയ്ത് വരികയാണ്.
മികച്ച പ്രാസംഗികയായ ഇവരുടെ കുടുംബാംഗങ്ങളെല്ലാം സിപിഎമിന്റെ സജീവ പ്രവർത്തകരാണ്. 30 ലക്ഷം രൂപ നൽകിയാണ് ഇവർ ബാഡൂർ സ്‌കൂളിൽ അധ്യാപക ജോലിയിൽ കയറിയതെന്ന് വിവരമുണ്ട്. പരാതിക്കാരിയായ യുവതിക്ക് സിപിസിആർഐയിലോ കേന്ദ്ര ഗവണ്മെന്റിന്റെ ഏതെങ്കിലും വകുപ്പുകളിലോ ജോലി നൽകുമെന്നായിരുന്നു വാഗ്ദാനം നൽകിയതെന്നാണ് പറയുന്നത്.
കർണാടകയിലെ ഒരു പ്രമുഖന് അധ്യാപിക ജോലി ഇടപാടുമായി ബന്ധപ്പെട്ട് 72 ലക്ഷം രൂപ നൽകിയതായും, പണം നൽകിയതിന്റെ ഉറപ്പിന് വേണ്ടി നൽകിയ ചെക് അധ്യാപികയുടെ കൈവശമുണ്ടെന്നും വിവരം പുറത്തുവന്നിട്ടുണ്ട്. ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയതായി കാട്ടി അധ്യാപികക്കെതിരെ പലരും സിപിഎം നേതൃത്വത്തിന് പരാതി നൽകിയിരുന്നതായും പാർടി ഇടപെട്ട് നിശ്ചിത ദിവസത്തിനകം പണം മടക്കി നൽകണമെന്ന് ആവശ്യപ്പട്ടിരുന്നതായും വിവരമുണ്ട്.
എന്നാൽ പറഞ്ഞ സമയത്ത് പണം തിരിച്ചു കൊടുക്കാതിരുന്നതാണ് ഇവർക്കെതിരെ കുമ്പളയിൽ പരാതി നൽകിയതെന്നാണ് അറിയുന്നത്. സ്‌കൂളിൽ നിന്ന് പ്രസാവധി എടുത്ത് പോയിരിക്കുന്ന യുവതി ഇപ്പോൾ എറണാകുളം ഭാഗത്തുള്ളതായാണ് സൂചന ലഭിച്ചിരിക്കുന്നത്. യുവതിക്കെതിരെ പരാതി വന്നതോടെ ഇവരെ പാർടിയിൽ നിന്നും സംഘടനയിൽ നിന്നും നീക്കിയതായും വിവരമുണ്ട് .
കർണാടകയിലെ ആർക്ക് വേണ്ടിയാണ് യുവതി പണം പിരിച്ചതെന്ന കാര്യം വ്യക്തമായിട്ടില്ല. കേസെടുത്തതോടെ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം ഫേസ്ബുകിൽ ഇവരുടെ പോസ്റ്റിൽ മോശം പരാമർശം നടത്തിയതിന്റെ പേരിൽ അടുത്തിടെ പ്രദേശത്തെ ചിലർക്കെതിരെ ബദിയടുക്ക പൊലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ കേസ് നിലവിലുണ്ട്
#jobScam #CPM #Kerala #fraud #CPCRI #DYFI