ഓൺലൈൻ കമ്പനിയുടെ കസ്റ്റമർ കെയർ നമ്പറെന്ന് കരുതി വിളിച്ചു, കുടുങ്ങിയത് വൻ സൈബർ തട്ടിപ്പിൽ; 300 രൂപയുടെ വസ്ത്രം തിരികെ നൽകാൻ ശ്രമിച്ച തളിപ്പറമ്പ് സ്വദേശിക്ക് 5.78 ലക്ഷം രൂപ നഷ്ടപ്പെട്ടു
● തളിപ്പറമ്പിന് സമീപം താമസിക്കുന്ന 54 വയസ്സുകാരനാണ് ഓൺലൈൻ തട്ടിപ്പിനിരയായത്
● വീഡിയോ കോളിൽ വന്ന രണ്ട് പേർ എടിഎം പിൻ നമ്പറും ഒടിപിയും ചോദിച്ചുവാങ്ങി
● 24 മുതൽ 26 വരെയുള്ള തീയതികളിലായാണ് അക്കൗണ്ടിൽ നിന്ന് പണം നഷ്ടപ്പെട്ടത്
● ഇൻ്റർനെറ്റിൽ നിന്ന് ലഭിച്ച വ്യാജ കസ്റ്റമർ കെയർ നമ്പറാണ് തട്ടിപ്പിന് ഉപയോഗിച്ചതെന്ന് സംശയം
തളിപ്പറമ്പ്: (KasargodVartha) ഓൺലൈനിൽ നിന്ന് വാങ്ങിയ വസ്ത്രം പഴയതാണെന്ന് കണ്ടതിനെ തുടർന്ന് തിരിച്ചുനൽകാൻ ശ്രമിച്ച 54 വയസ്സുകാരന് നഷ്ടപ്പെട്ടത് 5.78 ലക്ഷം രൂപ. തളിപ്പറമ്പിന് സമീപത്തുള്ളയാളാണ് സൈബർ തട്ടിപ്പിനിരയായത്.
300 രൂപ വിലവരുന്ന വസ്ത്രമാണ് ഇദ്ദേഹം പ്രമുഖ ഓൺലൈൻ കമ്പനിയിൽനിന്ന് ഓർഡർ ചെയ്ത് വാങ്ങിയത്. എന്നാൽ വസ്ത്രം ലഭിച്ചപ്പോൾ ഇത് പഴയതാണെന്ന് കണ്ടതിനെ തുടർന്ന് കമ്പനിയുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടുകയായിരുന്നു.
വീഡിയോ കോളിലൂടെ തട്ടിപ്പ്
തുടർന്ന് രണ്ട് പേർ വീഡിയോ കോളിൽ വന്ന് വസ്ത്രത്തിൻ്റെ പണം തിരിച്ചുനൽകാമെന്ന് ഇദ്ദേഹത്തെ അറിയിച്ചു. ഇതിനായി എടിഎം കാർഡിൻ്റെ പിൻ നമ്പർ ചോദിച്ചശേഷം മൊബൈലിൽ വന്ന ഒരു ഒടിപി നമ്പറും ഇവർ ചോദിച്ചുവാങ്ങി.
ഇതും നൽകിയശേഷം കഴിഞ്ഞ 24 മുതൽ 26 വരെയുള്ള തീയതികളിലായാണ് ഇയാളുടെ ബാങ്ക് അക്കൗണ്ടിലുണ്ടായിരുന്ന 5.78 ലക്ഷം രൂപ നഷ്ടപ്പെട്ടത്.
പിന്നിൽ അസം സ്വദേശികളെന്ന് സംശയം
അസം സ്വദേശികളാണ് ഈ തട്ടിപ്പിനു പിന്നിലെന്നു സംശയമുള്ളതായി പരാതിക്കാരൻ പറയുന്നു. ഓൺലൈൻ കമ്പനിയുടെ കസ്റ്റമർ കെയർ നമ്പറായി ഇദ്ദേഹത്തിന് ലഭിച്ചത് തട്ടിപ്പുകാരുടെ നമ്പറായിരിക്കാമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. സംഭവത്തിൽ തളിപ്പറമ്പ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കൂടുതല്‍ വാർത്തകള്‍ അറിയാന്‍ ഞങ്ങളുടെ ഫേസ്ബുക്ക് പേജും വാട്സ് ആപ്പ് ചാനലും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്തുക.
Article Summary: Taliparamba man loses Rs 5.78 lakh in online scam while returning a dress.
#TaliparambaNews #OnlineScam #CyberCrimeKerala #KannurPolice #MalayalamNews #RenuNews






