Investigation | ടിപർ ലോറിക്കുള്ളിൽ ആസിഫിന്റെ ദുരൂഹ മരണം: കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടതായി ജില്ലാ പൊലീസ് മേധാവി; സംശയമുന പൊലീസിന് നേരെയും

● തീരുമാനം മാതാവ് പരാതി നൽകിയതിൻ്റെ അടിസ്ഥാനത്തിൽ.
● ആസിഫിനെ ജനുവരി 15നാണ് ലോറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
● ഇടുപ്പെല്ലിന് പൊട്ടലേറ്റതാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
ഉപ്പള: (KasargodVartha) ബായാർ ഗാളിയടുക്കയിലെ ആസിഫിന്റെ (25) ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസിൻ്റെ അന്വേഷണം ലോക്കൽ പൊലീസിൽ നിന്നും ജില്ലാ ക്രൈംബ്രാഞ്ചിന് വിട്ടതായി ജില്ലാ പൊലീസ് മേധാവി ഡി ശിൽപ കാസർകോട് വാർത്തയോട് വെളിപ്പെടുത്തി. മരിച്ച യുവാവിൻ്റെ മാതാവ് സകീന മുഖ്യമന്ത്രിക്കും ജില്ലാ പൊലീസ് മേധാവിക്കും നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
പരാതിയിൽ പൊലീസിനെ കൂടി സംശയമുനയിൽ നിർത്തിയതിൻ്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ലോകൽ പൊലീസിൽ നിന്നും മാറ്റി ക്രൈംബ്രാഞ്ചിനെ ഏൽപ്പിച്ചതെന്നാണ് പറയുന്നത്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ടി ഉത്തംദാസിനായിരിക്കും അന്വേഷണം. മരണത്തിലെ ദുരൂഹത പുറത്ത് കൊണ്ടുവരണമെന്നവശ്യപ്പെട്ടാണ് മരിച്ച യുവാവിൻ്റെ മാതാവ് സിപിഎം നേതാക്കൾ മുഖേന മുഖ്യമന്ത്രിക്കും, ജില്ലാ പൊലീസ് മേധാവി ഡി ശില്പയ്ക്ക് നേരിട്ടുമാണ് പരാതി നൽകിയത്.
ഇടുപ്പെല്ലിന് ഉണ്ടായ പൊട്ടൽ ആണ് മരണത്തിന് കാരണമെന്നാണ് പരിയാരത്തെ കണ്ണൂർ മെഡികൽ കോളജിൽ നടത്തിയ പോസ്റ്റ് മോർടത്തിന്റെ റിപോർടിൽ പറയുന്നത്. വീഴ്ചയിലോ വാഹനമോ മറ്റോ ഇടിച്ചാലോ ആണ് ഇടുപ്പെല്ല് തകരാൻ സാധ്യതയെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ജനുവരി 15ന് രാത്രി 1.45 മണിയോടെയാണ് ആസിഫിനെ ബായാർ ഗാളിയടുക്കയിലെ റോഡരികിൽ നിർത്തിയിട്ട ലോറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിൽ നിന്ന് ടിപർ ലോറിയുമായി പുലർച്ചെ ഒരു മണിയോടെ ഇറങ്ങി പോയതായിരുന്നു.
1.45 മണിയോടെ ലോറിക്കുള്ളിൽ അവശനിലയിൽ കണ്ടെത്തിയതിനെ തുടർന്ന് രാത്രികാല പട്രോളിംഗ് നടത്തുകയായിരുന്ന പൊലീസുകാർ ചേർന്ന് 108 ആംബുലൻസിൽ ബന്തിയോട്ടെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. യുവാവിൻ്റെ ശരീരത്തിൽ കണ്ട പരുക്കുകൾ സംശയങ്ങൾക്കിടയാക്കിയിരുന്നു. അസ്വാഭാവിക മരണത്തിനാണ് മഞ്ചേശ്വരം പൊലീസ് കേസെടുത്തത്.
മകന്റെ ശരീരത്തിൽ കണ്ട പാടുകൾ മരണത്തിൽ സംശയങ്ങൾ വർധിപ്പിക്കുന്നതായി സകീന പരാതിയിൽ പറഞ്ഞിരുന്നു. ടിപർ ലോറിയിൽ നിന്ന് പൊലീസ് ലാത്തിയുടെ കഷ്ണം കണ്ടെത്തിയത് പൊലീസിന്റെ മർദനമാണ് മരണകാരണമെന്ന് സംശയിക്കാൻ ഇടയാക്കുന്നു എന്നും പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നത്.
#AsifDeath #CrimeBranch #KeralaPolice #SuspiciousDeath #Investigation #Kasaragod