Clash | സ്കൂൾ കായികമേളക്കിടെ ദേശീയപാതയിലും, സ്കൂളിലും വിദ്യാർഥികൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി; പോലീസെത്തി ലാത്തി വീശി
● പ്രകോപനപരമായ ടീഷർട്ടുകൾ തുടക്കമിട്ടു
● സ്കൂളിൽ നിന്ന് തുടങ്ങിയ സംഘർഷം ദേശീയപാതയിലേക്ക് വ്യാപിച്ചു.
● ടീഷർട്ടിന്റെ മുൻവശത്ത് 'അഴിഞ്ഞാട്ടം' എന്ന് എഴുതിയിരുന്നു.
മൊഗ്രാൽ: (KasargodVartha) ഗവ. വെക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ രണ്ട് ദിവസങ്ങളിലായി നടന്നുവരുന്ന സ്കൂൾ കായികമേളയുടെ സമാപന ദിവസത്തിൽ ഹയർസെക്കൻഡറി വിഭാഗത്തിലെ വിദ്യാർത്ഥികൾ സ്കൂളിലും, ദേശീയപാതയിലും ചേരിതിരിഞ്ഞ് സംഘട്ടനത്തിൽ ഏർപ്പെട്ടത് പ്രദേശവാസികൾക്കും, പിടിഎയ്ക്കും വലിയ തലവേദനയായി. വെള്ളിയാഴ്ച ഉച്ചയോടെ മൊഗ്രാലിലാണ് സംഭവം.
മൊഗ്രാലിൽ സ്കൂൾ കായികമേളക്കിടെ ദേശീയപാതയിലും, സ്കൂളിലും ചേരിതിരിഞ്ഞ് ഏറ്റുമുട്ടി വിദ്യാർഥികൾ pic.twitter.com/adHEjNGAO8
— Kasargod Vartha (@KasargodVartha) September 28, 2024
കുമ്പള സിഐയുടെ നേതൃത്വത്തിൽ പോലീസെത്തി ലാത്തി വീശിയതയോടെയാണ് വിദ്യാർത്ഥികൾ പിരിഞ്ഞുപോയത്. കായികമേള അലങ്കോലമാക്കാൻ വിദ്യാർത്ഥികളുടെ ഭാഗത്ത് നിന്ന് ശ്രമമുണ്ടായെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിൽ പ്രശ്നം ചർച്ച ചെയ്യാൻ തിങ്കളാഴ്ച പിടിഎ അടിയന്തരയോഗം വിളിച്ചുചേർത്തിട്ടുണ്ട്.
ഹയർസെക്കൻഡറി വിഭാഗത്തിലെ പ്ലസ് വൺ വിദ്യാർഥികൾ സംഘടിച്ച് വെള്ള ടീഷർട്ട് ധരിച്ച് സ്കൂളിലെത്തിയതാണ് പ്രശ്നത്തിന് തുടക്കം. കായിക മത്സരങ്ങളിൽ തങ്ങളെ പങ്കെടുപ്പിച്ചില്ലെന്നാരോപിച്ചാണ് വിദ്യാർത്ഥികൾ ടീഷർട്ട് ധരിച്ച് സ്കൂളിലെത്തിയത്. ടീഷർട്ടിന്റെ മുൻവശത്ത് 'അഴിഞ്ഞാട്ടം' എന്ന് എഴുതിയതാണ് അധ്യാപകരെയും, പ്രദേശവാസികളെയും, പിടിഎയും പ്രകോപിപ്പിച്ചത്.
ഈ ടീഷർട്ട് ധരിച്ച് സ്കൂൾ വളപ്പിനകത്ത് അഴിഞ്ഞാടാൻ അനുവദിക്കില്ലെന്നായിരുന്നു പിടിഎയുടെയും അധ്യാപകരുടെയും നിലപാട്. ഇതിനിടെ പ്ലസ് ടു വിദ്യാർത്ഥികൾ കൂടി പ്രശ്നത്തിൽ ഇടപെട്ടതോടെ 'അടി' തുടങ്ങുകയായിരുന്നുവെന്ന് പറയുന്നു. സ്കൂളിൽ നിന്ന് തുടങ്ങിയ അടി പിന്നീട് ദേശീയപാത അടിപ്പാത വരെ എത്തി. സംഘർഷത്തിനിടയിൽ ഇതുവഴി നടന്നു പോവുകയായിരുന്ന ഒരു കുട്ടിക്ക് വീണ് പരിക്കേറ്റത് പ്രദേശവാസികളുടെ ഇടപെടലിന് കാരണമായി.
പൊലീസിനോടൊപ്പം പ്രദേശവാസികൾ കൂടി ചേർന്ന് വിദ്യാർത്ഥികളെ പിന്തിരിപ്പിക്കാൻ ഏറെ പാടുപെടേണ്ടി വന്നു. അതിനിടെ പൊലീസിനെ ഭയന്ന് കുമ്പളയിൽ എത്തിയ വിദ്യാർത്ഥികൾ അവിടെയും സംഘർഷത്തിൽ ഏർപ്പെട്ടതായി പറയുന്നു. അവിടെയും പൊലീസ് എത്തിയാണ് വിദ്യാർത്ഥികളെ പിന്തിരിപ്പിച്ചത്.
#MogralSchoolClash #Kerala #SchoolViolence #StudentProtest #PoliceIntervention