മാതാവിന് ചിലവ് കൊടുക്കാത്ത മകനെ ആറ് മാസത്തേക്ക് ജയിലിലടച്ച് കാഞ്ഞങ്ങാട് ആർഡിഒ കോടതിയുടെ അപൂർവ വിധി
● പരാതി നൽകിയിരുന്നത് ഏലിയാമ്മ ജോസഫ് എന്ന മാതാവാണ്.
● വാറൻ്റ് പ്രകാരം പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.
● മെയിൻ്റനൻസ് ട്രൈബ്യൂണൽ ആണ് കേസിൽ ഉത്തരവായത്.
● മാതാപിതാക്കളുടെ സംരക്ഷണ നിയമപ്രകാരമാണ് നടപടി.
കാഞ്ഞങ്ങാട്: (KasargodVartha) മാതാവിന് ചിലവ് കൊടുക്കാത്തതിനെ തുടർന്ന് പൊലീസ് അറസ്റ്റ് ചെയ്ത് ഹാജരാക്കിയ മകനെ ജയിലിലടച്ച് കാഞ്ഞങ്ങാട് ആർഡിഒ കോടതി. മാതാപിതാക്കൾക്ക് ചിലവ് നൽകാത്ത കേസിൽ ഇത്തരമൊരു വിധിയുണ്ടാകുന്നത് അപൂർവമാണ്.
അമ്പലത്തറ വില്ലേജിലെ കാഞ്ഞിരപ്പൊയിൽ, ചോമൻകോട് സ്വദേശിനി ഏലിയാമ്മ ജോസഫ് സമർപ്പിച്ച പരാതിയിൽ എതിർകക്ഷിയും മകനുമായ പ്രതീഷിനെയാണ് ആറ് മാസത്തെ കുടിശ്ശിക തുകയായ 12,000 രൂപ നൽകുന്നതുവരെ ജയിലിൽ പാർപ്പിക്കാൻ കോടതി ഉത്തരവിട്ടത്.
മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും സംരക്ഷണവും ക്ഷേമവും നിയമം 2007 വകുപ്പ് 5(8), ബി എൻ എസ് എസ് 144 നിയമപ്രകാരമാണ് ഹോസ്ദുർഗ് സബ് ജയിലിൽ പാർപ്പിക്കുന്നതിന് മെയിന്റനൻസ് ട്രൈബ്യൂണൽ ആയ ആർഡിഒ ഉത്തരവായത്.
2025 മാർച്ച് 18-ന് മാതാവിന് പ്രതിമാസം 2,000 രൂപ സംരക്ഷണ തുകയായി നൽകാൻ കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ ഈ തുക മകൻ നൽകാത്തതിനെ തുടർന്ന് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഏലിയാമ്മ ജോസഫ് ഏപ്രിൽ 24-ന് പരാതി നൽകി. ഈ പരാതി ഫയൽ സ്വീകരിക്കുകയും തുക 10 ദിവസത്തിനുള്ളിൽ നൽകണമെന്നാവശ്യപ്പെട്ട് മടിക്കൈ വില്ലേജ് ഓഫീസർ മുഖേന പ്രതീഷിന് നോട്ടീസ് നൽകുകയും ചെയ്തു. എന്നാൽ, പ്രതീഷ് ഈ നോട്ടീസ് മടക്കി.
10 ദിവസത്തിന് ശേഷവും എതിർകക്ഷി തുക ഒടുക്കാത്തതിനെ തുടർന്ന് മെയിന്റനൻസ് ട്രൈബ്യൂണൽ വാറണ്ട് പുറപ്പെടുവിച്ചു. ജൂൺ നാലിന് എതിർകക്ഷി ട്രൈബ്യൂണൽ മുമ്പാകെ ഹാജരാകുകയും തനിക്ക് പണം നൽകാൻ സാധിക്കുകയില്ലെന്നും തന്റെ സഹോദരി പരാതിക്കാരിയെ സംരക്ഷിക്കുന്നില്ലെന്നും ബോധിപ്പിച്ചു. എന്നാൽ, എതിർകക്ഷിയുടെ സഹോദരിക്കെതിരെ പരാതിയൊന്നും ട്രൈബ്യൂണൽ മുമ്പാകെ ലഭിച്ചിരുന്നില്ല.
തുടർന്ന്, ജൂലൈ 10-ന് നടന്ന വിചാരണയിൽ പരാതിക്കാരിയും എതിർകക്ഷിയും ഹാജരാവുകയും തുക നൽകാൻ തയ്യാറല്ലെന്ന് എതിർകക്ഷി അറിയിക്കുകയും ചെയ്തു. ജൂലൈ 31-നകം ഒരു ഗഡു സംരക്ഷണ തുക നൽകേണ്ടതാണെന്നും അല്ലാത്തപക്ഷം എതിർകക്ഷിക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കുമെന്നും ട്രൈബ്യൂണൽ അറിയിച്ചു.
സംരക്ഷണ തുക നാളിതുവരെ ലഭ്യമാക്കിയിട്ടില്ലെന്ന് കാണിച്ച് ഏലിയാമ്മ ജോസഫ് ഓഗസ്റ്റ് 12-ന് ട്രൈബ്യൂണൽ മുമ്പാകെ വീണ്ടും പരാതി സമർപ്പിച്ചു. കേസ് ഓഗസ്റ്റ് 26-ലേക്ക് വിചാരണയ്ക്കായി മാറ്റിവെച്ചു. 26-ലെ വിചാരണ ഈ മാസം ഒമ്പതാം തീയതിയിലേക്ക് മാറ്റിവെക്കുകയും, വിചാരണ വേളയിൽ പ്രതീഷിനെ നീലേശ്വരം സ്റ്റേഷൻ ഹൗസ് ഓഫീസർ വാറന്റ് പ്രകാരം അറസ്റ്റ് ചെയ്ത് ഹാജരാക്കുകയും ചെയ്തു.
വിചാരണ വേളയിൽ കുടിശ്ശിക തുക അടയ്ക്കാൻ തയ്യാറല്ലെന്ന് എതിർകക്ഷി അറിയിച്ചതിനെ തുടർന്നാണ് ജയിലിലടയ്ക്കാൻ ആർഡിഒ കോടതി ഉത്തരവായത്.
ഈ വിഷയത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെയ്ക്കൂ. ഈ വാർത്ത മറ്റുള്ളവർക്കും ഷെയർ ചെയ്യൂ.
Article Summary: Court jails son in Kasaragod for not providing maintenance to his mother.
#KeralaNews #CourtVerdict #ParentsRights #Kasaragod #LegalAction #Seniors






