Arrest | 'മാതാവിനെ കൊലപ്പെടുത്തിയത് മാനസിക പ്രശ്നം നേരിടുന്ന മകൻ'; പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി; കോടതിയിൽ ഹാജരാക്കി മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റും
● വീട്ടമ്മയുടെ മരണവാർത്ത നാടിനെ കണ്ണീരിലാഴ്ത്തി.
● അക്രമം തടയാൻ ശ്രമിക്കുന്നതിനിടയിൽ സഹോദരനും അടിയേറ്റു.
ബോവിക്കാനം: (KasargodVartha) പൊവ്വലിൽ ഉമ്മയെ ചുമരിലേക്ക് പിടിച്ചുതള്ളിയും മൺവെട്ടി കൊണ്ട് തലയ്ക്കടിച്ചും കൊലപ്പെടുത്തിയ കേസിൽ മകൻ്റെ അറസ്റ്റ് പൊലീസ് ബുധനാഴ്ച രാവിലെ രേഖപ്പെടുത്തി. പൊവ്വൽ പെട്രോൾ പമ്പിന് സമീപത്തെ അബ്ദുല്ലക്കുഞ്ഞിയുടെ ഭാര്യ നഫീസയെ (62) കൊലപ്പെടുത്തിയ കുറ്റം ചുമത്തിയാണ് മകൻ നാസറിനെ (44) ആദൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
പ്രതി നാസർ മാനസിക പ്രയാസം നേരിടുന്ന ആളാണെന്ന് വ്യക്തമായിട്ടുണ്ടെന്ന് പൊലീസ് സൂചിപ്പിച്ചു. മകൻ്റെ ഉപദ്രവം സഹിക്കാൻ കഴിയാത്തതിനാൽ പ്രായമായ പിതാവ് അബ്ദുല്ലക്കുഞ്ഞിയെ ബന്ധുവീട്ടിലേക്ക് നേരത്തേ തന്നെ മാറ്റിയിരുന്നു. മാനസിക പ്രശ്നം ഉള്ളതിനാൽ നാസറിന് ചികിത്സ നൽകിയിരുന്നു. വീട്ടിൽ നിന്നും പുറത്ത് വിടാതെ മുറിയിൽ തന്നെയായിരുന്നു കഴിഞ്ഞിരുന്നത്. ഭക്ഷണം ഉണ്ടാക്കി നൽകേണ്ടത് കൊണ്ടാണ് മാതാവിനെ വീട്ടിൽ നിർത്തിയത്. മാതാവിനെ ഉപദ്രവിക്കാറില്ലായിരുന്നു.
ചൊവ്വാഴ്ച വൈകീട്ട് നാലുമണിയോടെ പ്രകോപിതനായ നാസർ മാതാവിനെ ചുമരിലേക്ക് തള്ളിയിട്ടു. പിന്നീട് പുറത്ത് വന്ന് മൺവെട്ടി കൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നു. വീട്ടിലുണ്ടായിരുന്ന മൂത്ത സഹോദരൻ മജീദിനും അക്രമം തടയാൻ ശ്രമിക്കുന്നതിനിടയിൽ അടിയേറ്റു. ബഹളം കേട്ട് ബന്ധുക്കളും പരിസരവാസികളും ഓടിയെത്തി ഇരുവരെയും ചെങ്കള സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും നഫീസയുടെ ജീവൻ രക്ഷിക്കാനായില്ല.
നാസറിനെ പ്രദേശവാസികൾ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. നഫീസയുടെ മൃതദേഹം കാസർകോട് ജെനറൽ ആശുപത്രിയിൽ ബുധനാഴ്ച രാവിലെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി ഉച്ചയോടെ പൊലീസ് സർജൻ പോസ്റ്റ് മോർടം നടത്തി ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. ഖബറടക്കം പൊവ്വലിൽ നടക്കും. വീട്ടമ്മയുടെ മരണം നാടിനെ കണ്ണീരിലാഴ്ത്തി. നാസറിനെ കോടതിയിൽ ഹാജരാക്കി മാനസിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റുമെന്നും പൊലീസ് വ്യക്തമാക്കി.
#Murder #MentalHealth #FamilyTragedy #KeralaNews #Crime #PoliceArrest