'ബസിൽ നിന്നിറക്കി യുവതിയെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചു; കഴുത്തിലും വയറ്റിലും കത്തി വെച്ച് ഭീഷണി'; സൈനികനെതിരെ കേസ്
● മേൽപ്പറമ്പ് പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്.
● ചിറ്റാരിക്കാൽ പോലീസ് സ്റ്റേഷൻ പരിധിയിലെ 29 കാരിയാണ് പരാതിക്കാരി.
● ചീമേനി പോലീസ് സ്റ്റേഷൻ പരിധിയിലെ സൈനികൻ അനീഷ് കുമാറിനെതിരെയാണ് കേസ് എടുത്തത്.
● ചട്ടഞ്ചാലിന് സമീപത്ത് വെച്ച് യുവതിയെ നിർബന്ധിച്ച് ബസിൽ നിന്നിറക്കി കൊണ്ടുപോയെന്ന് പരാതിയിൽ പറയുന്നു.
● പ്രതി യുവതിയുടെ ഇഷ്ടത്തിന് വിരുദ്ധമായി ഇൻസ്റ്റാഗ്രാം വഴി നിരന്തരം പിന്തുടർന്നിരുന്നു എന്നും മൊഴിയിൽ ഉണ്ട്.
കാസർകോട്: (KasargodVartha) ഇൻസ്റ്റഗ്രാം വഴിയുള്ള സൗഹൃദത്തിൻ്റെ പേരിൽ ബസിൽ യാത്ര ചെയ്യുകയായിരുന്ന യുവതിയെ വിളിച്ചിറക്കി സ്‌കൂട്ടറിൽ കയറ്റി കൊണ്ടുപോയി മർദ്ദിക്കുകയും കഴുത്തിലും വയറ്റിലും കത്തി വെച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന പരാതിയിൽ സൈനികനെതിരെ മേൽപറമ്പ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ട് മണിക്ക് ശേഷം മേൽപറമ്പ് പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്.
ചിറ്റാരിക്കാൽ പോലീസ് സ്റ്റേഷൻ പരിധിയിലെ ഭർതൃമതിയായ 29 കാരിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ചീമേനി പോലീസ് സ്റ്റേഷൻ പരിധിയിലെ പട്ടാളക്കാരൻ അനീഷ് കുമാറിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം ചെർക്കളയിൽ നിന്നും കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോകുന്ന ബസിലാണ് യുവതി യാത്ര ചെയ്തിരുന്നത്.
ചട്ടഞ്ചാലിന് സമീപത്ത് എത്തിയപ്പോൾ പ്രതി യുവതിയെ നിർബന്ധിച്ച് ബസിൽ നിന്നിറക്കുകയായിരുന്നു. തുടർന്ന് യുവാവ് വന്ന സ്‌കൂട്ടറിൽ ബലമായി കയറ്റി പൊയ്‌നാച്ചി തെക്കിലിലെ ഒരു ക്വാറിക്ക് സമീപത്തേക്ക് കൊണ്ടുപോയി എന്നും പരാതിയിൽ പറയുന്നു. അവിടെ വിജനമായ സ്ഥലത്ത് വെച്ച് യുവതിയെ അടിച്ച് പരിക്കേൽപ്പിക്കുകയും കഴുത്തിലും വയറ്റിലും കത്തി വെച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായും പരാതിക്കാരി പോലീസിനെ അറിയിച്ചു.
രക്ഷപ്പെട്ട് പരാതി നൽകി
സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട ശേഷം യുവതി രക്ഷാകർത്താക്കളെ ബന്ധപ്പെട്ട് മേൽപറമ്പ് പോലീസിൽ പരാതി നൽകുകയായിരുന്നു. പ്രതി യുവതിയുടെ ഇഷ്ടത്തിന് വിരുദ്ധമായി ഇൻസ്റ്റാഗ്രാം വഴി നിരന്തരം പിന്തുടർന്നതായി മൊഴിയിൽ പറയുന്നു. പ്രതി പൊതുസ്ഥലത്ത് വെച്ച് ബലമായി സ്‌കൂട്ടിയിൽ കയറ്റി കൊണ്ടുപോയതിലും കൈകൊണ്ട് അടിച്ചതിലും പരാതിക്കാരിക്ക് മാനഹാനി സംഭവിച്ചു എന്നും പരാതിയിൽ വ്യക്തമാക്കുന്നു.
സമൂഹമാധ്യമങ്ങളിലെ സൗഹൃദങ്ങളിൽ ജാഗ്രത പാലിക്കുക. ഈ വിവരം എല്ലാവരിലേക്കും എത്തിക്കുക.
Article Summary: Soldier booked for abducting, assaulting a woman following Instagram acquaintance in Kasaragod.
#KasaragodCrime #KeralaPolice #InstagramFriendship #AssaultCase #SoldierBooked #MelparambaPolice






