Controversy | പെരിയ ഇരട്ടക്കൊല വിധി: സാമൂഹ്യ മാധ്യമങ്ങളിലൂടെ അധിക്ഷേപ പരാമര്‍ശങ്ങള്‍ നടത്തിയതായി പരാതി; രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

● ഫേസ്ബുക് പോസ്റ്റില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പ്രതികളാക്കി കേസെടുത്തു.
● സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ പ്രചരിപ്പതിന് സിപിഎം പ്രവര്‍ത്തകരെ പ്രതികളാക്കിയും കേസെടുത്തു.
● പരാതിയില്‍ പൊലീസ് കൂടുതല്‍ അന്വേഷണം നടത്തിവരുന്നു.
കാസര്‍കോട്: (KasargodVartha) പെരിയ ഇരട്ടക്കൊല കേസില്‍ കോടതി വിധിയുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളിലൂടെ അധിക്ഷേപ പരാമര്‍ശങ്ങള്‍ നടത്തിയെന്ന പരാതിയില്‍ പൊലീസ് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. സിപിഎം, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കുമെതിരെയാണ് ബേക്കല്‍ പൊലീസ് കേസെടുത്തിരിക്കുന്നത്.
കാഞ്ഞങ്ങാട് ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് കെ മണികണ്ഠന്റെ ഫേസ്ബുക് പോസ്റ്റില്‍ കാസര്‍കോട് ജില്ല പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ പോസ്റ്റ് ചെയ്ത കമന്റിന് താഴെ അശ്ലീല ചുവയുള്ള കമന്റുകള്‍ പോസ്റ്റ് ചെയ്തുവെന്ന പരാതിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരായ നിയാസ് മലബാരി, ജോസഫ് ജോസഫ്, ഹാഷിം എളമ്പയല്‍ എന്നിവരെ പ്രതികളാക്കി കേസെടുത്തു.
കല്യോട്ട് കൊല്ലപ്പെട്ട ശരത് ലാല്‍, കൃപേഷ് എന്നിവരെ കുറിച്ച് ഫേസ്ബുക് അകൗണ്ടിലൂടെയും വാട്‌സ്ആപ് വഴിയും അപകീര്‍ത്തികരവും മാനഹാനിയുണ്ടാക്കുന്നതുമായ പോസ്റ്റുകള്‍ പ്രചരിപ്പിച്ചുവെന്ന പരാതിയില്‍ സിപിഎം ഉദുമ ഏരിയ സെക്രടറി മധു മുദിയക്കാല്‍, അഖില്‍ പുളിക്കോടന്‍ എന്നിവരെ പ്രതികളാക്കിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പൊലീസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.
#periyamurdercase #socialmedia #hatespeech #kerala #india #news #cpm #congress