Verdict | യുവാവിനെ കഴുത്തറുത്ത് കൊന്ന് തല മൈതാനത്ത് കൊണ്ടുപോയി പന്ത് പോലെ തട്ടികളിച്ചുവെന്ന അതിക്രൂരമായ കൊലക്കേസിൽ 6 പ്രതികളെ കോടതി കുറ്റക്കാരെന്ന് കണ്ടെത്തി; ശിക്ഷ തിങ്കളാഴ്ച പ്രഖ്യാപിക്കും
● സിദ്ദീഖ് ഉൾപ്പെടെയുള്ള പ്രതികൾക്ക് മുൻപും ക്രിമിനൽ പശ്ചാത്തലം.
● കുമ്പള സിഐയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
കാസർകോട്: (KasargodVartha) യുവാവിനെ കഴുത്തറുത്ത് കൊന്ന് തല മൈതാനത്ത് കൊണ്ടുപോയി പന്ത് പോലെ തട്ടികളിച്ചുവെന്ന അതിക്രൂരമായ കൊലക്കേസിൽ ആറ് പ്രതികളെ കോടതി കുറ്റക്കാരെന്ന് കണ്ടെത്തി. പ്രതികൾക്കുള്ള ശിക്ഷ തിങ്കളാഴ്ച പ്രഖ്യാപിക്കും. പ്രതികൾക്ക് സഹായം ചെയ്ത് കൊടുത്തുവെന്ന് കുറ്റാരോപിതരായ രണ്ട് പേരെ കോടതി വെറുതെ വിട്ടു.
കുമ്പള പൊലീസ് സ്റ്റേഷൻ പരിധിയിൽ പേരാലിലെ അബ്ദുല്‍ സലാമിനെ (27) പെര്‍വാഡ് മാളിയങ്കരക്ക് സമീപം കോട്ടയിലെ മൈതാനത്ത് തലയറുത്ത് കൊന്ന പ്രമാദമായ കേസിലാണ് ആറുപേരെ കാസർകോട് അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്‌ജ് കെ പ്രിയ കുറ്റക്കാരെന്ന് കണ്ടെത്തിയിരിക്കുന്നത്.
കുമ്പള പൊലീസ് സ്റ്റേഷൻ പരിധിയിലെ മാങ്ങാമുടി സിദ്ദീഖ് എന്ന സിദ്ദീഖ് (39), ഉമര്‍ ഫാറൂഖ് (29), സഹീര്‍ (32), നിയാസ് (31), ലത്തീഫ് (36), ഹരീഷ് (29) എന്നിവരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്. അരുൺ കുമാർ, ഖലീൽ എന്നിവരെയാണ് വെറുതെവിട്ടത്. കുമ്പള സി ഐ ആയിരുന്ന ഇപ്പോഴത്തെ ബേക്കൽ ഡിവൈഎസ്പി വി വി മനോജ് ആണ് ജില്ലയെ ഞെട്ടിച്ച ഈ കേസ് അന്വേഷിച്ചത്.
ഏപ്രില്‍ 30ന് വൈകിട്ടാണ് കൊല നടന്നത്. മാങ്ങാമുടി സിദ്ദീഖിൻ്റെ പൂഴി ലോറി പൊലീസ് പിടികൂടിയത് സലാമിൻ്റ ഒറ്റുകാരണമെന്ന് സംശയിച്ചതാണ് വിരോധത്തിന് കാരണമെന്നാണ് പൊലീസ് കണ്ടെത്തിയത്. 29ന് പുലര്‍ച്ചെ മൂന്ന് മണിക്ക് വീട്ടില്‍ കയറി ഉമ്മയേയും തന്നെയും ഭീഷണി മുഴക്കിയതിന്റെ പ്രതികാരമായാണ് സലാമിനെ കൊന്നതെന്ന് സിദ്ദീഖ് പിന്നീട് പൊലീസില്‍ മൊഴി നല്‍കിയിരുന്നു. തനിക്ക് നേരെ സലാം വധഭീഷണി മുഴക്കിയിരുന്നുവെന്നും സിദ്ദീഖ് കാരണമായി പറഞ്ഞിരുന്നു.
സംഭവം നടക്കുമ്പോൾ സിദ്ദീഖ് ഒരു കൊലക്കേസിലും ഉമ്മര്‍ ഫാറൂഖ് രണ്ട് കൊലക്കേസിലും പ്രതിയായിരുന്നു. കൊല നടത്തിയപ്പോൾ പ്രതികൾ ധരിച്ചിരുന്ന ചോര പുരണ്ട വസ്ത്രങ്ങൾ കുണ്ടങ്കരടുക്കയിലെ ശ്മശാനത്തിലെ ടവറിന് കീഴിലുള്ള കുഴിയിലിട്ട് കത്തിച്ചതടക്കമുള്ള തെളിവുകളും പൊലീസ് ഹാജരാക്കിയ ശാസ്ത്രീയ തെളിവുകളും കേസിൽ നിർണായകമായിരുന്നു. സലാമിനൊപ്പമുണ്ടായിരുന്ന നൗഷാദിന് (28) ആക്രമി സംഘത്തിന്റെ കുത്തേറ്റ് പരിക്കേറ്റിരുന്നു. ദൃക്സാക്ഷിയായ നൗഷാദിൻ്റെ മൊഴിയും കേസിൽ നിർണായകമായിരുന്നു.
അറസ്റ്റ് ചെയ്തതിന് പിന്നാലെ സിദ്ദീഖിനേയും കൊണ്ട് സ്ഥലത്തെത്തിയ പൊലീസ് തെളിവെടുപ്പിൻ്റെ ഭാഗമായി കൊലയ്ക്കുപയോഗിച്ചിരുന്ന മൂന്ന് ആയുധങ്ങളും കണ്ടെടുത്തിരുന്നു. ഇവയുടെ ശാസ്ത്രീയ പരിശോധന ഫലവും പ്രതികൾക്ക് എതിരായിരുന്നു. സിഐക്ക് പുറമെ കുമ്പള എസ്ഐ ജയശങ്കര്‍, സ്പെഷ്യല്‍ സ്‌ക്വാഡ് അംഗങ്ങളായ ബാലകൃഷ്ണന്‍, നാരായണന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
#KasaragodMurder #KeralaCrime #JusticeServed #CourtVerdict #CrimeNews #Killing