Police Booked | മുംതാസ് അലിയുടെ മരണം: യുവതി അടക്കം 6 പേർക്കെതിരെ കേസ്; ബ്ലാക് മെയിൽ ചെയ്ത് പണം തട്ടിയതായി ആരോപണം
● 50 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന് ആരോപണം.
● അധികമായി 50 ലക്ഷം രൂപ ആവശ്യപ്പെടുകയും ചെയ്തുവെന്നും പരാതി.
● മാനസികമായി പീഡിപ്പിച്ചതായും പരാതി.
മംഗ്ളുറു: (KasargodVartha) പ്രമുഖ വ്യവസായിയും മിസ്ബാഹ് ഗ്രൂപ് ഓഫ് എജ്യുകേഷണൽ ഇൻസ്റ്റിറ്റ്യൂഷൻസിന്റെ ചെയർമാനും മുൻ എംഎൽഎ മുഹ്‌യുദ്ദീൻ ബാവയുടെ സഹോദരനുമായ മുംതാസ് അലിയുടെ (52) മരണവുമായി ബന്ധപ്പെട്ട് ഒരു സ്ത്രീയടക്കം ആറ് പേർക്കെതിരെ പൊലീസ് കേസെടുത്തു. ഇവർ മുംതാസ് അലിയെ ബ്ലാക് മെയിൽ ചെയ്ത് 50 ലക്ഷം രൂപ തട്ടിയെടുക്കുകയും അധികമായി 50 ലക്ഷം രൂപ ആവശ്യപ്പെടുകയും ചെയ്തുവെന്നാണ് ആരോപണം.
മുംതാസ് അലിയെയുടെ സഹോദരൻ ഹൈദർ അലി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് റഹ്‌മത്, അബ്ദുൽ സത്താർ, ശാഫി, മുസ്ത്വഫ, ശുഐബ്, സിറാജ് എന്നിവർക്കെതിരെ ബിഎൻഎസ് സെക്ഷൻ 308 (2), 308 (5), 351 (2), 190 വകുപ്പുകൾ പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്തത്. 30 വർഷത്തിലേറെയായി പൊതുരംഗത്തും സാമൂഹിക സേവനത്തിലും മതപരവും വിദ്യാഭ്യാസപരവുമായ പ്രവർത്തനങ്ങളിലും ഏർപ്പെട്ടിരുന്ന മുംതാസ് അലിയുടെ പ്രതിച്ഛായ തകർക്കാൻ ആറുപേരും ഗൂഢാലോചന നടത്തിയെന്ന് പരാതിക്കാരൻ ആരോപിച്ചു.
പ്രതികൾ മാനസികമായി പീഡിപ്പിച്ചുവെന്നും പരാതിയിൽ പറയുന്നു. ഞായറാഴ്ച പുലർച്ചെ മൂന്ന് മണിയോടെ മുംതാസ് അലി വീട്ടിൽ നിന്ന് സൂറത്കലിലേക്ക് പോയിരുന്നു. എംസിഎഫിന് സമീപം അദ്ദേഹത്തിൻ്റെ കാർ ബസുമായി കൂട്ടിയിടിക്കുകയും അപകടത്തിൽ ബസ് ഡ്രൈവറോടും കണ്ടക്ടറോടും ക്ഷമാപണം നടത്തിയെന്നും വിവരം ലഭിച്ചിട്ടുണ്ട്. തുടർന്ന് പനമ്പൂർ സർകിളിന് സമീപം യു ടേൺ എടുത്ത് വീണ്ടും കുളൂർ പാലത്തിനടുത്തേക്ക് ഓടിച്ചതായും പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞു.
മുംതാസ് അലിയുടെ കെഎ 19 എംജി 0004 നമ്പരിലുള്ള ബിഎംഡബ്ല്യു കാർ പുലർച്ചെ അഞ്ചോടെ കുളൂർ പാലത്തിൽ തകർന്ന നിലയിൽ കണ്ടെത്തിയിരുന്നു. തുടർന്ന് പൊലീസ്, എൻഡിആർഎഫ്, നീന്തൽ വിദഗ്ധർ എന്നിവർ ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം തിങ്കളാഴ്ച രാവിലെ കണ്ടെത്തിയത്. തന്നെ മാനസികമായി പീഡിപ്പിക്കുന്നവരുടെ പേര് പറഞ്ഞുകൊണ്ട് മുംതാസ് അലി ബ്യാരി ഭാഷയിൽ മകൾക്കും സുഹൃത്തിനും സാമൂഹ്യ മാധ്യമത്തിൽ ശബ്ദ സന്ദേശം അയച്ചതായി കണ്ടെത്തിയിട്ടുണ്ട്. പൊലീസ് കേസിൽ വിശദമായ അന്വേഷണം നടത്തുകയാണ്.
#MumbtazAli #Blackmail #KeralaNews #PoliceInvestigation #CrimeNews #Justice