Milk | കർണാടകയിൽ നിന്നെത്തുന്ന പാലിന് കൂടുതൽ വില ഈടാക്കുന്നവർ ജാഗ്രതൈ! കാസർകോട്ട് രജിസ്റ്റർ ചെയ്തത് 6 കേസുകൾ
കാസർകോട്: (KasargodVartha) കർണാടകയിൽ നിന്നെത്തുന്ന പാലിന് അധികവില ഈടാക്കുന്നതിനെതിരെ ശക്തമായ നടപടിക്ക് അധികൃതർ. ജില്ലയില്‍ കർണാടകയിൽ നിന്നു വരുന്ന പാല്‍ പാകറ്റുകള്‍ക്കും പാലുല്‍പന്നങ്ങള്‍ക്കും അധികവില ഈടാക്കുന്നു എന്ന വിവരത്തെ തുടര്‍ന്ന് അളവ് തൂക്ക നിയന്ത്രണ വകുപ്പ് നടത്തിയ പരിശോധനയില്‍ ആറ് കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.
26 രൂപ പരമാവധി പ്രിന്റ ചെയ്ത പാലിന് ചില കടകൾ 28 രൂപ മുതൽ 30 രൂപ വരെ ഈടാക്കി വിൽപന നടത്തിയെന്നാണ് കണ്ടെത്തിയത്. പാല്‍പാകറ്റുകള്‍ പരമാവധി വിലയെക്കാള്‍ കുടുതല്‍ വില ഈടാക്കി വില്‍പന നടത്തുന്നതിനെതിരെ പരിശോധനകള്‍ ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായാണ് പരിശോധന നടത്തിയത്. നന്ദിനി ബ്രാൻഡ് പാൽ പാകറ്റുകൾക്കാണ് കൂടുതൽ വില ഈടാക്കിയത്.
ജൂലൈ 15, 18 തിയ്യതികളിൽ നടത്തിയ പരിശോധനയിലാണ് ഈ നിയമലംഘനം കണ്ടെത്തിയത്.
ജില്ലയുടെ അതിർത്തി പ്രദേശങ്ങളിലും നഗരത്തിലും ഇത്തരം നിയമലംഘനം കണ്ടെത്തിയിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു.
ഡെപ്യൂടി കണ്‍ട്രോളര്‍ പി ശ്രീനിവാസയുടെ നിര്‍ദേശ പ്രകാരം അസിസ്റ്റന്റ് കണ്‍ട്രോളര്‍ എം രതീഷ് , ഇന്‍സ്‌പെക്ടമാരായ കെ ശശികല, കെ എസ് രമ്യ, ആര്‍ ഹരിക്യഷ്ണന്‍, എസ് വിദ്യാധരന്‍ എന്നിവരുടെ നേത്യത്വത്തിലാണ് പരിശോധന നടത്തിയത്. പരിശോധന സംഘത്തില്‍ പി ശ്രീജിത്, പി കെ സൗമ്യ, എ വിനയന്‍, ഷാജികുരുക്കല്‍ വീട്ടീല്‍, പി അജിത് കുമാര്‍, കെ സിതു എന്നിവര്‍ പങ്കെടുത്തു.
1424 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു
അളവ് തൂക്ക നിയന്ത്രണ വകുപ്പ് 2023-2024 സാമ്പത്തിക വര്‍ഷം ജില്ലയില്‍ വിവിധ വ്യാപാര സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ ആകെ 1424 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും നാല്‍പ്പത്തിനാല് ലക്ഷത്തി മുപ്പത്താറായിരം രുപ (44,36,000) പിഴ ഈടാക്കുകയും ചെയ്തു. അളവ് തൂക്ക നിയന്ത്രണ വകുപ്പ് പാക്കേജ്ഡ് കമ്മോഡിറ്റീസ് റൂള്‍സിന്റെ ലംഘനത്തിന് മാത്രമായി 168 കേസുകള്‍ കണ്ടെത്തി പതിനെട്ട് ലക്ഷത്തി നാല്‍പ്പത്തൊന്നായിരം രൂപ (18,41,000) പിഴ ഇടാക്കി.