Arrest | സ്വർണ ഇടപാടിൽ തർക്കം: 2 പേരെ തട്ടിക്കൊണ്ട് പോയി വധിക്കാൻ ശ്രമിച്ചെന്ന കേസിൽ 6 യുവാക്കൾ അറസ്റ്റിൽ
* പാലക്കാട്, കാസർകോട് സ്വദേശികളായ ആറ് പേർക്കെതിരെയാണ് കേസ്.
ഏഴു ലക്ഷം രൂപ തട്ടിയെടുത്തു.
ബേക്കൽ: (KasargodVartha) കർണാടകയിലെ ബെൽഗാമിൽ നടന്ന സ്വർണ ഇടപാടിൽ പണം നഷ്ടപ്പെട്ടതിലുള്ള തർക്കത്തെ തുടർന്ന് രണ്ടുപേരെ തട്ടിക്കൊണ്ട് വന്ന് കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ ആറ് പേരെ ബേക്കൽ പൊലീസ് അറസ്റ്റ് ചെയ്‌തു. പാലക്കാട് ജില്ലയിലെ വി അജയകുമാർ (36), ബദിയഡുക്ക പൊലീസ് സ്റ്റേഷൻ പരിധിയിലെ കെ എച് സൽമാൻ ഫാരിസ് (22), എ ജെ ഹംസതുൽ കർറാർ എന്ന ഹംസ (23), എ എച് മജീദ് (23), ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ എം മുഹമ്മദ് അശ്റഫ് (26), സി എച് മുഹമ്മദ് റംശീദ് (35) എന്നിവരെയാണ് ഇൻസ്പെക്ടർ കെ പി ഷൈനിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റുചെയ്തത്.
നീലേശ്വരം കോട്ടപ്പുറത്തെ ശരീഫ് ഇടക്കാവിൽ, കോട്ടയം കാഞ്ഞിരപ്പള്ളിയിലെ ടി എം സജി എന്നിവരെയാണ് ആറംഗ സംഘം വധിക്കാൻ ശ്രമിച്ചതെന്നാണ് കേസ്. പഴയ സ്വർണം വാങ്ങാൻ ബൽഗാമിൽ പോയിരുന്ന ഇവരുടെ കൈയിലുണ്ടായിരുന്ന ഏഴു ലക്ഷം രൂപ കർണാടകയിലെ സംഘം കബളിപ്പിച്ച് തട്ടിയെടുക്കുകയും തുടർന്ന് പണം നഷ്ടപ്പെട്ട് ബൽഗാമിൽനിന്ന് ബസിൽ മംഗ്ളൂറിൽ തിരിച്ചെത്തിയ ഇവരെ കാറിൽ തട്ടിക്കൊണ്ടുവരികയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ശേഷം ദേശീയപാതയിൽ പെരിയാട്ടടുക്കം ടയർ കടയുടെ സമീപത്തെ മൂന്നുനില കെട്ടിടത്തിന്റെ മുകളിലെ മുറിയിൽ രണ്ടുപേരെയും എത്തിച്ച് ഇരുമ്പുവടി ഉൾപ്പെടെയുള്ള മാരകായുധങ്ങൾ കൊണ്ട് ആക്രമിക്കുകയായിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്. ഇപ്പോൾ അറസ്റ്റിലായ ആറംഗ സംഘമാണ് ഏഴു ലക്ഷം നൽകി ഇരുവരെയും ബൽഗാമിലേക്ക് അയച്ചതെന്നും നഷ്ടപ്പെട്ട പണം തിരിച്ചു നൽകിയില്ലെങ്കിൽ കൊല്ലുമെന്നായിരുന്നു ഇവരുടെ ഭീഷണിയെന്നും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
വിവരത്തെ തുടർന്ന് ബേക്കൽ പൊലീസ് സംഭവസ്ഥലത്തെത്തി പരുക്കേറ്റ രണ്ടുപേരേയും രക്ഷപ്പെടുത്തുകയും പ്രതികളെ ബേക്കൽ ഡിവൈഎസ്പി വി വി മനോജിന്റെ നിർദേശപ്രകാരം പൊലീസ് സംഘം കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. മാഫിയ, ഗുണ്ടാ പ്രവർത്തനങ്ങൾ തടയുന്നതിനും സംഘടിത കുറ്റകൃത്യങ്ങൾ അമർച്ച ചെയ്യുന്നതിനുമായി ജില്ല പൊലീസ് മേധാവി ഡി ശിൽപയുടെ പ്രത്യേക നിർദേശപ്രകാരം കാസർകോട് ജില്ലയിൽ പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്.
#Bekal #Kerala #golddeal #attemptedmurder #arrest #crime #Karnataka #Balgaum #kidnapping #assault #IndiaNews