Corruption | കയ്യോടെ കുടുക്കി; കൈക്കൂലി വാങ്ങിയ എസ്‌ഐ വിജിലന്‍സ് പിടിയിൽ
ബത്തേരി: (KasargodVartha) സുൽത്താൻ ബത്തേരി (Sulthan Bathery) എസ്‌ഐ സി.എം.സാബുവിനെ വിജിലൻസ് (Vigilance) പിടിയിലാക്കി. ഒരു പരാതിക്കാരനിൽ നിന്ന് 40,000 രൂപ കൈക്കൂലി (Bribe) വാങ്ങുന്നതിനിടെയായിരുന്നു പിടിയിലായത്.
ബുധനാഴ്ചകളിൽ പൊലീസ് സ്റ്റേഷനിൽ വന്ന് ഒപ്പിടണമെന്ന കോടതി നിർദ്ദേശം തെറ്റിക്കുന്നതായി കോടതിയിൽ റിപ്പോർട്ട് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയാണ് പണം ആവശ്യപ്പെട്ടതെന്നാണ് പരാതിക്കാരൻ പറയുന്നത്. ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നെങ്കിലും ആദ്യഘട്ടമായി 40,000 രൂപ നൽകാൻ എസ്‌ഐ ആവശ്യപ്പെട്ടു.
പൊലീസ് ക്വാർട്ടേഴ്സിന് സമീപത്തു വച്ച് നടത്തിയ പരിശോധനയിൽ എസ്‌ഐ സാബുവിനെ കൈക്കൂലി പണവുമായി പിടികൂടുകയായിരുന്നു. വിജിലൻസ് ഡിവൈഎസ്പി ഷാജി വർഗീസും സംഘവുമാണ് പരിശോധന നടത്തിയത്. ഇൻസ്‌പെക്ടർ മനോഹരൻ, എസ്‌ഐ റെജി, എഎസ്‌ഐമാരായ സുരേഷ്, സതീഷ് കുമാർ എന്നിവരായിരുന്നു സംഘത്തിലുണ്ടായിരുന്നത്.
നെന്മേനി സ്വദേശിയായ പരാതിക്കാരനാണ് ഈ വിവരം വിജിലൻസിനെ അറിയിച്ചത്.