Demands | പി അനൂബിനെ സർവീസിൽ നിന്ന് തന്നെ പിരിച്ചുവിടണമെന്ന് അബ്ദുൽ സത്താറിന്റെ മകൻ; സസ്‌പെൻഡ് ചെയ്തത് കൊണ്ട് മാത്രം ന്യായമായ നീതി ലഭിക്കില്ലെന്ന് മകൻ
● പൊലീസ് പീഡനമാണ് പിതാവിന്റെ മരണത്തിന് കാരണമെന്ന ആരോപണം
● കുടുംബത്തിന്റെ വരുമാനമാർഗമായിരുന്നു ഓടോറിക്ഷ
● 'ഓടോറിക്ഷ പൊലീസ് കസ്റ്റഡിയിലെടുത്തതാണ് മരണത്തിന് കാരണം'
കാസർകോട്: (KasargodVartha) ചന്തേര സ്റ്റേഷനിലെ എസ്ഐ ആയിരുന്ന പി അനൂബിനെ സസ്‌പെൻഡ് ചെയ്തത് കൊണ്ട് മാത്രം ന്യായമായ നീതി ലഭിക്കില്ലെന്നും സർവീസിൽ നിന്ന് തന്നെ പിരിച്ചുവിടണമെന്നും മരണപ്പെട്ട ഓടോറിക്ഷ ഡ്രൈവർ അബ്ദുൽ സത്താറിന്റെ മകൻ ശെയ്ഖ് ശനീസ് ആവശ്യപ്പെട്ടു. കുടുംബത്തിന്റെ വരുമാനമാർഗമായിരുന്ന ഓടോറിക്ഷ പൊലീസ് കസ്റ്റഡിയിലെടുത്തതിന്റെ മാനസിക വിഷമമാണ് പിതാവിനെ മരണത്തിലേക്ക് നയിച്ചതെന്നും ശെയ്ഖ് ശനീസ് കാസർകോട് വാർത്തയോട് പറഞ്ഞു.
സാധാരണ പിതാവ് ആഴ്ചയിലൊരിക്കൽ സാധനങ്ങളുമായി മംഗ്ളൂരിലെ വീട്ടിൽ വരാറുണ്ട്. ഈ ആഴ്ച വന്നിരുന്നില്ല. ഫോണിൽ സംസാരിച്ചെങ്കിലും പൊലീസ് ഓടോറിക്ഷ പിടിച്ചുപോയ കാര്യം പിതാവ് കുടുംബത്തെ അറിയിച്ചിരുന്നില്ല. പിന്നീടാണ് കാര്യം അറിഞ്ഞത്. ഒരു വർഷം മുൻപാണ് ഓടോറിക്ഷ വാങ്ങിയത്. ഓടോറിക്ഷയുടെ വായ്പ അടക്കാനുണ്ടായിരുന്നു.
മംഗ്ളൂരിലെ വീടിന്റെയും പിതാവിന്റെ കാസർകോട്ടെ താമസ സ്ഥലത്തിന്റെയും വാടക കൊടുക്കാനും വീട്ടിലേക്ക് സാധനങ്ങൾ വാങ്ങാനുമൊക്കെ ആശ്രയമായിരുന്നു ഓടോറിക്ഷ. നാലഞ്ചു ദിവസമായി ഓട്ടം ഓടാനാവാത്തതിൽ പിതാവ് വിഷമത്തിലായിരുന്നു. നിസ്‌കാരവും ഖുർആൻ പാരായണമൊക്കെയായി മതചിട്ട മുറുകെ പിടിച്ചിരുന്ന പിതാവിന്റെ മരണം കുടുംബത്തെ ഞെട്ടിച്ചുവെന്നും മകൻ കൂട്ടിച്ചേർത്തു.
നേരത്തെ അബ്ദുൽ സത്താറിന്റെ കുടുംബവുമായി നിലമ്പൂർ എംഎൽഎ പി വി അൻവർ കൂടിക്കാഴ്ച നടത്തിയിരുന്നു. അബ്ദുൽ സത്താറിന്റെ മകന്‍ ശെയ്ഖ് ശനീസും ഒപ്പമുണ്ടായിരുന്നു. പൊലീസ് ഉദ്യോഗസ്ഥനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും കുടുംബം പി വി അൻവറിന് മുന്നിലടക്കം ആവശ്യപ്പെട്ടിട്ടുണ്ട്.
നിസാര പ്രശ്‌നത്തിന്റെ പേരിൽ പൊലീസ് കസ്റ്റഡിയിലെടുത്ത ഓടോറിക്ഷ വിട്ടുനല്‍കാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ തിങ്കളാഴ്ചയാണ് അബ്ദുൽ സത്താറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടര്‍ന്ന് ആരോപണ വിധേയനായ എസ്‌ഐ അനൂബിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.
#KasaragodNews #KeralaPolice #JusticeForAbdulSathar #PoliceBrutality #Suicide #Investigation