Verdict | 24-ാം വയസിൽ വധശിക്ഷ; 'ഷാരോണിനെ ചതിച്ച ഗ്രീഷ്മയ്ക്ക്' തൂക്കുകയർ വിധിച്ച് കോടതി

● 10 വർഷവും തെളിവ് നശിപ്പിക്കലിന് അഞ്ച് വർഷവും തടവ് ശിക്ഷയും കോടതി വിധിച്ചിട്ടുണ്ട്.
● കേസിൽ ഗ്രീഷ്മയുടെ അമ്മാവൻ നിർമൽ കുമാറിന് മൂന്ന് വർഷം തടവും ലഭിച്ചു.
● ഷാരോൺ അനുഭവിച്ചത് വലിയ വേദനയാണെന്നും കോടതി നിരീക്ഷിച്ചു.
തിരുവനന്തപുരം: (KasargodVartha) പാറശ്ശാല ഷാരോൺ വധക്കേസിൽ നിർണായക വിധി പ്രസ്താവിച്ച് നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി. ഒന്നാം പ്രതി ഗ്രീഷ്മയ്ക്ക് കോടതി തൂക്കുകയർ ശിക്ഷയാണ് വിധിച്ചത്. കൊലപാതകം, കൊലപാതക ശ്രമത്തോടുകൂടിയ തട്ടിക്കൊണ്ടുപോകൽ, തെളിവ് നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ഗ്രീഷ്മക്കെതിരെ ചുമത്തിയിരുന്നത്. 10 വർഷവും തെളിവ് നശിപ്പിക്കലിന് അഞ്ച് വർഷവും തടവ് ശിക്ഷയും കോടതി വിധിച്ചിട്ടുണ്ട്. കേസിൽ ഗ്രീഷ്മയുടെ അമ്മാവൻ നിർമൽ കുമാറിന് മൂന്ന് വർഷം തടവും ലഭിച്ചു. ഇന്ത്യൻ ശിക്ഷാ നിയമം 201 പ്രകാരമാണ് ഇയാൾക്കെതിരെ (തെളിവ് നശിപ്പിക്കൽ) ശിക്ഷ വിധിച്ചിരിക്കുന്നത്.
പ്രതിയുടെ പ്രായം കണക്കിലെടുക്കുന്നില്ലെന്നും സ്നേഹിക്കുന്ന ഒരാളെയും വിശ്വസിക്കാൻ കൊള്ളില്ലെന്ന സന്ദേശമാണ് ഈ കേസ് സമൂഹത്തിന് നൽകുന്നതെന്നും കോടതി വിധി പ്രസ്താവനത്തിൽ വ്യക്തമാക്കി. ഷാരോൺ അനുഭവിച്ചത് വലിയ വേദനയാണെന്നും കോടതി നിരീക്ഷിച്ചു. ഇത്തരം കേസുകളിൽ പരമാവധി ശിക്ഷ നൽകരുത് എന്ന് നിയമത്തിൽ പറയുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഗ്രീഷ്മയുടെ ക്രിമിനൽ പശ്ചാത്തലമില്ല എന്ന വാദം കോടതി അംഗീകരിച്ചില്ല. കാരണം ഗ്രീഷ്മ ഇതിനുമുമ്പും വധശ്രമം നടത്തിയിട്ടുണ്ട് എന്ന് കോടതി കണ്ടെത്തി.
ഗ്രീഷ്മ വീണ്ടും വീണ്ടും കുറ്റകൃത്യം ചെയ്തു എന്ന് കോടതി വിലയിരുത്തി. ആദ്യം ജ്യൂസ് ചലഞ്ച് എന്ന രീതിയിൽ ഷാരോണിനെ വിഷം കൊടുത്ത് കൊല്ലാൻ ശ്രമിച്ചു. പിന്നീട് കഷായത്തിൽ വിഷം കലർത്തി കൊലപാതകം നടത്തി. ഷാരോൺ തന്നെ ശാരീരികമായി ഉപദ്രവിച്ചു എന്ന ഗ്രീഷ്മയുടെ വാദം തെറ്റാണെന്നും കോടതി കണ്ടെത്തി.
കുറ്റകൃത്യം ചെയ്തതിനുശേഷവും അവസാന നിമിഷം വരെ പിടിച്ചുനിൽക്കാനുള്ള ഗ്രീഷ്മയുടെ കൗശലം വിജയിച്ചില്ല. ഷാരോൺ ഗ്രീഷ്മയുടെ പ്രണയത്തിൽ അന്ധനായിരുന്നുവെന്നും കോടതി കൂട്ടിച്ചേർത്തു. കൊലപാതക പദ്ധതി ഷാരോണിന് അറിയില്ലായിരുന്നു. സ്നേഹിക്കുന്ന ഒരാളെ ചതിച്ചത് സമൂഹത്തിന് നല്ല സന്ദേശമല്ല നൽകുന്നത് എന്ന് കോടതി അഭിപ്രായപ്പെട്ടു. ഇര പൂർണമായും നിഷ്കളങ്കനായിരുന്നു എന്നും വിധി പ്രസ്താവനയിൽ പറയുന്നു.
24 വയസ് മാത്രമാണ് പ്രായമെന്നും എംഎ ഇംഗ്ലീഷ് സാഹിത്യത്തിൽ ഡിസ്റ്റിങ്‌ഷൻ നേടിയ തനിക്ക് തുടർന്നു പഠിക്കണമെന്നും ഗ്രീഷ്മ മുമ്പൊരിക്കൽ ജഡ്ജിയോട് നേരിട്ട് അഭ്യർഥിച്ചിരുന്നു. എന്നാൽ വെറും 24 വയസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരിക്കുകയാണ് ഇപ്പോൾ. ശിക്ഷാ ഇളവ് തേടി മേൽക്കോടതിയെ സമീപിക്കാനും സാധ്യതയുണ്ട്.
കന്യാകുമാരി ജില്ലയിലെ രാമവർമ്മചിറ സ്വദേശിനിയാണ് ഗ്രീഷ്മ. ഷാരോണും ഗ്രീഷ്മയും തമ്മിൽ പ്രണയത്തിലായിരുന്നു. എന്നാൽ മറ്റൊരു വിവാഹം ഉറപ്പിച്ചതോടെ ഷാരോണുമായുള്ള ബന്ധം അവസാനിപ്പിക്കാൻ ഗ്രീഷ്മ തീരുമാനിച്ചു. തമിഴ്നാട്ടുകാരനായ ഒരു സൈനികന്റെ വിവാഹാലോചന വന്നതോടെ ഒന്നര വർഷത്തിലേറെ പ്രണയിച്ച ഷാരോണിനെ ഒഴിവാക്കാൻ ഗ്രീഷ്മ തീരുമാനിച്ചത് കൊലപാതകത്തിൽ കലാശിച്ചു.
2022 ഒക്ടോബർ 14ന് ഷാരോൺ ഗ്രീഷ്മയുടെ വീട്ടിൽ പോയിരുന്നു. അവിടെ വെച്ച് വേദന കുറയ്ക്കുന്നതിനുള്ള കഷായമാണെന്ന് പറഞ്ഞ് ഗ്രീഷ്മ ഷാരോണിന് വിഷം കലർത്തിയ കഷായം നൽകി. കഷായത്തിന്റെ കയ്പ് കാരണം മാങ്ങാ ജ്യൂസും നൽകി. വീട്ടിൽ നിന്ന് മടങ്ങിയ ഷാരോണിന് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടു. തുടർന്ന് പാറശാല സർക്കാർ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
രക്തപരിശോധനയിൽ കാര്യമായ പ്രശ്നങ്ങളില്ലെന്ന് കണ്ടതിനെ തുടർന്ന് വീട്ടിലേക്ക് തിരിച്ചയച്ചു. എന്നാൽ ഒക്ടോബർ 15ന് ഷാരോണിന്റെ ആരോഗ്യനില കൂടുതൽ മോശമായി. വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഒക്ടോബർ 25ന് ഷാരോൺ മരണത്തിന് കീഴടങ്ങി. ആന്തരിക അവയവങ്ങളുടെ തകരാറാണ് മരണകാരണമെന്ന് ഡോക്ടർമാർ കണ്ടെത്തി. ഷാരോണിന്റെത് ആസൂത്രിത കൊലപാതകമാണെന്ന് കുടുംബം ആരോപിച്ചതിനെ തുടർന്ന് കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറുകയായിരുന്നു.
കേസിൽ പ്രതിശ്രുത വരൻ ഉൾപ്പെടെ 68 സാക്ഷികളാണ് ഉണ്ടായിരുന്നത്. വിചാരണയുടെ വിവിധ ഘട്ടങ്ങളിലായി പ്രതികൾക്കെതിരെ 95 സാക്ഷികളെ വിസ്തരിച്ചു. പ്രോസിക്യൂഷൻ കോടതിയിൽ 323 രേഖകളും 51 തൊണ്ടിമുതലുകളും ഹാജരാക്കിയിരുന്നു. കേസിൽ ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെ കോടതി കഴിഞ്ഞ ദിവസം വെറുതെ വിട്ടിരുന്നു.
#SharonMurderCase #GreeshmaSentenced #KeralaNews #CourtVerdict #DeathSentence #CrimeNews