Allegation | 'കുടിവെള്ളം കൊണ്ടുപോകുന്ന ലോറിയിൽ കക്കൂസ് മാലിന്യം നീക്കാൻ ശ്രമം'; വാഹനം പൊലീസ് പിടികൂടി; റോഡിലേക്ക് ഒഴുക്കുന്നതായി കലക്ടർക്ക് നൽകിയ പരാതിയിലും അന്വേഷണം
● വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു.
● എരിയാലിലാണ് സംഭവം.
● വിലേജ് ഓഫീസർ അന്വേഷണം ആരംഭിച്ചു.
മൊഗ്രാൽ പുത്തൂർ: (KasargodVartha) കുടിവെള്ളം കൊണ്ടുപോകുന്ന ലോറിയിൽ കക്കൂസ് മാലിന്യം നീക്കാൻ ശ്രമമെന്ന് പരാതി. വാഹനം പൊലീസ് പിടികൂടി. മാലിന്യം റോഡിലേക്ക് ഒഴുക്കുന്നതിൽ കലക്ടർക്ക് നൽകിയ പരാതിയിൽ വിലേജ് ഓഫീസറും അന്വേഷണം ആരംഭിച്ചു.
എരിയാലിലാണ് സംഭവം. ജലീൽ എന്നയാളുടെ ആറ് ക്വാർടേഴ്സുകളിൽ നിന്നും റോഡിലേക്ക് കക്കൂസ് മാലിന്യം ഒഴുക്കിവിട്ടുവെന്ന് ആരോപിച്ച് പ്രദേശവാസികൾ പരാതി ഉന്നയിച്ചതിനെ തുടർന്നാണ് ഉടമ മാലിന്യം കുടിവെള്ളം കൊണ്ടു പോകുന്ന ലോറിയിൽ നീക്കാനുള്ള ശ്രമം നടത്തിയതെന്നാണ് പറയുന്നത്.
പ്രദേശവാസികൾ വിവരം നൽകിയതിൻ്റെ അടിസ്ഥാനത്തിൽ സ്ഥലത്തെത്തിയ പൊലീസ് ലോറി കസ്റ്റഡിയിലെടുക്കുകയായിരുന്നു. മാലിന്യം റോഡിൽ ഒഴുക്കിയതിനെതിരെ പ്രദേശവാസികൾ കലക്ടർക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കുഡ്‌ലു വിലേജ് ഓഫീസർ ജയപ്രകാശ് ആചാര്യ എം ബി സ്ഥലത്തെത്തി അന്വേഷണം നടത്തി.
ആറ് കുടുംബാംഗളാണ് ഈ ക്വാർടേഴ്സുകളിൽ താമസിച്ചു വന്നത്. ഇതിൽ അഞ്ച് ക്വാർടേഴ്‌സിലും അതിഥി തൊഴിലാളികളാണ് തിങ്ങി ഞെരുങ്ങി കഴിഞ്ഞു വന്നത്. ഒരു ക്വാർടേഴ്‌സിൽ മലയാളി കുടുംബമാണ് ഉള്ളത്. പ്രശ്നം ഉണ്ടായതോടെ മൂന്ന് കുടുംബങ്ങളെ ഇവിടെ നിന്നും താമസം ഒഴിപ്പിച്ചിട്ടുണ്ട്.
ബാക്കിയുള്ള മൂന്ന് കുടുംബങ്ങളെ കൂടി ചൊവ്വാഴ്ച താമസം മാറ്റുമെന്ന് ക്വാർടേഴ്സ് ഉടമ അറിയിച്ചിട്ടുണ്ടെന്നും അതിന് ശേഷം കലക്ടർക്ക് റിപോർട് നൽകുമെന്നും വിലേജ് ഓഫീസർ കാസർകോട് വാർത്തയോട് പ്രതികരിച്ചു. പഴകിയ കെട്ടിടം പൊളിച്ചുനീക്കുമെന്ന് ക്വാർടേഴ്സ് ഉടമ വിലേജ് ഓഫീസറെ ബോധിപ്പിച്ചിട്ടുണ്ട്.
#Kerala #Kasargod #pollution #sewage #drinkingwater #health #investigation