അധ്യാപകൻ കുട്ടികളെ മാനസികമായി പീഡിപ്പിക്കുന്നുവെന്ന് പരാതി; ചള്ളങ്കയം സ്കൂളിൽ പ്രതിഷേധം
● കായിക മത്സരങ്ങളിൽ പങ്കെടുപ്പിക്കാതെ വിദ്യാർഥികളെ ക്ലാസ് മുറിയിൽ അടച്ചിടുന്നു
● പ്രാഥമികാവശ്യങ്ങൾക്ക് പോലും വിദ്യാർഥികളെ പുറത്തുപോകാൻ അനുവദിക്കുന്നില്ല.
● രണ്ട് വർഷം മുമ്പ് ട്രെയിൻ യാത്രയ്ക്കിടെ ടി.ടി.ആറിനെ മർദിച്ച് ● ഒളിവിൽ പോയ ക്രിമിനൽ പശ്ചാത്തലമുള്ള അധ്യാപകനാണ് ഇദ്ദേഹം.
● അധ്യാപകൻ്റെ മോശം പെമറ്റം കാരണം കുട്ടികളുടെ കൊഴിഞ്ഞുപോക്ക് വർധിച്ചു.
ചള്ളങ്കയം: (KasargodVartha) എം.ഐ.എ.എൽ.പി. സ്കൂളിൽ കഴിഞ്ഞ 20 വർഷത്തോളമായി ജോലി ചെയ്തുവരുന്ന അധ്യാപകനെതിരെ ഗുരുതര ആരോപണങ്ങളുമായി വിദ്യാർഥികളും, രക്ഷിതാക്കളും, സ്കൂൾ മാനേജ്‌മെന്റ് കമ്മിറ്റിയും രംഗത്തെത്തി.
സ്കൂളിലെ രണ്ടാം ക്ലാസ് അധ്യാപകൻ്റെ മോശമായ പെരുമാറ്റം മൂലം കഴിഞ്ഞ കുറെ വർഷങ്ങളായി വിദ്യാർഥികൾ മാനസിക പ്രയാസങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുകയാണെന്നാണ് പരാതി.
കായിക മത്സരങ്ങൾ അടക്കമുള്ള സ്കൂളിലെ പ്രധാന പരിപാടികൾക്ക് വിദ്യാർഥികളെ പങ്കെടുപ്പിക്കാൻ അനുവദിക്കാതെ വാതിൽ അടച്ച് ക്ലാസ്‌റൂമിനകത്ത് ഇരുത്തുകയും, ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുവെന്ന് പരാതിയിൽ പറയുന്നു.
പ്രാഥമികാവശ്യം നിറവേറ്റാൻ പോലും വിദ്യാർഥികളെ അനുവദിക്കുന്നില്ലെന്നാണ് ആക്ഷേപം. ഇത് മൂലം വിദ്യാർഥികൾ ക്ലാസ്‌റൂമിൽ തന്നെ മൂത്രമൊഴിക്കുന്ന സാഹചര്യം വരെ സ്കൂളിൽ ഉണ്ടായതായും പറയുന്നു.
2022-ൽ ട്രെയിൻ യാത്ര ചെയ്യുമ്പോൾ ടിക്കറ്റ് എടുക്കാത്തത് കാരണം ടി.ടി.ആറിന്റെ പരിശോധനയിൽ കുടുങ്ങിയ ഈ അധ്യാപകൻ റെയിൽവേ ഉദ്യോഗസ്ഥനെ മർദിക്കുകയും, പിന്നീട് ഒളിവിൽ പോവുകയും ചെയ്തിരുന്നു. ഇദ്ദേഹം ഒന്നര മാസം സ്കൂളിൽ ഹാജരായിരുന്നില്ല. എന്നിട്ടും ഇദ്ദേഹത്തിനെതിരെ വകുപ്പുതല നടപടികളൊന്നും ഉണ്ടായതുമില്ല.

രക്ഷിതാക്കളോടും വിദ്യാർഥികളോടും മോശമായി പെരുമാറുകയും അപമര്യാദയോടെ സംസാരിക്കുകയും ചെയ്യുക എന്നത് അധ്യാപകന്റെ ശൈലിയാണെന്ന് സ്കൂൾ മാനേജർ അബ്ദുല്ലയും, പൊതുപ്രവർത്തകനും രക്ഷിതാവുമായ മുഹമ്മദ് ഡി.എയും പറയുന്നു.
ക്ലാസ് സമയങ്ങളിൽ അധ്യാപന കാര്യങ്ങളിൽ തീരെ ശ്രദ്ധിക്കാറുമില്ല. ക്രിമിനൽ പശ്ചാത്തലമുള്ള ഈ അധ്യാപകൻ കാരണം സ്കൂളിലേക്ക് വിദ്യാർഥികളെ അയക്കാൻ രക്ഷിതാക്കൾ ഇപ്പോൾ മടിക്കുന്നു. ഇത് മൂലം കുട്ടികളുടെ കൊഴിഞ്ഞുപോക്ക് വർധിച്ചതായും പറയുന്നു. മറ്റുള്ള അധ്യാപകർ കുട്ടികൾക്ക് സ്പോർട്സ് പരിശീലനം നൽകുമ്പോൾ ഈ അധ്യാപകൻ കുട്ടികളെ തടഞ്ഞുവെക്കുകയാണ് ചെയ്യുന്നത്.
അധ്യാപകനെതിരെ സ്കൂൾ മാനേജ്‌മെന്റ് ബന്ധപ്പെട്ടവർക്ക് പരാതി നൽകിയിട്ടും നടപടി സ്വീകരിക്കാത്തതിനെതിരെ രക്ഷിതാക്കളുടെയും വിദ്യാർഥികളുടെയും നേതൃത്വത്തിൽ നാട്ടുകാർ സംഘടിച്ച് സ്കൂളിലേക്ക് കഴിഞ്ഞദിവസം പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചിരുന്നു. ബദിയടുക്ക പോലീസ് എത്തി സമരക്കാരെ തടഞ്ഞു.
ആരോപണവിധേയനായ അധ്യാപകനെതിരെ അന്വേഷണങ്ങൾ നടത്തി വേണ്ട നടപടികൾ സ്വീകരിച്ച് വിദ്യാർഥികളുടെ സുഗമമായ പഠനത്തിനുള്ള അവസരം ഒരുക്കേണ്ടത് അത്യാവശ്യമാണെന്ന് സ്കൂൾ മാനേജ്‌മെന്റ് കമ്മിറ്റിയും രക്ഷിതാക്കളും ആവശ്യപ്പെടുന്നുണ്ട്. ഇത് സംബന്ധിച്ച് സ്കൂൾ അധികൃതർക്കും, വകുപ്പുതല ഉദ്യോഗസ്ഥർക്കും, വിദ്യാഭ്യാസ മന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്.
ഇതുമായി ബന്ധപ്പെട്ട് ബന്ധപ്പെട്ടവർ പരിശോധനയ്ക്ക് എത്തുമ്പോൾ കൂടുതൽ തെളിവുകളും സാക്ഷ്യങ്ങളും നൽകാൻ രക്ഷിതാക്കൾ തയ്യാറാണെന്നും പറയുന്നു. രക്ഷിതാക്കൾ ഒപ്പ് വെച്ച പരാതികൾ സ്കൂൾ എച്ച്.എം.നും, മാനേജ്‌മെന്റിനും, മഞ്ചേശ്വരം എ.ഇ.ഒ., കാസർകോട് ഡി.ഇ.ഒ., ഡി.ഡി.ഇ., വിദ്യഭ്യാസ വകുപ്പ് മന്ത്രി എന്നിവർക്കാണ് നൽകിയത്.
ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്?
Article Summary: Allegations against Challankayam MIALP school teacher, K V Jayaprakash, by students, parents, and management for misbehavior and mental distress.
#KeralaNews #TeacherAllegations #Kasargod #Challankayam #EducationScandal #StudentSafety






