Arrested | ഗൂഗിൾ മാപ് നോക്കി കോടതികളും പോസ്റ്റ് ഓഫീസുകളും കണ്ടെത്തി കക്കാൻ ഇറങ്ങും; കണ്ണ് തൊണ്ടിമുതലുകളിൽ; കാസർകോടിനെ ഞെട്ടിച്ച മോഷ്ടാവ് ഒടുവിൽ അറസ്റ്റിൽ
കാസർകോട്: (KasargodVartha) വിദ്യാനഗറിലെ ജില്ലാ കോടതി സമുച്ചയത്തിൽ മോഷണശ്രമം നടത്തുകയും സമീപത്തെ സ്‌കൂളിൽ നിന്നും തടിമിലിൽ നിന്നും പണം കവരുകയും ചെയ്താവ് മോഷ്ടാവ് അറസ്റ്റിലായി. കോഴിക്കോട് സ്വദേശിയായ സനീഷ് ജോർജ് എന്ന സനിലിനെയാണ് അങ്കമാലിയിൽ നിന്ന് അറസ്റ്റ് ചെയ്തതെന്ന് കാസർകോട് ജില്ലാ പൊലീസ് മേധാവി പി ബിജോയ് വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ജില്ലാ പൊലീസ് മേധാവി പറഞ്ഞത്:
'ഞായറാഴ്ച പുലർച്ചെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ജില്ലാ കോടതി സമുച്ചയത്തിൽ രേഖകൾ സൂക്ഷിക്കുന്ന റെകോർഡ് മുറിയുടെ പൂട്ടുൾപ്പെടെ തകർത്ത കള്ളൻ, ശബ്ദം കേട്ട് സുരക്ഷാജീവനക്കാർ എത്തിയപ്പോൾ ഓടിരക്ഷപ്പെടുകയായിരുന്നു. കയ്യിൽ കമ്പിപ്പാരയുമായാണ് ഇയാൾ വന്നിരുന്നത്. തുടർന്ന് സമീപത്തെ തൻബീഹുൽ ഇസ്‌ലാം ഹയർസെകൻഡറി സ്‌കൂൾ ഓഫീസിലും കയറി. 500 രൂപയാണ് ഇവിടെ നിന്ന് കവർന്നത്.
അവിടെ നിന്നും ഇറങ്ങിയപ്പോൾ നല്ല മഴയുണ്ടായിരുന്നത് കാരണം അടുത്തുള്ള വീട്ടിൽ നിന്നും ഒരു മഴക്കോട്ട് കൈക്കലാക്കി. അത് എടുത്ത് ഇട്ട് ചെർക്കളയിലേക്ക് നടന്നു പോകുന്നതിനിടെയാണ് വഴിയരികിലെ ന്യൂ വെസ്റ്റേൺ മരമില്ലിൽ കയറിയത്. പൂട്ടുപൊളിച്ച് അകത്ത് കടന്ന് മേശവലിപ്പിൽ സൂക്ഷിച്ചിരുന്ന 1,84,000 രൂപ കവർന്നു. ശേഷം സ്കൂളിൽ നിന്നും വസ്ത്രം മാറി, അഴിച്ച വസ്ത്രം അവിടെ കളഞ്ഞു. രാവിലെ 5.20 സുള്ള കെഎസ്ആർടിസി ബസിൽ നാട്ടിലേക്കു പോയി.
ഹൊസ്ദുർഗ്, നീലേശ്വരം, ചോമാല, പഴയങ്ങാടി, കൊയിലാണ്ടി, പാലക്കാട് കസബ്, ധർമടം, വെള്ളമുണ്ട, സുൽത്താൻ ബത്തേരി, നാദാപുരം എന്നീ പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്‌ത 12 മോഷണങ്ങൾക്ക് പിന്നിലും താനാണെന്ന് യുവാവ് മൊഴി നൽകിയിട്ടുണ്ട്. ഇതിൽ വിവിധ കോടതികളിലും പോസ്റ്റ് ഓഫീസുകളിലും നടന്ന മോഷണങ്ങളും ഉൾപെടും.
മെയ് 16ന് ഹൊസ്ദുർഗ് മുൻസിഫ് കോടതിയിൽ നടന്ന മോഷണ ശ്രമമാണ് ഹൊസ്ദുർഗിൽ ഇയാൾക്കെതിരെയുള്ള കേസ്. ജൂലൈ 24ന് നീലേശ്വരം മൂന്നാംകുറ്റി എന്ന സ്ഥലത്തള്ള ബീവറേജസ് കോർപറേഷൻ ഔട് ലെറ്റിന്റെ ഓഫീസ് മുറിയിൽ നിന്നും 10,720 രൂപയും, സിസിടിവിയുടെ ഡിവിആറും മോഷ്ടിക്കുകയും സിസിടിവി കാമറകൾ നശിപ്പിക്കുകയും ചെയ്തതിനാണ് നീലേശ്വരം പൊലീസ് കേസെടുത്തിട്ടുള്ളത്.
ഗൂഗിൾ മാപ് നോക്കി കോടതികളും പോസ്റ്റ് ഓഫീസുകളും കണ്ടെത്തി കക്കാൻ ഇറങ്ങുന്നതാണ് ഇയാളുടെ രീതി. ഒരിക്കൽ കോടതിയിൽ മോഷ്ടിക്കാൻ കയറിയപ്പോൾ തൊണ്ടിമുതലായി അവിടെ ഉണ്ടായിരുന്ന നാല് പവൻ സ്വർണം ലഭിച്ചിരുന്നു. ഇതോടെയാണ് കോടതികളെ ലക്ഷ്യം വെക്കാൻ തുടങ്ങിയത്. മോഷണ കുറ്റത്തിന് നേരത്തെ രണ്ടുതവണ ജയിലിലും കിടന്നിട്ടുണ്ട്. സിസിടിവി കാമറ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണമാണ് പ്രതിയിലേക്ക് എത്താൻ സഹായിച്ചത്.
വിദ്യാനഗർ ഇൻസ്പെക്ടർ യു പി വിപിന്റെ നേതൃത്വത്തിൽ, വി രാമകൃഷ്ണൻ, വിജയൻ മേലത്ത്, സി സി ബിജു, പി നാരായണൻ, വി കെ പ്രസാദ്, അബ്ദുൽ സലാം, പി റോജൻ, എം ടി രജീഷ്, കെ സി ഷിനോയ്, വി വി ശ്യാംചന്ദ്രൻ, ഗണേഷ് കുമാർ, കെ വി അജിത്ത്, ഹരിപ്രസാദ് എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്'.
#KeralaCrime #Kasaragod #Theft #Arrest #SerialThief #India